പട്ടായ ഒരു നിശാസുന്ദരി
Posted on: 07 Oct 2010
Text & Photos: P P Shasheendran
ഉറങ്ങാത്ത തെരുവുകള്‍, നൃത്തച്ചുവടുകള്‍ നിലയ്ക്കാത്ത ഹോട്ടല്‍ ബാറുകള്‍, രാത്രി വൈകിയും സന്ദര്‍ശകരെ 'മസാജ്' ചെയ്ത് സംതൃപ്തരാക്കാന്‍ തുറന്നുവെക്കുന്ന കടകള്‍, അവരെ വലവീശിപ്പിടിക്കാന്‍ പാതയോരത്ത് ചിരിച്ചുനില്‍ക്കുന്ന സുന്ദരികള്‍... പട്ടായ നിങ്ങളെ മാടിവിളിക്കുന്നു.
വിനോദത്തിനായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുടെ 'ഹോട്ട് സ്‌പോട്ട്' ആയിരിക്കുന്നു പട്ടായ. തലസ്ഥാനമായ ബാങ്കോക്കിനേക്കാള്‍ തായ്‌ലണ്ടില്‍ സഞ്ചാരികളുടെ പറുദീസ ഇന്നു പട്ടായയാണ്. ചുരുങ്ങിയ ചെലവില്‍ 'പെരുത്ത് സന്തോഷം'-മലയാളിക്ക് ഇത് പ്രിയപ്പെട്ട 'ഡെസ്റ്റിനേഷന്‍' ആകുന്നത് അതുകൊണ്ടുതന്നെ.
വിനോദയാത്രാ പാക്കേജുകളില്‍ ചെറിയ ചെലവില്‍ ഇപ്പോള്‍ തായ്‌ലണ്ട് യാത്ര സംഘടിപ്പിക്കാം. ഇന്ത്യന്‍ നഗരത്തിലെന്നപോലെ ജീവിക്കുകയുമാവാം. മൂന്നു രാവിനും നാലു പകലിനുമായി വിമാനയാത്ര, താമസം എന്നിവയ്ക്കായി രൂപ 25,000 കവിയില്ല എന്നതില്‍പ്പരം വലിയ ആകര്‍ഷണം വേറെന്ത്?
തായ്‌ലണ്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കണ്ടറിഞ്ഞ് കാശു വാരുന്നത് ശ്രീലങ്കന്‍ എയര്‍വെയ്‌സാണ്. കേരളത്തില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഒരു രാവോ പകലോ കൊളംബോയില്‍ ശ്രീലങ്കന്‍ എയര്‍വെയ്‌സ് സങ്കേതം ഒരുക്കുന്നുണ്ട്. വരുമ്പോഴും പോകുമ്പോഴും ഇത് സൗജന്യമായി ലഭിക്കും. കൊളംബോയില്‍ നിന്ന് മൂന്നു മണിക്കൂറുകളോളം വേണം ബാങ്കോക്കിലേക്ക്. ഇന്ത്യന്‍ സമയവുമായി ഒന്നര മണിക്കൂറിന്റെ വ്യത്യാസമുണ്ട് തായ്‌ലണ്ടിന്. പുലര്‍ച്ചെ ബാങ്കോക്കില്‍ വന്നിറങ്ങുമ്പോള്‍ വിമാനത്തില്‍ ഏറെയും വിനോദസഞ്ചാരികള്‍ തന്നെ.
യാത്രാരേഖകള്‍ കിട്ടാന്‍ വളരെ എളുപ്പമാണ്. വിമാനടിക്കറ്റുമായി കൈയും വീശി കയറിയതാണ്. വിസ തായ്‌ലണ്ടില്‍ ചെന്നിറങ്ങിയാല്‍ കിട്ടും. ആയിരം 'ബാത്ത്' ആണ് ഫീസ്. (നമ്മുടെ 1150 രൂപ) ലോകത്തിലെ മിക്കവാറും കറന്‍സിയെല്ലാം അവിടെ ബാത്ത് ആക്കി മാറ്റിക്കിട്ടും. പക്ഷേ, പാവം ഇന്ത്യന്‍ രൂപ പട്ടികയിലില്ല. വിമാനം കയറും മുമ്പ് കുറച്ച് ഡോളര്‍ കരുതിയിരുന്നതുകൊണ്ട് പരിഭ്രമിക്കേണ്ടിവന്നില്ല.
