ഡെസ്റ്റിനേഷന്‍ - വിദേശം

ക്രബ്ബിയും ഫിഫിയും ഞങ്ങളും

Posted on: 08 Dec 2011

Text: Beena Mohan, Photos: K U Mohan

 

സഞ്ചാരികളുടെ പറുദീസയായ തായ് ദ്വീപുകളിലൂടെ, വര്‍ണ്ണശബളമായ ബാങ്കോക്കിലൂടെ..


യാത്രകളോടുള്ള എന്റെ അഭിനിവേശം തുടങ്ങുന്നത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വായിച്ച എസ്.കെ. പൊറ്റക്കാടിന്റെ യാത്രാ വിവരണങ്ങളിലൂടെയാണ്. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലിരുന്ന് അന്ന് ഞാന്‍ ലോകസഞ്ചാരം നടത്തുകയും പുറത്തിറങ്ങി സഞ്ചരിക്കുന്നവരോട് അസൂയപ്പെടുകയും ചെയ്തു. ഏതായാലും ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരുന്ന, ചെയ്യുന്ന ഒരു ജീവിതപങ്കാളി എന്റെ ആഗ്രഹങ്ങള്‍ക്കൊരനുഗ്രഹമായി...

ഇത്തവണത്തെ മധ്യവേനലവധിക്ക് ഞങ്ങള്‍ ലക്ഷ്യമിട്ടത് തായ്‌ലന്‍ഡായിരുന്നു. തായ്‌ലാന്‍ഡിലെ ദ്വീപസമൂഹങ്ങള്‍ നല്ല ഹോളിഡേ ഡെസ്റ്റിനേഷനാണെന്ന് കൂട്ടുകാരില്‍ നിന്ന് കേട്ടിട്ടുണ്ട്. പക്ഷെ ടിക്കറ്റുകളൊക്കെ ബുക്ക് ചെയ്തതിന് ശേഷമാണറിയുന്നത് ബാങ്കോക്കില്‍ സര്‍ക്കാറിനെതിരായി കര്‍ഷകര്‍ നടത്തുന്ന 'റെഡ് ഷര്‍ട്ട് പ്രൊട്ടസ്റ്റ്' (Red Shirt Protest) മൂര്‍ദ്ധന്യത്തിലാണെന്ന്. ആ കാരണം കൊണ്ടും ബാങ്കോക്ക് മുംബൈ പോലെ ഒരു കോണ്‍ക്രീറ്റ് നഗരം ആണ് എന്നതുകൊണ്ടും ഷോപ്പിങ്ങാണ് പ്രധാന ആകര്‍ഷണം എന്നതിനാലും യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ബാങ്കോക്കിനെ ഗൗനിച്ചില്ല. തിരിച്ചുവരവില്‍ ഒരു രണ്ട് ദിവസം, അത്രയേ ബാങ്കോക്കില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തുള്ളു!

മുംബൈയില്‍ നിന്നും ബാങ്കോക്കിലെത്തിയ ഞങ്ങളെ എയര്‍പോര്‍ട്ടില്‍ വരവേറ്റത് കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ടുള്ള വലിയൊരു ബോര്‍ഡാണ്. 'റെഡ്ഷര്‍ട്ട് പ്രൊട്ടസ്റ്റ് അക്രമാസ്‌കതമായതിനാല്‍ പകല്‍ മുഴുവന്‍ തായ് സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നു'. പത്ത് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ ബാങ്കോക്കില്‍ തിരിച്ചെത്തുന്നത്. അപ്പോഴേക്കും കര്‍ഫ്യു തീരും എന്ന പ്രത്യാശയില്‍ ഞങ്ങള്‍ കണക്ടിങ് ഫ്ലൈറ്റ് വഴി യാത്രയുടെ ആദ്യ ഡെസ്റ്റിനേഷന്‍ ആയ ക്രബ്ബി (Crabi) എന്ന ദ്വീപിലെത്തി. കേരളത്തോട് വളരെ സാമ്യമുള്ള ഒരു കൊച്ചുദ്വീപാണ് ക്രബ്ബി. തിളങ്ങി നില്‍ക്കുന്ന അതിമനോഹരമായ നീല കടല്‍ തന്നെയാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ആകാശവും കടലും കൂടി രമിച്ചങ്ങനെ കിടക്കുന്നതിനിടയില്‍ അവിടവിടെയായി ഉയര്‍ന്നു നില്‍ക്കുന്ന ലൈംസ്റ്റോണ്‍ പാറക്കൂട്ടങ്ങള്‍! തായ്‌ലാന്‍ഡിന്റെ ഈ കോണിലാണോ സ്വര്‍ഗ്ഗം എന്ന് തോന്നിപ്പോവും!

