ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ഹംപി സ്മൃതി നഗരം

Posted on: 09 Oct 2010

Physel Poyilil, Photos: Nandakumar Moodadi

 

തുംഗഭദ്രയുടെ മടിത്തട്ടിലേക്ക്,
തകര്‍ന്നു പോയ ഒരു മഹത്‌സാമ്രാജ്യത്തിന്റെ
തിരുശേഷിപ്പുകളിലൂടെ..

ഉജ്ജ്വലമായ ഒരു ഭൂതകാലത്തിന്റെ ഗിരിശൃംഗങ്ങളില്‍ നിന്ന് തുംഗഭദ്രയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹത് സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിലൂടെ നിശ്ശബ്ദനായി നടന്നു. കല്ലുകള്‍ ഓരോ കഥകള്‍ പറഞ്ഞു. നഷ്ടപ്പെട്ട സ്വര്‍ഗരാജ്യത്തിന്റെ കഥകള്‍.

മിത്തും യാഥാര്‍ഥ്യവും ചരിത്രവും പുരാണങ്ങളും ഇഴചേര്‍ന്നു പിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ പതിഞ്ഞുകിടക്കുന്ന കല്‍ക്കെട്ടുകളിലും അദൃശ്യനായ ആ രാജശില്പി അത്ഭുതകരമാം വിധം കടഞ്ഞെടുത്ത വന്‍ പാറക്കെട്ടുകളുടെ താഴ്‌വരകളിലും അലഞ്ഞുനടക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം; സങ്കല്പാതീതമായ സമ്പത്താല്‍ അനുഗൃഹീതമായിരുന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തുടിപ്പുകള്‍...., രത്‌നങ്ങളും വൈരങ്ങളും നാഴിക്കും പറയ്ക്കുമളന്ന് കച്ചവടം നടത്തിയിരുന്ന വ്യാപാര കേന്ദ്രങ്ങളിലെ ആരവങ്ങള്‍.

ഭാരതത്തിന്റെ മധ്യകാലഘട്ട ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്ത ഒരു രാജവാഴ്ചയുടെ, സാക്ഷാല്‍ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍പ്പെറ്റ ആസ്ഥാനമായിരുന്നു ഹംപി! മധ്യ കര്‍ണാടകയില്‍ ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തിക്കടുത്ത്, ബെല്ലാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശം. ഭാവനയും ചരിത്രവും ഇഴചേര്‍ത്തു നെയ്ത ഹംപിയുടെ കഥയിലൂടെ പുറകോട്ട് സഞ്ചരിച്ചാല്‍ നാം യുഗങ്ങള്‍ക്കുമപ്പുറത്തേക്കായിരിക്കാം കടന്നെത്തുന്നത്. ഒരുപക്ഷേ ഹംപി എന്ന പേരിനോളം പഴക്കമുള്ള ഒരു കാലഘട്ടത്തിലേക്ക്....!!



2008 മാര്‍ച്ച് 11

രാവിലെ 8.30ന് മഡ്‌ഗോവയിലെത്തുന്ന വാസ്‌കോഡഗാമാ-ഹൗറ അമരാവതി എക്‌സ്പ്രസിനെവിനോദസഞ്ചാരികളുടെ തീവണ്ടി എന്നു വിളിക്കാം. ഗോവ സന്ദര്‍ശിച്ചശേഷം അടുത്ത ലക്ഷ്യസ്ഥാനമായ ഹംപിയിലേക്കുള്ള യാത്രയുടെ തുടക്കം ഇവിടെനിന്നാണ്. 1986ല്‍ യുനെസ്‌കോ, ഹംപിയെ സംരക്ഷിക്കപ്പെടേണ്ട ലോക പൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ചതിനു ശേഷം ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആഗസ്ത് മുതല്‍ മാര്‍ച്ച് വരെ നീളുന്ന സീസണില്‍ ഹംപി ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. മഡ്‌ഗോവയില്‍ നിന്ന് ഹംപിയുടെ പടിപ്പുരയായ ഹോസ്‌പേട്ടിലേക്കുള്ള തീവണ്ടിയാത്ര മറക്കാനാവില്ല. പടിഞ്ഞാറന്‍ മലനിരകളുടെ മരതകകാന്തിയണിഞ്ഞ മഴക്കാടുകളിലൂടെ, എഞ്ചിന്‍ വലിക്കുന്ന എക്‌സ്പ്രസ് വണ്ടി ഒച്ചിഴയുന്ന വേഗത്തില്‍ മലകയറും. നപ്രകൃതിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ഒരു യാനത്ര.... ബാംഗ്ലൂര്‍, ഹൈദരാബാദ് നഗരങ്ങളില്‍ നിന്ന് വിമാനമോ തീവണ്ടിയോ ബസോ പിടിച്ച് ഹോസ്‌പേട്ടിലെത്താം. എങ്കിലും സഞ്ചാരികളുടെ സുവര്‍ണ പാത ഗോവ വഴി ഹോസ്‌പേട്ടിലെത്തുന്ന ഈ റെയില്‍പ്പാളങ്ങള്‍ തന്നെ!

ഹോസ്‌പേട്ടില്‍ നിന്ന് ഹംപിയിലേക്ക് പതിമൂന്ന് കിലോമീറ്റര്‍. ഓട്ടോറിക്ഷ പിടിക്കാം. ഞെട്ടുന്ന ചാര്‍ജൊക്കെ പറയുമെങ്കിലും മര്യാദക്കാരാണ് ഡ്രൈവര്‍മാര്‍. യാത്ര അവസാനിക്കുംമുമ്പ് ഹംപിയിലെ പ്രധാന കാഴ്ചകളെപ്പറ്റിയും താമസസൗകര്യങ്ങളെപ്പറ്റിയുമൊക്കെ ഒരേകദേശ ധാരണ അവര്‍ തരും. ഒരു റൂട്ട് മാപ്പും. ഹോസ്‌പേട്ടില്‍ നിന്നും ഹംപിയിലേക്ക് സര്‍ക്കാര്‍ ബസ് ഉണ്ട്.

തുംഗഭദ്രയുടെ തീരത്ത് പാറക്കൂട്ടങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ട് 25 ചതുരനശ്ര കിലോമീററര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ നഷ്ടസ്മൃതികളിലൂടെ ഒരോട്ടപ്രദക്ഷിണമെങ്കിലും നടത്താന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരും. ഹംപിയെ അറിയാന്‍ ഏറ്റവും നല്ല മാര്‍ഗം കാല്‍നടയാത്ര തന്നെ. അതിനു തയ്യാറല്ലെങ്കില്‍ സൈക്കിളോ, മോട്ടോര്‍ സൈക്കിളോ വാടകയ്‌ക്കെടുക്കാം.



ഹംപിയിലൂടെയുള്ള എല്ലാ യാത്രകളും വിരൂപാക്ഷ ക്ഷേത്രത്തില്‍ നിന്നു തുടങ്ങി ക്ഷേത്രത്തില്‍ തന്നെ അവസാനിക്കുന്നു. കര്‍ണാടകയുടെ നാടന്‍ വിഭവങ്ങള്‍ മുതല്‍ ഇറ്റലി, ഇസ്രായേല്‍, റഷ്യ, ടിബറ്റ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഹോട്ടലുകളുണ്ട്. മുട്ടയൊഴികെ നോണ്‍വെജ് വിഭവങ്ങളൊന്നും ഇവിടെ കിട്ടില്ല.

വിരൂപാക്ഷ ക്ഷേത്രത്തില്‍ നിന്നുമിറങ്ങി ഹംപി ബസാറിലൂടെ നേരെ പോയാല്‍ മാതംഗമലയുടെ താഴ്‌വരയിലെത്തും. അരമണിക്കൂര്‍ മലകയറ്റം. ഹംപിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് എത്തും. വീരഭദ്രക്ഷേത്രത്തിന് മുകളില്‍ കയറിനിന്നാല്‍ ഹംപിയുടെ അനന്യസദൃശമായ വശ്യമനോഹാരിത നമ്മെ ഭ്രമിപ്പിക്കും.

കുന്നിറങ്ങി ഹേമകുടയില്‍ എത്തുക, ഒറ്റക്കല്ലില്‍ തീര്‍ത്ത ഭീമാകാരനായ ഗണപതി വിഗ്രഹം ഇവിടെയാണ്. ''ശശിവേകലു ഗണേശ'' എന്നാണ് ഇവിടത്തുകാര്‍ ഇതിനെ വിളിക്കുന്നത്. ശശിവേകലു എന്നുവെച്ചാല്‍ കടുക് മണി. രണ്ടര മീറ്ററോളം ഉയരമുള്ള ഒരു പീഠത്തിലാണ് ഈ ഗണേശനെ പണിത് ഇരുത്തിയിട്ടുള്ളത്. വിശപ്പു സഹിക്കാഞ്ഞിട്ട് ഒരു പാമ്പിനെ പിടികൂടി വയറ് മുറുക്കികെട്ടിയിരിക്കുന്ന പരുവത്തില്‍!

ഹേമകുടാ കുന്നിന്റെ പടിഞ്ഞാറെ ചരിവിലും ഒരു ഭീമാകാരന്‍ ഒറ്റക്കല്‍ പ്രതിമയുണ്ട്. തകര്‍ക്കപ്പെട്ടിട്ടും മാനം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ലക്ഷ്മീ നരസിംഹ. ഹംപിയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ!

