ഇന്നസെന്റിന്റെ യാത്രകള്‍ -കഷ്ടകാലത്തിലും ശിഷ്ടകാലത്തിലും. ഓരോ യാത്രയും അദ്ദേഹം ആഘോഷമാക്കുന്നു. യാത്രക്കു വേണ്ടി ഹൈദരാബാദിലേക്ക് ഇന്നസെന്റിന്റെ കുടുംബയാത്ര....
കൊളമ്പില്‍ ജോലിക്കുപോയ ആളുകള്‍ അവധിക്കു വരുന്നത് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. സിലോണിനെയാണ് കൊളമ്പ് എന്ന് വിളിക്കുന്നത് എന്ന് പിന്നീടാണ് മനസിലായത്. അന്നവര്‍ വരുമ്പോള്‍ ഒരു വലിയ ടോര്‍ച്ചു കൊണ്ടുവരും. അതിന്റെ കേമത്തം നാടുമുഴുവന്‍ പരക്കും. അവരുടെ കഥകള്‍ കേട്ട് എല്ലാവരും വാപൊളിച്ചിരിക്കും. ഞാന്‍ കാണുന്ന ആദ്യത്തെ യാത്രക്കാര്‍ അവരാണ്....
********
കുട്ടിക്കാലത്ത്, ചാലക്കുടിക്കടുത്തുള്ള കനകമലയില്‍ വലിയമ്മയുടെ വീട്ടിലേക്ക് ബസ്സില്‍ പോകുന്നതായിരുന്നു എന്റെ യാത്ര. നാട്ടിലെ ചില പ്രമാണികളോട് കണ്ടക്ടര്‍ സംസാരിക്കും. എന്നോടും ഇയാളൊന്ന് മിണ്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ അക്കാലത്ത് കൊതിച്ചിരുന്നു. ഇത്രയും പ്രായമായിട്ടും ആ മനോഭാവത്തിന് മാറ്റമുണ്ടായിട്ടില്ല. കണ്ടക്ടര്‍ക്കു പകരം അത് മുഖ്യമന്ത്രിയോ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനോ ആയി എന്നു മാത്രം.
********* എഴുതിയ പരീക്ഷകള്‍ എല്ലാംതോറ്റ,് സ്‌കൂളിനും വീടിനും നാടിനുമെല്ലാം ഒരു ഭാരമായി, തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞതിനു ശേഷം ഞാന്‍ ലേഡീസ്ബാഗുകള്‍, ചെരിപ്പുകള്‍ തുടങ്ങിയ സാധനങ്ങള്‍ ബോംബെയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ആഗ്രയില്‍ നിന്നും മൊത്തമായി വാങ്ങി നാട്ടില്‍ കൊണ്ടു വന്ന് നടന്നു വിറ്റ കാലമുണ്ടായിരുന്നു. അന്നാണ് ഞാനറിയാതെ തന്നെ ഞാനൊരു യാത്രികനായത്. മാസത്തില്‍ രണ്ടുതവണ ബോംബെ, രണ്ടുതവണ ഡല്‍ഹി, രണ്ടുതവണ ആഗ്ര പോയി വരുമ്പോഴേക്കും ആ മാസം തീരും. തീവണ്ടിയുമായി അക്കാലത്ത് ഞാന്‍ അത്രയ്ക്ക് ഇണങ്ങി. ടി.ടി.ഇമാര്‍ എന്റെ സുഹൃത്തുക്കളായി. ഓരോ സ്ഥലത്തേയും ടിക്കറ്റ് ക്വാട്ട വരെ ഞാന്‍ പറയാന്‍ തുടങ്ങി. ട്രെയിനിലെ ഭിക്ഷക്കാര്‍ എനിക്കു മുന്നില്‍ യാചിക്കാതായി. അവര്‍ക്ക് എന്നെ അത്രയ്ക്ക് പരിചയമായി. ഒരു പക്ഷെ, അവരില്‍ ഒരാളായിപ്പോലും എന്നെ തോന്നിക്കാണണം!