പട്ടായയിലേക്ക്
വിസ സ്റ്റാമ്പ് ചെയ്ത് വിമാനത്താവളത്തില്‍ നിന്നിറങ്ങുമ്പോള്‍ മണി എട്ട്. യാത്ര പട്ടായയിലേക്കാണ്. രണ്ട് മണിക്കൂര്‍ റോഡ് വഴിയാണ് പോവേണ്ടത്. ആറുവരിപ്പാത-മനോഹരം, യാത്ര അതിലേറെ സുഖകരം. ബാങ്കോക്കില്‍ നിന്ന് 150 കി.മീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് പട്ടായ.
ഉച്ചയോടെ പട്ടായയില്‍ എത്തി. സാമാന്യം തരക്കേടില്ലാത്ത ഹോട്ടല്‍. ഒരു നക്ഷത്രം ഉറപ്പ്. 1000 ബാത്ത് മതി സാമാന്യം നല്ലൊരു മുറിക്ക്. ഗോവപോലെയാണ് പട്ടായ. ടാക്‌സി ബൈക്കുകള്‍ ധാരാളം. ടാക്‌സി കാറുകളും സുലഭം. പട്ടായനഗരഹൃദയത്തിലൂടെ നടക്കുമ്പോള്‍ ഒരു ഹിന്ദി ഗാനം ഒഴുകിവന്നു. മുംബൈക്കാരന്റെ ഹോട്ടലാണ്. പട്ടായയുടെ ഭൂതവും വര്‍ത്തമാനവുമൊക്കെ അയാള്‍ നിരത്തി. ബിയര്‍ കുപ്പികള്‍ മേശപ്പുറത്ത് വന്നുകൊണ്ടിരുന്നു-ഇറങ്ങുമ്പോള്‍ മോശമല്ലാത്ത ബില്ലും.
'ആനന്ദത്തെരുവ്'
മുംബൈക്കാരനാണ് തൊട്ടടുത്ത തെരുവ് ചൂണ്ടിക്കാണിച്ചുതന്നത്. രാത്രി എട്ടു മണിയോടെ എത്തിയാല്‍ മതിയെന്നും പറഞ്ഞു. അങ്ങനെയാണ് 'വാക്കേഴ്‌സ് സ്ട്രീറ്റി'ല്‍ എത്തുന്നത്. പേരുപോലെതന്നെ നടക്കുന്നവരുടെ തെരുവാണ് അത്. ഇരുഭാഗത്തും ബാറുകള്‍, നൃത്തശാലകള്‍, അഞ്ചു കിലോവരെ തൂക്കം വരുന്ന കൂറ്റന്‍ കൊഞ്ചുകളും വിവിധതരം മത്സ്യങ്ങളും മാടിവിളിക്കുന്ന ഭക്ഷണശാലകള്‍...തെരുവില്‍ ജനം ഒഴുകുകയാണ്. അതിനിടയില്‍ ആളെ പിടിക്കാന്‍ പെണ്‍കിടാങ്ങളും. നൈറ്റ് ക്ലബ്ബുകളിലേക്ക് യാത്രക്കാരെ വശീകരിക്കുന്ന ബ്രോക്കര്‍മാരും സര്‍വത്ര. എല്ലാവരുടെയും കൈകളില്‍ സുന്ദരിമാരുടെ മനംമയക്കുന്ന വര്‍ണചിത്രങ്ങള്‍. ഏതാണ്ടെല്ലാം ഒരേ പ്രസില്‍ അച്ചടിച്ചതാണെന്നു തോന്നി. ''നിങ്ങളുടെ ഇഷ്ടം പറഞ്ഞാല്‍ മതി. ആളെ കാണിച്ചു കൊടുക്കൂ; പണം നിശ്ചയിക്കൂ...'' ബാക്കി എല്ലാം വളരെ എളുപ്പം. തായ്‌ലണ്ടിലെ കാര്യങ്ങള്‍ അങ്ങനെയാണ്. എല്ലാം സുരക്ഷിതവുമത്രെ.
