Posted on: 16 Oct 2011
രാംമനോഹര്‍ ലോഹ്യ
'ലോഹ്യയെ തിരിച്ചറിയുക' എന്ന ഡോ. വറുഗീസ് ജോര്‍ജിന്റെ ലേഖനം (ഒക്ടോ. 12) സമയോചിതമായി. ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലതന്നെ. സമരമുഖങ്ങളില്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍, ഭാഷാപ്രശ്‌നത്തില്‍ തുടങ്ങി അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം കാലത്തെ അതിജീവിക്കുന്ന ശൈലിയായിരുന്നു ആവിഷ്‌കരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഭ്രാന്തന്‍ ജല്പനങ്ങള്‍ എന്ന് മുദ്രകുത്താന്‍ മറ്റെല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചുവെന്നതാണ് സത്യം.
''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന് 1942-ല്‍ ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യം അക്ഷരംപ്രതി നടപ്പാക്കുന്നതിന് ഡോ. ലോഹ്യയും ലോകനായക് ജയപ്രകാശും നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പുത്തന്‍തലമുറയിലെ എത്രപേര്‍ക്ക് അറിയാം? ക്വിറ്റ് ഇന്ത്യാ സമരവിജയത്തിന്റെ ചരിത്രവും മറ്റു ചിലരില്‍ അര്‍പ്പിക്കാനാണല്ലോ നമ്മുടെസമൂഹം തയ്യാറായിരിക്കുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഇടക്കാല ഗവണ്മെന്റ്
രൂപവത്കരിക്കുന്ന സന്ദര്‍ഭം മുതല്‍ പ്രകടമായും കോണ്‍ഗ്രസ് നേതൃത്വം ജെ.പി.യും ലോഹ്യയും ഉള്‍ക്കൊള്ളുന്ന സോഷ്യലിസ്റ്റ് വിഭാഗത്തെ തേജോവധം ചെയ്യുവാന്‍ കച്ചകെട്ടി ഇറങ്ങിയിരുന്നു. ഭാഗ്യവശാല്‍ ഗാന്ധിജി ഈ ഉപജാപങ്ങളില്‍ വിശ്വസിച്ചിരുന്നില്ലെന്നതാണ് സത്യം. 1948 ജനവരി 30-ലെ പ്രാര്‍ഥനായോഗത്തിനുശേഷം താനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗാന്ധിജി ലോഹ്യയോട് ആവശ്യപ്പെട്ടത് നടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഭാരതചരിത്രം തികച്ചും വ്യത്യസ്തമായ സംഭവങ്ങള്‍ക്കുപോലും സാക്ഷ്യം വഹിക്കുമായിരുന്നേനെ.
പാഠ്യവിഷയമാക്കിയും ഗവേഷണ വിഷയമാക്കിയും വേണ്ട പ്രചാരണം നല്കിയും ലോഹ്യയുടെയും മറ്റു ഉജ്ജ്വലവ്യക്തിത്വങ്ങളുടെയും സ്മരണ ശാശ്വതമാക്കണം.
-പട്ടോളി ഉണ്ണികൃഷ്ണന്‍, കായംകുളം
മദ്യവില്പനയില്‍ മുന്നില്‍
ഈ ഒക്ടോബര്‍ രണ്ടിനും നമ്മള്‍ ഗാന്ധിജയന്തി ആഘോഷിച്ചു. പല പ്രതിജ്ഞകളും പുതുക്കി. ഉടനെത്തന്നെ മറക്കാന്‍. മഹാത്മജിയുടെ സ്വപ്നങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു - 'മദ്യവിമുക്ത ഭാരതം'. പക്ഷേ, ഇന്ന് നാം കാണുന്നത് മദ്യവില്പനയില്‍ ഭാരതത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെയാണ്.ഭരണകൂടം തന്നെ മദ്യവില്പന പ്രോത്സാഹിപ്പിക്കുന്നു. വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും കൂടി മദ്യം കുറഞ്ഞ വിലയ്ക്ക് കാന്റീന്‍വഴി വില്‍ക്കുന്നു. ഈ മദ്യം മിക്കവാറും തുറന്ന മാര്‍ക്കറ്റിലേക്കാണ് എത്തുന്നത്. ഈ മദ്യവില്പന ഭരണകൂടത്തിന് നിര്‍ത്തിക്കൂടേ? പകരം വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍കൂട്ടിക്കൊടുക്കുന്നതായിരിക്കില്ലേ ഉചിതം?
-വി.കെ.കെ.നായര്‍, അത്തോളി
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam