
ആനകളുടെ അനാഥാലയം
Posted on: 15 Feb 2012
Text : Anjana Sasi, Photos: Prasad Ram

കുഴിബോംബ് പൊട്ടി കാല് തകര്‍ന്നും വെടിയുണ്ടയേറ്റ് കണ്ണുപോയും നരകിക്കുന്ന കൊമ്പന്മാര്‍,അമ്മമാര്‍ നഷ്ടപ്പെട്ട കുഞ്ഞാനകള്‍... ചങ്ങലക്കെട്ടുകളുടെ പാരതന്ത്ര്യമില്ലാതെ, ഒറ്റപ്പെടലിന്റെ കൂച്ചുവിലങ്ങില്ലാതെ വിഹരിക്കാന്‍ അവര്‍ക്കൊരിടം. ശ്രീലങ്കയിലെ പിന്നാവാല എലിഫന്റ് ഓര്‍ഫനേജ്...
ശ്രീലങ്കയിലേക്കൊരു യാത്ര തരപ്പെട്ടപ്പോള്‍ മനസ്സില്‍ ആദ്യം വന്ന ആഗ്രഹം ഏറെ വായിച്ചറിഞ്ഞ ആനകളുടെ അനാഥാലയം ഒന്നു കാണണമെന്നതായിരുന്നു. ആനയെക്കാണാന്‍ ശ്രീലങ്കയില്‍ പോകണോ എന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പരിചയപ്പെട്ട തമിഴ്കുടുംബത്തിലെ ഇളയ സന്തതി മുറി ഇംഗ്ലീഷില്‍ സംശയം ചോദിച്ചപ്പോള്‍ മുതല്‍ യാത്രയുടെ പ്രധാനലക്ഷ്യത്തെപ്പറ്റി മനസ്സില്‍ ചെറിയ സംശയം രൂപപ്പെട്ടിരുന്നു എന്നത് വേറെ സത്യം.
ആനത്താവളം എന്നുകേട്ടാല്‍ കൂട്ടിയിട്ട പട്ടകള്‍ക്കും ആനപിണ്ഡത്തിന്റെ ചൂരിനുമിടയില്‍ ചങ്ങലയ്ക്കിട്ട ആനകളാണ് മനസ്സില്‍ ഓടിയെത്തുക. ചങ്ങലക്കിലുക്കത്തിന്റെ അകമ്പടിയില്ലാതെ ആനയെക്കാണാന്‍ കിട്ടുന്ന അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ കുറവ്. ഇന്ത്യയിലെ വൈല്‍ഡ് ലൈഫ് സാങ്ച്വറികളില്‍ ആനകളെ ചങ്ങലയില്ലാതെ കാണാം എന്നത് വാസ്തവം. പക്ഷേ അപ്പോള്‍ മനുഷ്യര്‍ക്ക് നിശ്ചിത ദൂരപരിധിയുണ്ട്. ഒന്നെങ്കില്‍ അടച്ചുപൂട്ടിയ വാഹനങ്ങളില്‍ നിന്ന് അല്പം ദൂരെ ആനക്കൂട്ടം ചുറ്റിത്തിരിയുന്നതു കാണാം. ഇല്ലെങ്കില്‍ ചങ്ങലയിട്ട് പൂട്ടിയ താപ്പാനയുടെ പുറത്തേറി കാടുകയറണം.
വലിയ കവാടത്തിലൂടെ അകത്തുകയറി ടിക്കറ്റെടുത്തു. ഉള്ളില്‍ ഒരാനെയെപ്പോലും കണ്ടെത്താനായില്ല. രാവിലെ 10 മണിയായിരിക്കുന്നു. ആനകള്‍ കുളിക്കുന്ന സമയമാണ്. 'മാ ഓയ' നദിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിക്കാനെത്തുമെന്ന് ഓര്‍ഫനേജിലെ ജോലിക്കാരന്‍ പറഞ്ഞറിഞ്ഞു. ആനയുടെ കുളി നാട്ടില്‍ കാണാത്തതാണോ എന്ന പരിഹാസത്തോടെ പുഴക്കരയിലെത്തിയപ്പോള്‍ ആകെ പകച്ചുപോയി. പുഴനിറയെ ഇളകുന്ന കരിമ്പാറക്കൂട്ടങ്ങള്‍.. തിരിഞ്ഞുനോക്കുമ്പോള്‍ ചുറ്റും നിന്നവരുടെയെല്ലാം കണ്ണില്‍ ആ വിസ്മയം കാണുന്നുണ്ടായിരുന്നു. തുമ്പിക്കൈയും മുറംപോലത്തെ ചെവിയും വീശി ഒന്നും രണ്ടുമല്ല... നൂറിലധികം വരുന്ന ആനക്കൂട്ടം പുഴയില്‍ മദിച്ചുകുളിക്കുന്നു. പുഴക്കരയില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക പവലിയനുകളുണ്ട്. സ്‌നാക്കുകളും ലഘുപാനീയങ്ങളും വാങ്ങി ആനക്കുളി റിലാക്‌സ് ചെയ്ത് കണ്ടാസ്വദിക്കുകയാണ് വിദേശികളുടെ പട. കരയില്‍ നില്‍ക്കുന്നവരുടെ അടുത്തേക്ക് ചിരപരിചിതരെപ്പോലെ തുമ്പിക്കൈയുമുയര്‍ത്തി കരിങ്കുട്ടികളില്‍ ചിലര്‍ കയറിവരും. പലരും കൈയില്‍ കരുതിയ പഴം നല്‍കും.ആനകള്‍ക്ക് കൊടുക്കാനുള്ള പഴവുമായി ഓടി നടക്കുന്ന തെരുവുകച്ചവടക്കാരുടെ വ്യാപാരവും പൊടിപൊടിക്കുന്നുണ്ട്.
ആനകളില്‍ ചിലര്‍ അപ്പുറത്തെ കാട്ടിലേക്ക് കയറിപ്പോകുന്നു, നാല്പാമരപ്പൊടി തേയ്ക്കുന്നതുപോലെ അവിടെനിന്ന് ദേഹത്ത് മണ്ണുവാരിയിടുന്നു. ആനക്കൂട്ടത്തിനടുത്തുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ എന്റെ ഹാന്‍ഡ് ബാഗ് തട്ടിയെടുക്കാന്‍ നോക്കിയ കുഞ്ഞാനയുടെ പേര് വിശ്വ എന്നാണെന്ന് അറിയാന്‍ കഴിഞ്ഞു. അവള്‍ക്ക് കൂട്ടിന് വേറെ ചില കുട്ടിയാനകള്‍കൂടിയുണ്ട്. രാജു, സിന്ധു, നമലി, അഞ്ജലി അങ്ങനെയങ്ങനെ.. എല്ലാവരും ഈ ഓര്‍ഫനേജില്‍ പിറന്നവര്‍തന്നെ.