സ്വപ്നങ്ങള്‍ പണിതുയര്‍ത്തിയത് കല്ലുകള്‍കൊണ്ടായിരുന്നുവെങ്കില്‍ തകര്‍ന്നുടഞ്ഞ സ്വപ്നങ്ങളുടെ ബൃഹത്തായ ഒരു ശവപ്പറമ്പാകുന്നു ഹംപി....'' - അജ്ഞാതനായ ഒരു സഞ്ചാരിയുടെ ഓര്‍മക്കുറിപ്പുകളില്‍ നിന്ന്. ഉജ്ജ്വലമായ ഒരു ഭൂതകാലത്തിന്റെ ഗിരിശൃംഗങ്ങളില്‍ നിന്ന് തുംഗഭദ്രയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹത് സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിലൂടെ നിശ്ശബ്ദനായി നടന്നു. കല്ലുകള്‍ ഓരോ കഥകള്‍ പറഞ്ഞു. നഷ്ടപ്പെട്ട സ്വര്‍ഗരാജ്യത്തിന്റെ കഥകള്‍. മിത്തും യാഥാര്‍ഥ്യവും ചരിത്രവും പുരാണങ്ങളും ഇഴചേര്‍ന്നു പിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ പതിഞ്ഞുകിടക്കുന്ന കല്‍ക്കെട്ടുകളിലും അദൃശ്യനായ ആ രാജശില്പി അത്ഭുതകരമാം വിധം കടഞ്ഞെടുത്ത വന്‍ പാറക്കെട്ടുകളുടെ താഴ്‌വരകളിലും അലഞ്ഞുനടക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം; സങ്കല്പാതീതമായ സമ്പത്താല്‍ അനുഗൃഹീതമായിരുന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തുടിപ്പുകള്‍...., രത്‌നങ്ങളും വൈരങ്ങളും നാഴിക്കും പറയ്ക്കുമളന്ന്‌....