ഡാന്‍സ് ബാറുകള്‍ ഏഴു മണിയോടെയാണ് ഉണരുക. പുലര്‍ച്ചെ മൂന്നരവരെ പിന്നെ ആടാം; പാടാം. നര്‍ത്തകികള്‍ നിങ്ങളെ തേടിവരും. 'ബാത്ത്' ഇഷ്ടംപോലെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും മാദകസുന്ദരികള്‍ മണം പിടിച്ച് നടക്കും. അവിടെ ബിയര്‍ മുതല്‍ എല്ലാത്തരം മദ്യങ്ങള്‍ക്കും നല്ല വില തന്നെ. ഡാന്‍സ് ബാറുകള്‍ തന്നെ പലവിധമുണ്ട്. യൂറോപ്യന്‍ പെണ്‍കിടാങ്ങള്‍ മാത്രമുള്ള നൈറ്റ് ക്ലബ്ബുകള്‍ മുതല്‍ ഒറിജിനല്‍ തായ് യുവത്വം വരെ യഥേഷ്ടം. ചിലയിടത്ത് എന്‍ട്രി ഫീ 50 ബാത്ത്; ചില ക്ലബ്ബുകളില്‍ അത് 200വരെ. അതിനനുസരിച്ച് വൈവിധ്യങ്ങളും ധാരാളം. യൂറോപ്യന്‍ സഞ്ചാരികളുടെ കരവലയത്തില്‍ മിക്കപ്പോഴും ഒരു പെണ്‍കുട്ടിയെ കാണാം. അങ്ങനെ ദിവസ വാടകയ്ക്കും കൂട്ടുകാരിയെ കിട്ടും. മണിക്കൂര്‍ മുതല്‍ ദിവസംവരെ നിശ്ചയിച്ചാണ് അവര്‍ക്കുള്ള പ്രതിഫലം. ചില നൈറ്റ് ക്ലബ്ബുകളിലാകട്ടെ രതിവൈകൃതങ്ങളാണ് 'സ്‌പെഷല്‍'.
സുഖചികിത്സ
രാത്രി തെരുവുകള്‍ ഡാന്‍സ് ബാറുകളും നൈറ്റ് ക്ലബ്ബുകളും കൊണ്ടാണ് സജീവമാവുന്നതെങ്കില്‍ പകല്‍സമയങ്ങളില്‍ മസാജ് സെന്ററുകളുടെ ഊഴമാണ്. കാലത്ത് പത്തരയോടെ സജീവമാകുന്നു. ഫുട്ട് മസാജ് മുതല്‍ തുടങ്ങുന്നു തടവി സുഖിപ്പിക്കല്‍. പക്ഷേ 'ഒറിജിനല്‍ തായ് മസാജ്' നല്‍കുന്ന സുഖം അവിസ്മരണീയമാണെന്ന് അനുഭവസ്ഥര്‍. ശരീരത്തിലെ ഓരോ ഞരമ്പിനെയും പേശിയെയും തൊട്ടുഴിയുന്നതാണ് തായ്മസാജ്. മണിക്കൂറിന് 200 മുതല്‍ 400 ബാത്ത് വരെയാണ് ചാര്‍ജ്. പക്ഷേ സഞ്ചാരികളില്‍ പലര്‍ക്കും മസാജ് ഒരു പേര് മാത്രമാണ്. മസാജ് സെന്ററുകളിലേക്ക് സുഖം തേടിയുള്ള യാത്രയിലാണ് മിക്കവരും. നടത്തിപ്പുകാരും മസാജ് ചെയ്യുന്ന സുന്ദരികളും ആ മനഃശാസ്ത്രം പഠിച്ചിട്ടുണ്ട്. മസാജിനുള്ള പണം നടത്തിപ്പുകാര്‍ ആദ്യം എണ്ണിവാങ്ങും. പിന്നെ മസാജിനിടയില്‍ വിലപേശലും ടിപ്പ് നല്‍കലും യാത്രക്കാരന്റെ സാമര്‍ത്ഥ്യംപോലെ. തായ് പെണ്‍കൊടികള്‍ക്കും വിനോദസഞ്ചാരിയുടെ മനസ്സറിയാം. 200 ബാത്തിന്റെ മസാജിന് 500 ബാത്ത് വരെ ടിപ്പ് കൊടുക്കുന്നു യാത്രികര്‍.
