ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ധ്യാനത്തിന്റെ ഗുഹാമുഖങ്ങള്‍

Posted on: 25 May 2011

Text & Photos: K.R. Vinayan

 

അപൂര്‍വ്വ ശാന്തിയുടെ പ്രകാശം വീഴുന്ന അജന്താ ഗുഹകള്‍,
ചരിത്രത്തിലേക്കും കാലത്തിലേക്കും
കലയുടെ ആത്മാവിലേക്കും നീളുന്ന ഇടനാഴികള്‍.
അജന്തയിലെ ചിത്രശിലാവിസ്മയങ്ങള്‍...

ക്യാമറക്ക് ഒപ്പിയെടുക്കാനാവാത്ത അഭൗമവര്‍ണങ്ങള്‍ Photo: K.R. Vinayan

പുലര്‍ച്ചെ ഔറംഗബാദില്‍ ട്രെയിനിറങ്ങുമ്പോള്‍ ആ സ്ഥലം എനിക്ക് തികച്ചും അപരിചിതമായിരുന്നു. നവംബര്‍ മാസത്തിന്റെ അവസാനദിനങ്ങള്‍. റെയില്‍വേസ്‌റ്റേഷനും പരിസരങ്ങളും മൂടല്‍മഞ്ഞിന്റെ ആവരണത്തിലായിരുന്നു.

സ്റ്റേഷനു കുറുകെ നൂറുമീറ്റര്‍ നടന്നാല്‍ മഹാരാഷ്ട്ര ടൂറിസ്റ്റ് കോര്‍പ്പറേഷന്റെ ഓഫീസിലെത്താം. അവിടെ നിന്നും അജന്തയിലേക്കുളള വിവരങ്ങള്‍ ശേഖരിക്കാം. ഒരു ടാക്‌സി കാറില്‍ തുടര്‍ യാത്ര.

റോഡിന് ഇരുവശവും കണ്ണെത്താ ദൂരം ഗോതമ്പു പാടങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്ന കടുക് തോട്ടങ്ങളും ചെറിയ ഗ്രാമങ്ങളും കടന്നുളള യാത്ര. ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ, ദൂരെ വലിയ കുന്നിന്‍ ചെരിവുകള്‍ കാണാം- ഈ സ്ഥലങ്ങള്‍ പക്ഷെ എനിക്ക് തികച്ചും പരിചിതമായി തോന്നി.

ധാതുലവണങ്ങളില്‍ നിന്നും വ്യത്യസ്ത നിറങ്ങളുള്ള പാറകള്‍ പൊടിച്ചെടുത്ത് ഇലകളിലേയും പഴവര്‍ഗ്ഗങ്ങളിലേയും ചാറ് ചേര്‍ത്ത് അലിയിച്ചെടുത്ത പ്രകൃതിക്കൂട്ടുകളാണത്രേ ചിത്രരചനയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്.
ഔറംഗബാദില്‍ നിന്നും അജന്തയിലേക്ക് ദൂരം നൂറ്റിനാല് കിലോമീറ്റര്‍. അജന്തയിലേക്ക് പോകുന്ന പ്രധാനനിരത്തില്‍ നിന്നും വിപരീത ദിശയിലേക്ക് പോയാല്‍ പ്രസിദ്ധമായ എല്ലോറ ഗുഹകളായി. സ്‌കൂള്‍ കാലം മുതലേ നമ്മള്‍ അജന്ത-എല്ലോറ ഒറ്റപദമായിട്ടാണ് പഠിച്ചു ശീലിച്ചത്. കാശി-രാമേശ്വരം അതുമല്ലെങ്കില്‍ പുന്നപ്ര-വയലാര്‍ പോലെ. ഇപ്പോഴാണ് രണ്ടും വ്യത്യസ്ത ദിശയിലാണെന്ന് ബോധ്യമായത്. മലമടക്കുകള്‍ പിന്നിട്ടാല്‍ വീണ്ടും ചെറിയ ഒറ്റപ്പെട്ട ഗ്രാമങ്ങള്‍. ദൂരെ വയല്‍വരമ്പുകള്‍ക്കിടയിലൂടെ നിറഞ്ഞൊഴുകുന്ന ചെറിയ പുഴ. പിന്നെ കുറെ ഭാഗങ്ങള്‍ തികച്ചും വിജനം.

പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓഫീസിനു മുന്നില്‍ കാര്‍ പാര്‍ക്കുചെയ്ത് കുറച്ച് ദൂരം നടന്നാല്‍ അവര്‍ തന്നെ നടത്തുന്ന ബസ്സ് സ്റ്റാന്‍ഡില്‍ എത്താം. ശേഷം ബസ്സില്‍, ഏഴു കിലോമീറ്ററോളം വനത്തിലൂടെയുള്ള യാത്ര.

ദൂരെ കുന്നിന്‍ മുകളില്‍ നിന്നും നോക്കിയാല്‍, കനത്ത കരിമ്പാറക്കെട്ടുകള്‍ക്കിടയില്‍ താഴെ മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന വാഗോറ നദി. നദിയുടെ വശങ്ങളില്‍ അര്‍ദ്ധചന്ദ്രക്കലയുടെ ആകൃതിയില്‍ നീണ്ടുകിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലാണ് പ്രസിദ്ധമായ അജന്താ ഗുഹകള്‍. ആറ് കിലോമീറ്ററോളം നീളത്തിലുള്ള പാറകള്‍ ഉള്ളിലേക്ക് തുരന്ന് നിര്‍മ്മിച്ചിട്ടുള്ള മുപ്പതോളം ഗുഹകള്‍.

ഭൂരിഭാഗം ഗുഹകളിലേക്കുമുള്ള പ്രവേശനദ്വാരം അര്‍ദ്ധവൃത്താകൃതിയിലാണ്. കിഴക്കോട്ട് അഭിമുഖമായതിനാല്‍ സൂര്യോദയത്തോടെ ഗുഹകളിലേക്ക് വെളിച്ചമെത്തുന്നു.
ബി.സി 200നും എ.ഡി 250നും ഇടയില്‍ പലപ്പോഴായാണ് ഇവ നിര്‍മ്മിച്ചത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം, വേട്ടയ്‌ക്കെത്തിയ ബ്രിട്ടീഷ് ക്യാപ്റ്റന്‍ ജോണ്‍ സ്മിത്ത് ആണ് അവിചാരിതമായി ശ്രദ്ധയില്‍പ്പെട്ട- തലമുറകളോളം ശ്രദ്ധയില്‍പ്പെടാതയും, അന്വേഷിയ്ക്കപ്പെടാതയും കിടന്ന, ഈ ഗുഹാമുഖങ്ങളെ പുറം ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചത്.

ഗുഹകളെല്ലാം പുഴയ്ക്കഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. കാലത്ത് എട്ടുമണിമുതല്‍ ഏതാണ്ട് രണ്ടുമണി വരെ ഗുഹകള്‍ക്ക് അരികിലും, ചിലയിടത്ത് ഉള്ളറകളിലും വെളിച്ചം വീണു കിടക്കും, ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് എന്നെ ഏറ്റവും ആഹ്ലാദിപ്പിച്ച കാര്യം. ക്യാമറയുമേന്തി ഞാന്‍ ഗുഹകളിലൂടെ യാത്ര ആരംഭിച്ചു. വെളിച്ചം കുറവാണ്. ഗുഹകളിലെ ശില്പങ്ങള്‍ക്കും ചുമര്‍ചിത്രങ്ങള്‍ക്കും നേരിയ തോതില്‍ ആകര്‍ഷകമായ വെളിച്ചവിതാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സാധാരണ ക്യാമറിയില്‍ അവ പകര്‍ത്താനാവില്ല. ട്രൈപ്പോഡും ഫ്ലാഷ് ലൈറ്റും അനുവദിക്കുന്നുമില്ല.

മിക്ക ഗുഹകളിലും ചിത്രങ്ങളും ശില്‍പ്പങ്ങളുണ്ട്. ജാതകകഥകളെ മുന്‍നിര്‍ത്തി, രാജകുമാരനില്‍ നിന്നും ഗൗതമബുദ്ധനിലേക്കുള്ള പരിണാമത്തിന്റെ വ്യത്യസ്ത അവസ്ഥകളെ അടിസ്ഥാനമാക്കിയിട്ടുള്ളവ.
ഇരുണ്ട കരിങ്കല്‍ ചുവരിന്റെ പ്രതലങ്ങളില്‍ മങ്ങിയ മഞ്ഞയും തവിട്ടും നിറങ്ങള്‍ നിറഞ്ഞതാണ് ഭൂരിഭാഗം ചിത്രങ്ങളും. കാലപ്പഴക്കം കൊണ്ട് നീലയും പച്ചയും കറുപ്പും ചുമപ്പുമായി ഏതാണ്ട് നരച്ച പ്രകൃതമാണ്. പക്ഷേ വളരെ അടുത്ത് ചെന്ന് ചിത്രങ്ങള്‍ പഠിക്കാന്‍ ഒരുങ്ങുമ്പോള്‍ നമ്മള്‍ അത്ഭുതം കൊണ്ട് മരവിച്ച് പോകും. ചിത്രങ്ങളും ശില്പങ്ങളും നേരിയ അംശങ്ങളില്‍ പോലും വളരെ സൂക്ഷമമായ വിശദീകരണങ്ങള്‍ ഉളളവയാണ്.
അജന്തയിലെ ഒന്നു മുതല്‍ മുപ്പത്് വരെയുള്ള മിക്ക ഗുഹകളിലും ചിത്രങ്ങളും ശില്‍പ്പങ്ങളുണ്ട്. പൂര്‍ണമായും ബുദ്ധ ചരിതത്തിന്റെ വിവിധ ദശകളിലെ സംഭവങ്ങളെ കോര്‍ത്തിണക്കുന്നവ. ജാതകകഥകളെ മുന്‍നിര്‍ത്തി, രാജകുമാരനില്‍ നിന്നും ഗൗതമ ബുദ്ധനിലേക്കുള്ള പരിണാമത്തിന്റെ വ്യത്യസ്ത അവസ്ഥകളെ അടിസ്ഥാനമാക്കിയിട്ടുള്ളവ.

ഭൂരിഭാഗം ഗുഹകളിലേക്കുമുള്ള പ്രവേശനദ്വാരം അര്‍ദ്ധവൃത്താകൃതിയിലാണ്. കിഴക്കോട്ട് അഭിമുഖമായതിനാല്‍ സൂര്യോദയത്തോടെ ഗുഹകളിലേക്ക് വെളിച്ചമെത്തുന്നു. ഈ വെളിച്ചം നിലത്തു തളംകെട്ടി നിര്‍ത്തുന്ന വെള്ളത്തില്‍ പ്രതിബിംബിപ്പിച്ചിട്ടാണത്രെ ചുമരുകളിലും തൂണുകളിലും മുകള്‍ വശങ്ങളിലും ചിത്രപ്പണികളും ശില്പങ്ങളും നിര്‍മ്മിച്ചത്! ഉച്ചവെയില്‍ ചാഞ്ഞ് തുടങ്ങുമ്പോള്‍ ഗുഹകള്‍ക്ക് പുറത്ത് നേരിയ തിളങ്ങുന്ന തകര പലകകള്‍ നിരത്തി, അവയിലൂടെ സൂര്യവെളിച്ചം വീണ്ടും വെള്ളത്തിലേക്ക് വീഴ്ത്തി സന്ധ്യയാവുന്നത് വരെ, മഹാമുനികളെ പോലെ ഏകാഗ്രതയോടെ ആ ശില്പികള്‍ ജോലി ചെയ്തു.

Map of Ajanta Caves. Illustration: KKRavi
അവസാനിക്കാത്ത വിസ്മയമാണ് അജന്തയിലെ ഗുഹകള്‍. നീണ്ടു പരന്നു കിടക്കുന്ന പാറകള്‍ ഉള്ളിലേക്ക് തുരന്ന് നിര്‍മ്മിച്ചവ. വിശാലമായ മണ്ഡപങ്ങളടങ്ങിയ 'വിഹാരങ്ങള്‍'. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായുള്ള 'ചൈത്യങ്ങള്‍'. ചിലതിന് രണ്ടും മൂന്നും നിലകള്‍. താഴത്തെ നിലകളില്‍ നിന്നും വളഞ്ഞു പുളഞ്ഞു പോകുന്ന ചുറ്റുഗോവണികള്‍. വിശാലമായ വരാന്തകള്‍, അവയ്ക്കരികില്‍ വീതിയേറിയ തിണ്ണകള്‍... സൂക്ഷ്മമായ പരിശോധനയില്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി, ഈ പാറകളത്രയും തുരന്ന് പുറത്തെടുത്ത അവശിഷ്ടങ്ങളില്‍, ഒരു ചെറിയ പാറകഷ്ണം പോലും പരിസരത്തെവിടേയും ഉപേക്ഷിച്ചതായി കാണുന്നില്ല എന്നതാണ്!

ഒന്നു മുതല്‍ പതിനാറു വരെയുള്ള ഗുