നിയമനം

ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍
റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന എം. നന്ദകുമാറിന് കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണറുടെ പൂര്‍ണ അധിക ചുമതല നല്‍കി.

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃശ്ശൂര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (ശമ്പളസ്‌കെയില്‍ 20740-36140), സീനിയര്‍ സൂപ്രണ്ട് (ശമ്പള സ്‌കെയില്‍ 18740-33680) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസിലെ സമാന ശമ്പള സ്‌കെയിലിലുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 20 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0487 - 2386871.

റോട്ടറി ഇന്റര്‍നാഷണല്‍ ഫോര്‍ ദി സേക്ക് ഓഫ് ഓണര്‍ പുരസ്‌കാരം ജയകുമാറിന്

കൊച്ചി: റോട്ടറി ഇന്റര്‍നാഷണലിന്റെ 'ഫോര്‍ ദി സേക്ക് ഓഫ് ഓണര്‍' പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ. ജയകുമാറിന്. സിവില്‍ സര്‍വീസ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ മികവുറ്റ സംഭാവനകള്‍ക്കുമാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ നാലിന് വൈകീട്ട് മറൈന്‍ ഡ്രൈവിലെ ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ജില്ലാ ഗവര്‍ണര്‍ വി. രാജ്കുമാര്‍ പുരസ്‌കാരം നല്‍കും. എറണാകുളം റോട്ടറി ക്ലബ്ബിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ചേരാനെല്ലൂരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ ജില്ല പ്രസിഡന്റ് കെ.ജി. ശ്രീജിത്ത്, സെക്രട്ടറി പി.വി. അജിത്ത് കുമാര്‍, ഇ.ജെ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

സി.എം. ദേവസ്സി സ്മാരക പുരസ്‌കാരം എസ്. മുരുകനും വി.കെ. സുഭാഷിനും

കൊച്ചി: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും എന്‍.സി.പി. ജില്ലാ പ്രസിഡന്റുമായിരുന്ന സി.എം. ദേവസ്സിയുടെ സ്മരണയ്ക്കായുള്ള അവാര്‍ഡ് രണ്ടുപേര്‍ക്ക്. തെരുവോര പ്രവര്‍ത്തകന്‍ എസ്. മുരുകന് മാനവ സേവാ അവാര്‍ഡും കാന്‍ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'ഛായ' എന്ന സിനിമയുടെ ഛായാഗ്രഹകനും സംവിധായകനുമായ വി.കെ. സുഭാഷിന് കലാസപര്യ അവാര്‍ഡുമാണ് നല്‍കുക. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സി.എം. ദേവസ്സിയുടെ രണ്ടാം ചരമവാര്‍ഷികമായ ജനവരി 28ന് മാലിപ്പുറത്ത് അവാര്‍ഡുകള്‍ സമ്മാനിക്കും. വൈപ്പിന്‍ പ്രതികരണ വേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓപ്പണ്‍ സ്‌കൂളിങ് പ്രത്യേക പ്രാക്ടിക്കല്‍ പരീക്ഷ

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ പ്രത്യേക പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. വിദ്യാര്‍ഥികള്‍ നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രത്യേക പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്ന കേന്ദ്രങ്ങളില്‍ തങ്ങളുടെ ഹാള്‍ടിക്കറ്റ് ഹാജരാക്കി പേര് നല്‍കണം. വിവരങ്ങള്‍ക്ക് 0484-2335714 എന്ന ഫോണ്‍ നമ്പരിലും rckochi@nios.ac.inഎന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

സര്‍ട്ടിഫിക്കറ്റുകളില്‍ ഉദ്യോഗസ്ഥരുടെ വിവരം നിര്‍ബന്ധമാക്കും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും സര്‍ട്ടിഫിക്കറ്റുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നിര്‍ബന്ധമാക്കി. കെട്ടിടനിര്‍മ്മാണാനുമതി/കെട്ടിട നമ്പര്‍/ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാരിലേക്ക് അയയ്ക്കുന്ന കത്തിടപാടുകള്‍ എന്നിവയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ഓഫീസ് ലാന്‍ഡ്‌ഫോണ്‍/മൊബൈല്‍ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാകുന്നവിധം സീല്‍ പതിക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആധാരമായ കുറിപ്പ്ഫയലുകളിലും സീല്‍ നിര്‍ബന്ധമായി പതിച്ചിരിക്കണം. സര്‍ക്കാര്‍തലത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത് പരിശോധന നടത്തും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നും തദ്ദേശഭരണ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പിന്നാക്കക്ഷേമ നിയമസഭാസമിതി യോഗം

കേരള നിയമസഭയുടെ പിന്നാക്കസമുദായ ക്ഷേമസമിതി നവംബര്‍ ആറിന് രാവിലെ 11ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച നിവേദനങ്ങള്‍ സ്വീകരിക്കും. പിന്നാക്ക സമുദായക്കാര്‍ നേരിടുന്ന വിദ്യാഭ്യാസപരവും സാമൂഹികപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സമിതി ഹര്‍ജികള്‍/നിവേദനങ്ങള്‍ സ്വീകരിക്കും.
പി.എസ്.സി. മുഖേന നിയമനം നടത്തുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകള്‍ ഉയര്‍ത്തിയതിനാല്‍ പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരിലുള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായ വിഷമതകള്‍ സംബന്ധിച്ചും സമിതിക്ക് ഹര്‍ജികളും നിവേദനങ്ങളും സമര്‍പ്പിക്കാം.

29-Nov-2015