പുനര്‍മൂല്യനിര്‍ണയം: അപേക്ഷ ക്ഷണിച്ചു

ജൂലായില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത ട്രെയിനികള്‍ക്ക് എഴുത്ത് പരീക്ഷയില്‍ റീ-കൗണ്ടിങ്ങിന് നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തോറ്റുപോയ വിഷയത്തിന് പത്ത് രൂപയും വിജയിച്ച വിഷയത്തിന് 25 രൂപയുമാണ് ഫീസ്. റീ-കൗണ്ടിങ്ങിന് വേണ്ടി 0230-എല്‍ ആന്‍ഡ് ഇ-00800-അദര്‍ റസീപ്റ്റ്‌സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ഫീസിനത്തില്‍ ഒടുക്കണം. പൂരിപ്പിച്ച അപേക്ഷ ചെലാന്‍ സഹിതം ഡിസംബര്‍ ഏഴിന് മുന്‍പ് ഗവണ്‍മെന്റ്/ പ്രൈവറ്റ് ഐ.ടി.ഐ. പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയിരിക്കണം. അപേക്ഷകളുടെ മാതൃക ഗവണ്‍മെന്റ്/ പ്രൈവറ്റ് ഐ.ടി.ഐകളില്‍ നിന്നും www.det.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

കേസരി മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കേസരി രാഷ്ട്രസേവാ, രാഘവീയം പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് രാഷ്ട്രസേവാ പുരസ്‌കാരം നല്‍കുക. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഇത്. പത്രപ്രവര്‍ത്തനരംഗത്ത് 20 വര്‍ഷത്തെ പരിചയമുള്ളവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പേരു നിര്‍ദേശിക്കാം. യുവ പ്രതിഭകള്‍ക്കാണ് 'രാഘവീയം' പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഈ അവാര്‍ഡിന് മൂന്നുവര്‍ഷത്തെ പരിചയമുള്ളവരെയാണ് പരിഗണിക്കുക.

ഒരു വര്‍ഷത്തിനകം പ്രസിദ്ധീകരിച്ച സാമൂഹിക സേവന-ജീവകാരുണ്യ രംഗം സംബന്ധിച്ച റിപ്പോര്‍ട്ടും ഫീച്ചറുമാണ് പരിഗണിക്കുക. ചെറുജീവചരിത്ര കുറിപ്പ്, സാക്ഷ്യപത്രം, പ്രായം, പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളും ഇതോടൊപ്പം അയയ്ക്കണം. മാനേജിങ് ട്രസ്റ്റി, കേസരി വാരിക, സ്വസ്തിദിശ, ചാലപ്പുറം, കോഴിക്കോട്, 673002 എന്ന വിലാസത്തില്‍ ഡിസംബര്‍ 25-നകം അപേക്ഷ ലഭിക്കണമെന്ന് മാനേജിങ് ട്രസ്റ്റി അറിയിച്ചു.

25-Nov-2015