പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ പ്രോഗ്രാമര്‍ (കാറ്റഗറി നമ്പര്‍: 441/2009) തസ്തികയിലേക്കുള്ള പരീക്ഷ ഏപ്രില്‍ 23 ന് രാവിലെ 11 മുതല്‍ 12.15 വരെ നടത്തും. രജിസ്റ്റര്‍ നമ്പര്‍ 100001 മുതല്‍ 100355 വരെ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്. ചാല, തിരുവനന്തപുരം പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നവര്‍ ഗവണ്‍മെന്റ് എച്ച്.എസ്. വാഴമുട്ടത്താണ് പരീക്ഷ എഴുതേണ്ടത്. രജിസ്റ്റര്‍ നമ്പര്‍ 100356 മുതല്‍ 100573 വരെയുള്ളവര്‍ ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസ്. പുതുപ്പള്ളി, കോട്ടയം എന്ന കേന്ദ്രത്തിന് പകരം ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. ത്രിക്കോതമംഗലം, പുതുപ്പള്ളി (വഴി) കോട്ടയത്തും രജിസ്റ്റര്‍ നമ്പര്‍ 100574 മുതല്‍ 100855 വരെയുള്ള ഗവണ്‍മെന്റ് ജി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ, എറണാകുളം എന്നതിന് പകരം ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. മാംഗയില്‍, മരട്, എറണാകുളത്തും പരീക്ഷ എഴുതണം. രജിസ്റ്റര്‍ നമ്പര്‍ 100856 മുതല്‍ 101077 വരെയുള്ള ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ്. (എച്ച്.എസ്. വിഭാഗം) കോഴിക്കോട് എന്നതിന് പകരം ജി.എച്ച്.എസ്.എസ്. കുണ്ടുപറമ്പ, കോഴിക്കോട് എന്ന കേന്ദ്രത്തിലും പരീക്ഷ എഴുതണം.

കുസാറ്റ്: സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അദ്ധ്യാപക ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു.ജി.സി. യോഗ്യതയുള്ളവരും കുറഞ്ഞത് പത്ത് വര്‍ഷത്തെ അധ്യാപന പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. ത്രിവത്സര എല്‍എല്‍ബി കോഴ്‌സിന്റെ കോ-ഓര്‍ഡിനേറ്റര്‍ ചുമതല വഹിക്കേണ്ട തസ്തികയില്‍ പ്രതിമാസം 46,250 രൂപ ശമ്പളമായി ലഭിക്കും. ഒരു വര്‍ഷത്തേയേ്ക്കാ അല്ലെങ്കില്‍ സ്ഥിര നിയമനം നടക്കുന്നതുവരേയ്ക്കുമായിരിക്കും നിയമനം.

അപേക്ഷാഫോറം സര്‍വകലാശാല വെബ്‌സൈറ്റായ www.cusat.ac.inല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ജനറല്‍ വിഭാഗക്കാര്‍ക്ക് 500 രൂപയും, എസ്‌സി/എസ്ടിക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്ട്രാര്‍, കുസാറ്റ് എന്ന പേരില്‍ എസ്ബിടി കുസാറ്റ് ബ്രാഞ്ചില്‍ മാറാന്‍ കഴിയുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായോ, അല്ലെങ്കില്‍ കുസാറ്റ് കാഷ് കൗണ്ടറില്‍ നേരിട്ട് തുക അടയ്ക്കുകയോ ചെയ്യാം. ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും 'ദ ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കൊച്ചി-22' എന്ന വിലാസത്തില്‍ ഏപ്രില്‍ മുപ്പതിനകം ലഭിക്കത്തക്ക വിധം അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസുമായി (0484-2575466) ബന്ധപ്പെടുക.

കേരള സര്‍വകലാശാലയിലെ ഫീസ് കൂട്ടിയത് പിന്‍വലിക്കണം- എസ്.എഫ്.ഐ

തിരുവനന്തപുരം: ഇരട്ടിയിലധികമായി കൂട്ടിയ കേരള സര്‍വകലാശാലയിലെ ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

സര്‍വകലാശാലയിലെ റെഗുലര്‍ ഡിഗ്രി വിദ്യാര്‍ഥികളുടെയും വിദൂര വിദ്യാഭ്യാസകേന്ദ്രം വഴി പഠനം നടത്തുന്നവരുടെയും ഫീസുകളാണ് ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചത്. 100 മുതല്‍ 300 ശതമാനം വരെയാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥി സംഘടനകളോടൊന്നും ആലോചിക്കാതെ രഹസ്യമായാണ് ഓര്‍ഡര്‍ ഇറക്കിയത്. ദൈനംദിന ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം സര്‍വകലാശാല സിന്‍ഡിക്കേറ്റ് കൈക്കൊണ്ടത് അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ. പറഞ്ഞു.