അധികം ആള്‍താമസമില്ലാത്ത ദ്വീപാണ് ക്രബ്ബി. ജനങ്ങളുടെ മുഖ്യഉപജീവനമാര്‍ഗ്ഗം ടൂറിസമാണ്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകളാണ് കടല്‍ത്തീരത്തിന്നഭിമുഖമായി നിരന്ന് കിടക്കുന്നത്. ഇടയില്‍ വീതിയേറിയ റോഡും. റോഡില്‍ അതിഥികളെയും കാത്ത് നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയുടെ കൂടപ്പിറപ്പ് എന്ന് പറയാന്‍ പാകത്തില്‍ 'ടുക് ടുക്'. റിക്ഷയുടെ ബോഡിയില്‍ ഒരു സ്‌കൂട്ടര്‍ കൂടി ഘടിപ്പിച്ചതു പോലെ. എല്ലാ നിരത്തുകളിലും ധാരാളമായി തായ് മസ്സാജ് സെന്ററുകള്‍ കാണാം. ആയു പ്രഷര്‍ (ayupressure) ഉപയോഗിച്ചുള്ള തായ്മസ്സാജ് വളരെ പ്രസിദ്ധമാണ്. സ്ത്രീകള്‍ മാത്രമേ ഈ രംഗത്ത് ഉള്ളു. ഇന്ത്യന്‍ രൂപ 290 കൊടുത്താല്‍ ഒരു മണിക്കൂര്‍ നീളുന്ന ഒരു ഫുട്ട് മസാജ് ചെയ്തു കിട്ടും. ഫുള്‍ബോഡി മസ്സാജിന് ഏകദേശം ഇരട്ടിയോളമാകും. നല്ല ഭംഗിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്ത്രീകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി പലതരം അടവുകള്‍ പയറ്റുന്നു!

'മീന്‍ മസ്സാജാണ്' ഏറ്റവും പുതിയ കണ്ടു പിടുത്തം. നിറയെ കുഞ്ഞു മീനുകളുള്ള ഒരു സ്ഫ്ടിക പാത്രത്തിലേക്ക് കാലുകള്‍ ഇറക്കിവെയ്ക്കുക. നിമിഷനേരം കൊണ്ട് കുഞ്ഞുമീനുകള്‍ കാല്‍പ്പാദങ്ങള്‍ പൊതിഞ്ഞ്, മൃതകോശങ്ങളെ ഭക്ഷിക്കുന്നു. മീനും ഹാപ്പി, മസ്സാജ് സെന്ററുകളും ഹാപ്പി, കസ്റ്റമറും ഹാപ്പി!

അധികം റിസോര്‍ട്ടുകളും കടലോരത്താണ്. പകല്‍ മുഴുവന്‍ നീന്തി തിമിര്‍ക്കാം. വൈകുന്നേരം കടല്‍ക്കാറ്റുമേറ്റ് തീരത്തിരുന്ന് സ്വല്‍പ്പം മദ്യം നുണയാം (മദ്യ പ്രേമികള്‍ക്ക്). ഭക്ഷണം മിക്കതും നോണ്‍ വെജിറ്റേറിയനാണ്. മീന്‍, ചിക്കന്‍, പോര്‍ക്ക് ഇവയ്ക്ക് പുറമേ സഞ്ചരിക്കുന്ന ഏത് ഇഴജന്തുവിനേയും തായ്‌ലന്‍ഡുകാര്‍ അകത്താക്കും. റോഡ് സൈഡില്‍ പലതരത്തിലുള്ള വണ്ടുകളും വിരകളും വറുത്ത് വെച്ചിരിക്കുന്നത് കാണാം. ലെമണ്‍ ഗ്രാസ്സും തേങ്ങാപ്പാലും എല്ലാ വിഭവങ്ങളിലും ധാരാളമായി ഉപയോഗിക്കുന്നു. ചോറ് മെനുവിലെ പ്രധാന ഐറ്റമായത് മലയാളികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹം തന്നെ. ഭക്ഷണത്തിനായി സുരക്ഷിതമെന്ന് തോന്നുന്ന കുറച്ച് വിഭവങ്ങള്‍ ഞങ്ങള്‍ ചികഞ്ഞെടുത്തു. തായ് വെജ് കറി, ചിക്കന്‍ ഗ്രീന്‍ കറി, ചിക്കന്‍ റെഡ് കറി, സ്പ്രിങ് റോള്‍, ഡംപ്ലിങ്...
Go to Pages »
1| 2 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/