ഈ പ്രദേശങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കരിങ്കല്ലുപയോഗിച്ചു പണിത കെട്ടിടങ്ങളാണ് ഹംപിയില്‍ ഭൂരിഭാഗവും. എന്നാല്‍ ലോട്ടസ് മഹല്‍ പണിതിരിക്കുന്നത് ഇഷ്ടികയും ചാന്തും ഉപയോഗിച്ചാണ്. ഭീമാകാരന്മാരായ ഒറ്റക്കല്‍ തൂണുകളില്‍ തീര്‍ക്കുന്ന വിജയനഗര വാസ്തുശില്പവിദ്യയ്ക്ക് പകരം ഇന്‍ഡോ ഇസ്‌ലാമിക് വാസ്തുശില്പ വിദ്യകളുടെ ഒരു സങ്കര സൃഷ്ടിയാണ് ലോട്ടസ് മഹല്‍.

കൃഷ്ണദേവരായര്‍ ഉദയഗിരി (ഇന്നത്തെ ഒറീസ) പിടിച്ചടക്കിയതിനു സ്മാരകമായി പണിതുയര്‍ത്തിയ ''മഹാനവമി മണ്ഡപം'' ഇതിനടുത്താണ്. റോയല്‍ സെന്‍ട്രലിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കൊട്ടാരത്തിലെ ആനപ്പന്തി.

ഹംപിയിലെ കാഴ്ചകളുടെ കേന്ദ്രബിന്ദു എന്ന് വിശേഷിപ്പിക്കാവുന്ന വിറ്റാലാ ക്ഷേത്രം തുംഗഭദ്ര നദിക്കരയിലാണ്. 15ാം നൂറ്റാണ്ടില്‍ പണിത ഈ ശ്രീരാമ ക്ഷേത്രം വിജയരാജ കാലത്തെ വാസ്തുവിദ്യയുടെ അവസാനവാക്കാണ്.

വിറ്റാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ആയിരം കല്‍ മണ്ഡപം. പതുക്കെ മുട്ടിയാല്‍ സംഗീതം പൊഴിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ഒറ്റക്കല്‍ തൂണുകളില്‍ പണിതുയര്‍ത്തിയ മനോഹരമായ നിര്‍മിതി.

കോദണ്ഡരാമ ക്ഷേത്രം, ചക്രവര്‍ത്തിമാര്‍ തങ്ങളോളം തൂക്കത്തില്‍ സ്വര്‍ണ്ണവും രത്‌നങ്ങളും തൂക്കിയെടുത്ത് ദാനം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ത്രാസ്, പുരന്ദരദാസ മണ്ഡപം, രായഗോപുരം, പതിനായിരത്തെട്ട് ശിവലിംഗങ്ങള്‍ കൊത്തിയ പാറക്കെട്ട്.... ഇവയെല്ലാം കണ്ടു കഴിഞ്ഞാല്‍ വട്ടത്തോണിയില്‍ തുംഗഭദ്രയുടെ മറുകരയിലേക്കു പോകാം. ധൈര്യം കൂടെ വേണം! ചൂരല്‍കൊണ്ടു മെടഞ്ഞ വൃത്താകൃതിയിലുള്ള ഒരു പ്രത്യേകതരം തോണിയാണിത്. ഹംപിയിലെ ഏറ്റവും ചെലവുകുറഞ്ഞ യാത്രാമാര്‍ഗവും! അഞ്ചു രൂപ മാത്രം. നിങ്ങളുടെ കൂടെ സൈക്കിളോ മോട്ടോര്‍സൈക്കിളോ ഉണ്ടെങ്കില്‍ നിരക്ക് ഇരുപത് രൂപവരെയാകാം.

തുംഗഭദ്രാ നദിക്കരെയാണ് അനെഗൊണ്ടി. ഹംപിക്കു മുന്നേ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പ്രദേശം. സീതാ സരോവര്‍, ആഞ്ജനേയാ ഹില്‍, ഋഷിമുഖ്, ചന്ദ്രമൗലീശ്വര ക്ഷേത്രം മുതലായ സ്ഥലങ്ങളും നദിക്കക്കരെ തന്നെ. ഹംപിയിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം കമലാപുരയിലാണ്.

1386 എ.ഡിയില്‍ നിര്‍മിച്ച ജൈനക്ഷേത്രം കമലാപുരയില്‍ നിന്നും വിറ്റാല ക്ഷേനത്രത്തിലേക്കുള്ളവഴിയിലാണ്. അഹമ്മദ്ഖാന്‍ ദര്‍ഗയും മുസ്‌ലിം പള്ളിയും ഈ വഴിയില്‍ തന്നെ.

എണ്ണിയാലൊടുങ്ങാത്ത ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പിലൂടെ നാളുകളേറെ അലഞ്ഞാലും കണ്ടതിലേറെ കാണാന്‍ ഇനിയും ബാക്കിവെക്കുന്നു ഹംപി.... അറിഞ്ഞതിലേറെ പറയാനും....!!
TAGS:
DESTINATION  |  INDIA  |  WRITERS  |  PHYSELPOYILIL  |  NANDAKUMARMOODADI  |  HAMPI  |  KARNATAKA  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/