
വാഷിങ്ടണ്‍: രഹസ്യാന്വേഷണരംഗത്തെ അതികായരെന്ന് അഹങ്കരിച്ചിരുന്ന അമേരിക്ക ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഒറ്റയടിക്ക് 90,000 സൈനികരഹസ്യങ്ങളാണ് ചോര്‍ന്ന് വെളിച്ചത്തുവന്നത്. കുറെക്കൂടി പ്രാധാന്യമുള്ള 15,000 രേഖകള്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചിട്ടുണ്ടെന്ന് 'വിക്കി ലീക്‌സ്' തന്നെ പറയുന്നു. മൊത്തം 2,60,000 രഹസ്യരേഖകള്‍ ഈ വെബ്‌സൈറ്റിന് കൈമാറപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്ത. പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ന്നത് അമേരിക്കയുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ ജെയിംസ് ജോണ്‍സ് മുന്നിറയിപ്പ് നല്‍കിക്കഴിഞ്ഞു.
ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളുടെ ഔദ്യോഗികരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്ന 'വിക്കി ലീക്‌സ്' എന്ന വെബ്‌സൈറ്റ് അമേരിക്കന്‍ സേനയ്ക്ക് ഭീഷണിയാണെന്ന യു.എസ്. രഹസ്യാന്വേഷണറിപ്പോര്‍ട്ട് കഴിഞ്ഞ മാര്‍ച്ചില്‍ 'വീക്കി ലീക്‌സ്'തന്നെ ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. ഈ രേഖ യഥാര്‍ഥമാണെന്ന് സര്‍ക്കാറിന് സമ്മതിക്കേണ്ടിവരികയും ചെയ്തു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷാ താത്പര്യങ്ങള്‍ക്കും പൗരന്മാരുടെ ജീവനുതന്നെയും ഭീഷണിയാണ് ഔദ്യോഗികരഹസ്യങ്ങളുടെ ചോര്‍ച്ചയെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിങ്കളാഴ്ച പറഞ്ഞത്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പുതുയുഗപ്പിറവിയെന്ന പ്രഖ്യാപനത്തോടെ 2006 ഡിസംബറിലാണ് 'വീക്കിലീക്‌സ്' എന്ന വെബ്‌സൈറ്റിന്റെ പിറവി. 'സണ്‍ഷൈന്‍ പ്രസ്' എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള ഈ സൈറ്റിലേക്ക് ആര്‍ക്കും ഔദ്യോഗിക രേഖകള്‍ ചോര്‍ത്തി നല്‍കാം. വിദഗ്ധസമിതി ശരിയെന്നുറപ്പുവരുത്തിയ രേഖകള്‍ സൈറ്റ് പ്രസിദ്ധീകരിക്കും. വിവരം നല്‍കിയയാളുടെ പേരുവിവരം ഒരിക്കലും പുറത്തുവിടുകയുമില്ല. മനുഷ്യാവകാശസംഘടനകളും പത്രപ്രവര്‍ത്തകരും ജനങ്ങളും നല്‍കുന്ന സഹായംകൊണ്ടാണ് സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഡയറക്ടര്‍ ജൂലിയന്‍ അസന്‍ജെ പറയുന്നത്.