*********
കച്ചവടത്തിനായി ബോംബെയില്‍ പോകുമ്പോള്‍ രാവിലെ അവിടെയെത്തി ഉച്ചയ്ക്കുള്ള വണ്ടിക്ക് തിരിച്ചുപോരുകയായിരുന്നു പതിവ്. സ്റ്റേഷനില്‍ നിന്നു തന്നെ കുളിയും പ്രഭാതകൃത്യങ്ങളുമെല്ലാം തീര്‍ക്കും. റിസര്‍വ്വേഷന്‍ സാധിക്കാത്തതു കൊണ്ട് അപ്പോള്‍ തന്നെ ഒരു ഓപ്പണ്‍ടിക്കറ്റ് എടുക്കും. തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകും. ഉച്ചയോടെ സാധനങ്ങള്‍ വാങ്ങി സ്‌റ്റേഷന്റെ പിന്‍വശത്തെ ഗേറ്റിലൂടെ അകത്തുകടക്കും. മുന്‍വശത്തു കൂടെ വന്നാല്‍ ചരക്കിന്റെ പൈസയും കൊടുക്കണം. ഗുഡ്‌സില്‍ അയക്കേണ്ട സാധനമാണ് ഞാന്‍ സമര്‍ഥമായി ട്രെയിനിന്റെ ബാക്ക് വാഗണില്‍ കയറ്റിക്കൊണ്ടു പോകുന്നത്. സ്‌റ്റേഷനിലെ എന്റെ പരിചയക്കാരനും ഒറ്റപ്പാലത്തുകാരനുമായ മൂസയാണ് എന്നെ ഇതിനു പതിവായി സഹായിക്കുക. അവന് കാശ് കൊടുത്താല്‍ അവന്‍ ടി.ടി.ഇക്ക് പണം നല്‍കി ഓപ്പണ്‍ ടിക്കറ്റ് മാറ്റി റിസര്‍വ്വേഷന്‍ ശരിയാക്കി തരും. മൂസയുടെ ഉമ്മയ്ക്കുള്ള പണവും വസ്ത്രവും അവന്‍ പലപ്പോഴും എന്റെ കയ്യിലാണ് തരിക. പാവമായിരുന്നു മൂസ.
ആ തവണയും ഞാന്‍ പതിവുപോലെ ഓപ്പണ്‍ടിക്കറ്റെടുത്ത് അതിന്റെ ബലത്തില്‍ ചരക്കു കയറ്റി. ടിക്കറ്റ് മൂസയുടെ കയ്യില്‍ കൊടുത്തു. ഞാന്‍ കൊടുക്കുന്നതു കണ്ട് പലരും കൊടുത്തു. ചിലര്‍ ചോദിച്ചു
'പരിചയമുള്ളയാളാണോ'?
'ഇവിടെ വെച്ച് പരിചയപ്പെട്ടതാണ്. ഇതുവരെ പറ്റിച്ചിട്ടില്ല'. അതു കേട്ടപ്പോള്‍ മറ്റു ചിലരും മൂസയുടെ കയ്യില്‍ പണം ഏല്‍പ്പിച്ചു. പതിവുസമയം കഴിഞ്ഞിട്ടും മൂസ വരുന്നില്ല. വണ്ടി ചൂളം വിളിച്ചു തയ്യാറായി. എന്നിട്ടും മൂസയില്ല. പതുക്കെ നീങ്ങിതുടങ്ങി. ഞാന്‍ കയറി. വണ്ടി പ്ഌറ്റ്‌ഫോമില്‍ നിന്നും വിട്ടുതുടങ്ങിയപ്പോള്‍ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ആ കാഴ്ച കണ്ടു: മൂസയെ പോലീസുകാര്‍ പൊക്കികൊണ്ടു പോകുന്നു. അതിനിടയില്‍ അവന്‍ കൈകൊണ്ട് ഒരു വട്ടം വരച്ചു, എനിക്കുനേരെ. 'പണം അടുത്ത തവണ എടുക്കാം' എന്നായിരുന്നു അതിന്റെ അര്‍ഥം.
