ഡെസ്റ്റിനേഷന്‍ - വിദേശം

മലമുകളിലെ വിസ്മയനഗരം

Posted on: 07 Oct 2010

Text & Photos: Joy Vargheese

 

ജെന്റിങ്. മലേഷ്യയിലെ മായാനഗരം.
സഞ്ചാരികളെ കാത്ത് കാട്ടിനു നടുവില്‍ മലമുകളില്‍ ഒരദ്ഭുതനഗരം!





കൊടുങ്കാട്ടിനുള്ളിലെ മലമുകളില്‍ ഒറ്റപ്പെട്ട് ഒരു വിനോദനഗരം. അവിടേക്കെത്താന്‍ കാടിനു മുകളിലൂടെയുള്ള റോപ്പ്‌വേ. ജെന്റിംഗ് എന്ന മായാനഗരി.

കൊലാലംപൂര്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങുമ്പോള്‍ ജെന്റിംഗിനെക്കുറിച്ച് എനിക്കോ സുഹൃത്ത് ജേക്കബ് ജോണിനോ കേട്ടറിവ് പോലുമുണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ കാറുമായി കാത്ത് നിന്ന തോമസ് മാത്യു നമുക്ക് രണ്ട് നാള്‍ ജെന്റിംഗില്‍ കഴിയാം എന്ന് പറയുന്നത് വരെ.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക പാക്കേജിലായിരുന്നു യാത്ര. നെടുമ്പാശ്ശേരിയില്‍ നിന്ന് ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് കൊളംബോ. അവിടെ ഒരു ദിനം എയര്‍ ലൈന്‍സിന്റെ ആതിഥ്യ മധുരം നുകര്‍ന്ന് നികാംബോയിലെ ബീച്ച് റിസോര്‍ട്ടില്‍. അടുത്ത ദിവസം രാവിലെ കൊലാലംപൂരിലേക്ക് മൂന്നര മണിക്കൂര്‍.

കൊലാലംപൂര്‍ നഗരം ചുറ്റിയടിക്കണം. പിന്നെ ചെറുപ്പത്തിലെന്നോ, വായിച്ച എസ്.കെ. പൊറ്റക്കാടിന്റെ 'മലയായിലൂടെ' എന്ന യാത്രാവിവരണത്തില്‍ വാനോളം പുകഴ്ത്തിയ പെനാംഗ് ഒന്ന് സന്ദര്‍ശിക്കണം.

വിമാനത്താവളത്തില്‍ നിന്ന് എട്ട് വരിപാതയിലൂടെ കൊലാലംപൂര്‍ നഗരത്തിലേക്ക്.

മനോഹരമായ പാതകള്‍. പാതയോരത്തു നിറയെ എണ്ണപ്പനകള്‍.

ജെന്റിംഗിലേക്ക്, കൊലാലംപൂരില്‍ നിന്ന് 52 കിലോമീറ്റര്‍ കയറ്റിറക്കങ്ങളോടെ വളഞ്ഞു പുളഞ്ഞു തുടങ്ങുകയായി റോഡ്. ഇത് മലേഷ്യയിലെ ഹൈലാന്‍ഡ്.

നാലുവരി പാതയുടെ ഇരുവശവും വന്‍മരങ്ങള്‍ നിറഞ്ഞ കാട്. തണുപ്പുള്ള കാറ്റ്. ഇടയ്ക്ക് റോഡരുകില്‍ പുള്ളിമാന്‍ കൂട്ടം. ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏതാണ്ട് ഹൈലാന്‍ഡിന്റെ മദ്ധ്യഭാഗമായി. അവിടെ കാര്‍ നിന്നു. സ്ഥലം ഗോടോങ് ജയ. ഇവിടെ നിന്ന് ഇനി മലകയറ്റം.