പട്ടായയിലെ ബീച്ചുകള്‍ മനോഹരങ്ങളാണ്. നീണ്ടുകിടക്കുന്ന ബീച്ചില്‍ സഞ്ചാരികളുടെ പ്രവാഹമാണ്. മദ്യശാലകള്‍ക്ക് എവിടെയും കുറവില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍വരെ അവ സുലഭം. 50 ബാത്തിന്റെ ബിയര്‍ മുതല്‍ 1200 ബാത്തിന്റെ സ്‌കോച്ച് വിസ്‌കിവരെ കിട്ടും. ഇവിടെയും സുന്ദരികളുടെചിത്രങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരെ കാണാം. ഇടപാടുകാരനാണ് യജമാനന്‍ എന്ന മട്ടില്‍ അവര്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ എന്തും ചെയ്യും.
'ബോയ്‌സ് സ്ട്രീറ്റ്'
പട്ടായയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് മാത്രമായി ഒരു തെരുവുതന്നെയുണ്ട്. നഗരത്തിലെ തിരക്കിനിടയിലൂടെ ഒരു രാത്രി ചെന്നെത്തിയത് ബോയ്‌സ് സ്ട്രീറ്റിലാണ്. 'ചാന്തുപൊട്ട്' സ്റ്റൈലില്‍ കുമാരന്മാരുടെ വിളയാട്ടമാണ്. അവര്‍ നിങ്ങളെ കൈനീട്ടി ക്ഷണിക്കും. പക്ഷേ നിര്‍ബന്ധിക്കില്ല. ആ തെരുവിലെത്തുന്നവരില്‍ യൂറോപ്യന്മാരും ധാരാളം.
നഗരത്തില്‍ പെണ്‍കുട്ടികളോ അവരുടെ ബ്രോക്കര്‍മാരോ എവിടെയുമുണ്ട്. ടൂറിസം ഒരു വ്യവസായമാക്കി മാറ്റിയതിന്റെ ബാക്കിപത്രമാണത്. ഹോട്ടലുകള്‍പോലും ഇത്തരം ടൂറിസത്തിന് മാന്യതയും സുരക്ഷിതത്വവും നല്‍കുന്നു. ഏതു പെണ്‍കുട്ടിയെയും കൂട്ടുകാരിയായി നിങ്ങളുടെ മുറിയിലേക്ക് കൊണ്ടുപോകാം. ഹോട്ടല്‍ റിസപ്ഷനില്‍ 300 മുതല്‍ 500 വരെ ബാത്ത് മുന്‍കൂട്ടി നല്‍കണമെന്നു മാത്രം. പക്ഷേ പെണ്‍കുട്ടിക്ക് പിന്നെ തിരിച്ചുപോകണമെങ്കില്‍ നിങ്ങളുടെ അനുമതി റിസപ്ഷനിലെ ജീവനക്കാര്‍ക്ക് ലഭിക്കണം. അതുവരെ പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍കാര്‍ഡ് റിസപ്ഷനില്‍ പണയവസ്തുവാണ്.
