മുസ്‌ലിം ജമാ അത്ത് യൂത്ത് കൗണ്‍സില്‍ സമ്മേളനം 24ന് ആരംഭിക്കും

തിരുവനന്തപുരം: കേരള മുസ്‌ലിം ജമാ അത്ത് യൂത്ത് കൗണ്‍സില്‍ എല്ലാ ജില്ലകളിലും നടത്താന്‍ പോകുന്ന സമ്മേളനം സപ്തംബര്‍ 24ന് തിരുവനന്തപുരത്ത് നിയമസഭാ ഡെപ്യൂട്ടി സ്​പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്യും. സമാപനം ഒക്ടോബര്‍ 24ന് തൃശ്ശൂരില്‍ നടക്കും.

വെള്ളിയാഴ്ച ജംആ നമസ്‌കാരത്തിനായി പള്ളികളില്‍ വരുന്നവരുടെ കാറുകളില്‍ പിഴ ഈടാക്കാനായി സ്റ്റിക്കര്‍ പതിക്കുന്ന പോലീസ് നടപടിയില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സെയ്യദലി അധ്യക്ഷത വഹിച്ചു. യോഗം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭൂരഹിത കണ്‍വെന്‍ഷന്‍ 2ന്

കൊച്ചി: എഐടിയുസിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് എറണാകുളം ഗംഗോത്രി ഹാളില്‍ സംസ്ഥാന ഭൂരഹിത കണ്‍വെന്‍ഷന്‍ നടക്കും. സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവനാളുകള്‍ക്കും പത്ത് സെന്റ് ഭൂമിയും വീട് വെയ്ക്കുന്നതിന് 10 ലക്ഷം രൂപയും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് എഐടിയുസി സംസ്ഥാന കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

കണ്‍വെന്‍ഷന്റെ വിജയത്തിനായി പൂര്‍ണ പിന്തുണ നല്‍കാന്‍ എഐടിയുസി ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 2.17 ലക്ഷം ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍ ലൂക്കോസ് അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ കെ.കെ. അഷ്‌റഫ്, കെ.എ. ജോയ്, കോഴിപ്പുറം കലാധരന്‍, എസ്. ശിവശങ്കരപ്പിള്ള, ടി.എന്‍. ദാസ്, ജോയി ജോസഫ്, എം.വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

26-Nov-2014