മല കയറാന്‍ കേബിള്‍ കാര്‍. കാടിനുള്ളില്‍ 100 മീറ്റര്‍ ഇടവിട്ട് പണിതിരിക്കുന്ന പടുകൂറ്റന്‍ ടവറുകള്‍. അവയെ ബന്ധിപ്പിക്കുന്ന ഇരുമ്പ് വടത്തിലൂടെ വൈദ്യുതികൊണ്ട് നീങ്ങുന്ന അമ്പതോളം കേബിള്‍ കാറുകള്‍. ലോകത്തിലെ ഏറ്റവും വേഗതം കൂടിയ കേബിള്‍ കാര്‍ സംവിധാനമാണത്രേ. മണിക്കൂറില്‍ 25 കിലോമീറ്റര്‍. കേബിള്‍ കാറില്‍ കയറി. വശങ്ങളിലെ ചില്ല് ജാലകത്തിലൂടെ വിടര്‍ന്നു വരുന്ന മനോഹരമായ കാഴ്ചകള്‍.

സമാന്തരമായുള്ള ലൈനില്‍ എതിര്‍ ദിശയില്‍ നിന്ന് കേബിള്‍ കാറുകള്‍ കീഴോട്ട് ഒഴുകുന്നു. മുകളിലേക്കും താഴേക്കുമായി മണിക്കൂറില്‍ രണ്ടായിരം പേര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 20 മിനിട്ട് കൊണ്ട് മലമുകളിലെത്തി. തണുപ്പിന് കട്ടി കൂടി വരുന്നു. മലേഷ്യയിലെ 'ബെന്‍ടോങ്ങ് ജില്ലയില്‍പ്പെട്ട ഗുവാങ് യുലു കാലി പര്‍വ്വതനിരകളിലെ മഴക്കാടുകളിലെ കമറൂണ്‍ മലയ്ക്ക് മുകളില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു.

മുന്നില്‍ ഉപചാരപൂര്‍വ്വം ഒരു മലേഷ്യന്‍ സുന്ദരി. ''നിങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി മുകളില്‍ എത്തിയിരിക്കുന്നു. വരൂ, സ്വപ്ന നഗരിയിലേക്ക്.''ചൈനീസ് ഭാഷയില്‍ ജെന്റിംഗിന്റെ ഉച്ചാരണം യുന്‍ഡിംഗ് എന്നാണ്. മേഘങ്ങളുടെ നെറുക എന്നര്‍ത്ഥം.

കാനനഛായ നിലനിര്‍ത്താന്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച വന്‍ മരങ്ങളാണ്. ആദ്യകാഴ്ച. ആറ് ഹോട്ടലുകളിലായി 10,000ത്തോളം മുറികള്‍. ആറ് ഷോപ്പിംഗ് കേന്ദ്രങ്ങളിലായി 120 ഓളം ഔട്ട്‌ലെറ്റുകള്‍, ലോകത്തെ മികച്ച ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍. 90 ഭക്ഷണശാലകള്‍, കാസിനോകള്‍, സുഖ ചികിത്സ കേന്ദ്രങ്ങള്‍... എല്ലായിടത്തും നേരിയ തണുപ്പ് പകരുന്ന കേന്ദ്രീകൃത ശീതീകരണ സംവിധാനം. ഔട്ട്‌ഡോര്‍ തീം പാര്‍ക്കും ചില കേന്ദ്രങ്ങളും ഒഴികെ മറ്റ് എല്ലായിടത്തും വളരെ ഉയരത്തില്‍ ചില്ലിന്റെ മേല്‍കൂര. 13,000 ഏക്കറിലായി നഗരം പടര്‍ന്ന് കിടക്കുകയാണ്.

'ഫസ്റ്റ് വേള്‍ഡ്' ഹോട്ടലില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുറി സംഘടിപ്പിച്ചു. ചാര്‍ജ് 250 റിങ്കറ്റ്. മലേഷ്യന്‍ കറന്‍സിയാണ് റിങ്കറ്റ്. ഒരു റിങ്കറ്റിന് 12 ഇന്ത്യന്‍ രൂപയുടെ മൂല്യം.

അപ്പോള്‍ മുറിവാടക 3000 രൂപ. ലോകത്ത് ഏറ്റവും കൂടുതല്‍ മുറികളുള്ള ഹോട്ടലാണ് ഫസ്റ്റ് വേള്‍ഡ്. ഇവിടെ 6118 മുറികളുണ്ട്. മുറികളുടെ എണ്ണത്തില്‍ ഗിന്നസ് ബുക്കില്‍ 'ഫസ്റ്റ് വേള്‍ഡ് ഹോട്ടല്‍' കയറിപ്പറ്റിയിട്ടുണ്ട്. സംഗീതത്തിന്റെ പെരുമഴയില്‍ സിസ്‌കോ പാര്‍ലറുകള്‍ സജീവം. കാസിനോകളില്‍ ചൂതുകളികള്‍ മുറുകുന്നു. (മലേഷ്യയിലെ ലൈസന്‍സുള്ള ഏക ചൂതുകളി കേന്ദ്രമാണ് ഇവിടം).