ഒഴുകുന്ന മാര്‍ക്കറ്റ്
പട്ടായയില്‍ നിന്നു രണ്ടു മണിക്കൂര്‍ റോഡ് യാത്രയുണ്ട് ഫ്ലോട്ടിങ്ങ് മാര്‍ക്കറ്റിലേക്ക്. നമ്മുടെ നാട്ടിലെ ഉള്‍നാടന്‍ തോടുകള്‍പോലെതന്നെ. ഗ്രാമത്തിലെ ഏതെങ്കിലും ജെട്ടിയില്‍ നിന്നു വാടകയ്ക്ക് ഒരു ബോട്ട് പിടിക്കാം. മണിക്കൂറിന് 1000 ബാത്ത് സാധാരണ നിരക്ക്. നിങ്ങളുടെ നിറവും കീശയും നോക്കി അത് ഏറിയും കുറഞ്ഞുമിരിക്കും. വിലപേശലാണ് അവിടെയും. ബോട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഇരുകരയിലും ധാരാളം കടകള്‍. എല്ലാം തായ്‌ലണ്ടിലെ ഗ്രാമീണന്റെ കരകൗശലവൈഭവം വെളിപ്പെടുത്തുന്നവ. ഇടയ്ക്ക് തോണിയിലുമുണ്ട് ഒഴുകുന്ന കടകള്‍. തായ്‌ലണ്ടിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഫ്ലോട്ടിങ് മാര്‍ക്കറ്റ്. പട്ടായയുടെ പകിട്ടോ ബാങ്കോക്കിന്റെ തിളക്കമോ ഈ ഗ്രാമങ്ങളിലില്ല. പക്ഷേ അവിടെ തായ്‌ലണ്ടിലെ സാധാരണക്കാരന്റെയും കര്‍ഷകന്റെയും ജീവിതം കാണാം. ജീവിതവ്യഥകളും.
15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് പട്ടായയിലെ ബീച്ചുകള്‍. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും പട്ടായയില്‍ ഏറെയാണ്. ഗ്രാമീണരുടെ ജീവിതവും അതിലാണ്. സാംസങ്, സാന്‍സൂയിപോലുള്ള പുതിയ വ്യവസായ സംരംഭങ്ങളും തായ്‌ലണ്ടിലേക്ക് കടന്നുവന്നിട്ടുണ്ട്. പട്ടായയും ഒരു വ്യവസായകേന്ദ്രമാണ്. എങ്കിലും ഇപ്പോഴും ടൂറിസംതന്നെ പ്രധാന ആകര്‍ഷണം. അറുപതുകളില്‍ കേവലം മീന്‍പിടിത്ത ഗ്രാമം മാത്രമായിരുന്ന പട്ടായയിലേക്ക് ബാങ്കോക്കില്‍ നിന്നു കുറേപ്പേര്‍ അവധി ആഘോഷിക്കാന്‍ എത്തിത്തുടങ്ങിയതോടെയാണ് ചിത്രം മാറുന്നത്. പതുക്കെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പട്ടായ വളരുകയായിരുന്നു. വിയറ്റ്‌നാം യുദ്ധവേളയില്‍ പട്ടായ അമേരിക്കന്‍ സൈനികരുടെ വിശ്രമ വിനോദകേന്ദ്രമായി. ഇന്നിപ്പോള്‍ പട്ടായയിലെ രാത്രികളാണ് ആ നഗരത്തിന്റെ പ്രധാന ആകര്‍ഷണം. മത്സ്യം, സ്വര്‍ണം, കൃഷി, രത്‌നങ്ങള്‍, കരകൗശലവസ്തുക്കള്‍...പട്ടായ അങ്ങിനെയും ജീവിക്കുന്നുണ്ട്.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.