ഞാന്‍ കീശയില്‍ കയ്യിട്ടു നോക്കി. ആകെ മുപ്പതു രുപയുണ്ട്! ടിക്കറ്റില്ല, ഓപ്പണ്‍ ടിക്കറ്റിന്റെ ബലത്തില്‍ അനധികൃതമായി കയറ്റിയ ചരക്കുകളും വണ്ടിയിലുണ്ട്. എനിക്കു തലചുറ്റാന്‍ തുടങ്ങി. പകുതി ബോധത്തോടെ കംപാര്‍ട്ട്‌മെന്റുകളുടെ ഇടനാഴികള്‍ കടന്ന് ഞാന്‍ ട്രെയിന്‍ സൂപ്രണ്ടിന്റെ മുറിയിലേക്ക് നടന്നു. ഹര്‍ഷന്‍ എന്നു പേരുള്ള കൊല്ലത്തുകാരനായിരുന്നു ട്രെയിന്‍ സൂപ്രണ്ട്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു 'എന്റെ പേര് ഇന്നസെന്റ്. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറാണ്. എന്റെ ടിക്കറ്റ് നഷ്ടപ്പെട്ടു'.''
'അതിനെന്താ, നമുക്കൊരു ഫ്രഷ് ടിക്കറ്റെടുക്കാം'. അയാള്‍ നിസ്സാരമായി പറഞ്ഞു. എന്റെ കയ്യില്‍ കാശില്ല.' അതു കേട്ടപ്പോള്‍ സൂപ്രണ്ട് ഒന്നുഞെട്ടി എന്നെ നോക്കി. എന്റെ ദയനീയമായ നില്‍പ്പു കണ്ടതു കൊണ്ടാകണം കുറച്ചുനേരം ഒന്നും മിണ്ടിയില്ല. തുടര്‍ന്ന് രണ്ടുവരി മൂളിപാടി:
ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു''
അതു കേട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് മിഴിച്ചുനോക്കി. 'സാര്‍ ഒരു നല്ല ഗായകനാണല്ലോ' എന്ന ഭാവമായിരുന്നു ആ നോട്ടത്തില്‍ നിറയെ. എന്നിട്ട് ഞാന്‍ തുടര്‍ന്നു പാടി-
'...മാനത്തെ മട്ടുപ്പാവില്‍ താരകാരാജ്ഞിമാരാ ഗാനനിര്‍ഝരി കേട്ടു...'
അന്നുരാത്രി ഞങ്ങള്‍ അദ്ദേഹത്തിന്റെ മുറിയില്‍ പാടിപാടി കഴിഞ്ഞുകൂടി. കലയുടെ വില അന്നെനിക്കു മനസ്സിലായി.
പിറ്റേന്ന് പുലര്‍ന്നപ്പോഴാണ് ഇനി ഒരു രാത്രി കൂടി കടക്കാനുണ്ടെന്ന് ഓര്‍മ്മ വന്നത്. ഞാന്‍ കംപാര്‍ട്ട്‌മെന്റിലൂടെ നടന്നു. മലയാളികള്‍ ആണെന്ന് കാഴ്ചയില്‍ തോന്നിയ ഒരു ദമ്പതിമാരുടെ അടുത്തിരുന്നു. സ്വയം പരിചയപ്പെടുത്തി. അയാള്‍ ആട് മാര്‍ക്ക് കുടയുടെ ഉടമസ്ഥനായിരുന്നു. സംഭവിച്ചതെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരു നൂറ് രുപ കടം ചോദിച്ചു. ഇരിങ്ങാലക്കുടയിലെത്തിയിട്ട് തിരിച്ചുതരാം. അയാള്‍ക്ക് തരണം എന്നുണ്ടായിരുന്നു. ഭാര്യയുടെ മുഖത്ത് ഒന്നു നോക്കിയപ്പോള്‍ അവര്‍ കണ്ണൊന്നു ചിമ്മി. വേണ്ട എന്നര്‍ഥത്തില്‍. അയാള്‍ ആകെ വിഷമത്തിലായി. അത് മനസിലായപ്പോള്‍ ഞാന്‍ ചോദിച്ചു:
'തരണം എന്നുണ്ടായിരുന്നു. ഭാര്യ വേണ്ട എന്നു പറഞ്ഞുവല്ലേ'?
അതുകേട്ടപ്പോള്‍ അയാള്‍ ആകെ ചമ്മി. ഞാന്‍ ചിരിച്ചുകൊണ്ട് അടുത്ത കംപാര്‍ട്ട്‌മെന്റിലേക്ക് പോയി. ഭിക്ഷ യാചിക്കാന്‍. യാത്രകള്‍ ഇങ്ങിനെയുമാണ്.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.