പവലിയന്‍ ഹാളിലെ മിന്നിത്തെളിയുന്ന വെട്ടത്തില്‍ നര്‍ത്തകരുടെ ചുവട് വെയ്പ്പ്. സിനിപ്ലസില്‍ പുതിയ സിനിമകള്‍ക്ക് തിരശ്ശീല ഉയരുന്നു. 'ഏരീന ഓഫ് സ്റ്റാര്‍' എന്നറിയപ്പെടുന്ന, 6000 ഇരിപ്പിടങ്ങളുള്ള വിശാലമായ ഹാളില്‍ പ്രത്യേക ദിവസങ്ങളില്‍ വിശ്വോത്തര കലാകാരന്മാരുടെ പരിപാടികള്‍ അരങ്ങേറാറുണ്ട്. ഷോപ്പിംഗ് കേന്ദ്രങ്ങളും റെസ്റ്റോറന്റുകളും പുലര്‍ച്ചേ 3 മണിവരെ പ്രവര്‍ത്തിക്കും.

അടുത്ത ദിവസം പകല്‍ മുഴുവന്‍ തീം പാര്‍ക്കുകളിലായിരുന്നു. ഔട്ട് ഡോര്‍ തീം പാര്‍ക്കില്‍ 50ഓളം ''ഫണ്‍ റൈഡു''കളുണ്ട്. വട്ടം കറങ്ങിയും മലക്കം മറിഞ്ഞും ശരവേഗത്തില്‍ കുതിച്ചും ഓരോ റൈഡുകളും സഞ്ചാരികള്‍ ആസ്വദിക്കുന്നു.

ഇന്‍ഡോര്‍ തീം പാര്‍ക്കില്‍ മഞ്ഞുമലകളില്‍ എത്തിയ പ്രതീതി പകരുന്ന 'സ്‌നോ വേള്‍ഡ്', താഴേക്ക് ചാടുന്നുവെന്ന് തോന്നിക്കുന്ന ''സ്‌കൈ ഡൈവിംഗ്'', കാറ്റില്‍ പറക്കുന്ന അനുഭൂതി പകരുന്ന ''ഫ്ലയിംഗ് കോസ്റ്റര്‍''...

മലേഷ്യയിലെ വ്യവസായ സാനമ്രാജ്യത്തിന്റെ തലവനായ ടാന്‍ ലിം നോഹ്‌ടോങ്ങ് ആണ് നഗരിയുടെ സ്രഷ്ടാവ്. പണ്ടത്തെ മലയായില്‍ തൊഴില്‍ തേടി വന്ന ചൈനാക്കാരന്‍. റോഡുപണി തൊഴിലാളിയായിട്ടായിരുന്നു തുടക്കം. കാമറൂണ്‍ ജലവൈദ്യുതപദ്ധതിയുടെ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ടോങ്ങ് ആദ്യം ഈ കാട്ടില്‍ വന്നത്. 1960കളുടെ മധ്യത്തില്‍. അന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ വിരിഞ്ഞതാണ് റിസോര്‍ട്ട്. രണ്ടായിരാമാണ്ടായപ്പോള്‍ വിനോദ നഗരമായി. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ 85ാം വ യസ്സില്‍ ടോങ് അന്തരിച്ചു.

എത്രയാണ് ഈ വിനോദ നഗരത്തിന്റെ മൊത്തം മുതല്‍ മുടക്കെന്ന ചോദ്യത്തിന് നൂറ് കണക്കിന് കോടികള്‍ എന്നായിരുന്നു മറുപടി. പബ്ലിക് ഇഷ്യു ഇറക്കിയാണ് പണം സ്വരൂപിക്കുന്നത്.
TAGS:
MALAYSIA  |  GENTING  |  KUALALAMPUR  |  DESTINATION  |  ABROAD  |  WRITERS  |  JOY\VARGHEES, 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/