വോട്ട് ബഹിഷ്‌കരിക്കുമെന്ന് ഇപിഎഫ് പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: ഇപിഎഫ് പെന്‍ഷന്‍ കുറഞ്ഞത് ആയിരം രൂപയാക്കണമെന്ന ശുപാര്‍ശ നടപ്പാക്കാത്തതില്‍ ഓള്‍ ഇന്ത്യ ഇപിഎഫ് പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധിച്ചു. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മൂലമാണ് ഇതുസംബന്ധിച്ച ഉത്തരവ് വൈകുന്നത്.

ഇത് തുടര്‍ന്നാല്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇപിഎഫ് പെന്‍ഷന്‍കാര്‍ വോട്ട് ബഹിഷ്‌കരിക്കുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയതായി ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദാസ് മനപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സി. ഭാരവാഹികളായി; പി.കെ. ഗോപാലന്‍ വര്‍ക്കിങ് പ്രസിഡന്റ്

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ പട്ടിക സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ഒരു വര്‍ക്കിങ് പ്രസിഡന്റും ഏഴ് വൈസ് പ്രസിഡന്റുമാരും അഞ്ച് ജനറല്‍ സെക്രട്ടറിമാരും ഏഴ് സെക്രട്ടറിമാരും ഏഴ് ഓര്‍ഗനൈസിങ് സെക്രട്ടറിമാരും 53 നിര്‍വാഹക സമിതി അംഗങ്ങളും 10 വനിതാ പ്രതിനിധികളുമടങ്ങുന്നതാണ് കമ്മിറ്റി. ഇവരെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 18 മുതിര്‍ന്ന നേതാക്കളും കമ്മിറ്റിയിലുണ്ട്. ഇവര്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും.

ഭാരവാഹികള്‍: വര്‍ക്കിങ് പ്രസിഡന്റ്: പി.കെ. ഗോപാലന്‍. വൈസ് പ്രസിഡന്റുമാര്‍: എല്‍സി ബിയേസ് മാസ്റ്റര്‍, സി.ഹരിദാസ്, പി.ജെ. ജോയി, വി. സത്യശീലന്‍, കെ.സി. രാമചന്ദ്രന്‍, അഡ്വ. ജി. സുബോധന്‍, മാത്യു കുളങ്ങര, ജനറല്‍ സെക്രട്ടറിമാര്‍ കെ. സുരേന്ദ്രന്‍, അഡ്വ. കെ.പി. ഹരിദാസ്, വി.എസ്. അജിത്കുമാര്‍, കുഞ്ഞ് ഇലംപ്പള്ളി, എം.പി. പദ്മനാഭന്‍. ട്രഷറര്‍: വി.ജെ. ജോസഫ്. സെക്രട്ടറിമാര്‍: ആര്‍. ശശിധരന്‍, സി.ആര്‍, നജീബ്, വി.പി. ജോര്‍ജ്, മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍, വടക്കേവിള ശശി, തോമസ് കലാടന്‍, മുനിയാണ്ടി. ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍: കെ. മുഹമ്മദലി, കല്ലുമല രാജന്‍, പി.ആര്‍. അയ്യപ്പന്‍, പി. സുധാകരന്‍, കെ.കെ. ഇബ്രാഹിംകുട്ടി, ജി. ബൈജു, പി.ടി. പോള്‍.

അടിസ്ഥാന ശാസ്ത്രത്തില്‍ ഗണിതത്തിന്റെ സാധ്യതകള്‍: ദേശീയ സെമിനാര്‍ നാളെ മുതല്‍

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ശ്രീനിവാസ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബേസിക് സയന്‍സ് (എസ്.ആര്‍.ഐ.ബി.എസ്) ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'അടിസ്ഥാന ശാസ്ത്രത്തില്‍ ഗണിതത്തിന്റെ സാധ്യതകളും പ്രയോജനവും' എന്ന വിഷയത്തില്‍ ഏപ്രില്‍ അഞ്ചുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലാണ് സെമിനാര്‍. കേന്ദ്ര സഹമന്ത്രി ഡോ.ശശിതരൂര്‍ ഉദ്ഘാടനം ചെയ്യും. പാലായിലെ ഡി.എസ്.ടി. സെന്റര്‍ ഓഫ് മാത്മറ്റിക്കല്‍ സയന്‍സും എസ്.ആര്‍.ഐ.ബി.എസും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക് വെബ് സൈറ്റ് http://www.kscste.kerala.gov.in/colloq3.htm സന്ദര്‍ശിക്കുക.

21-Dec-2014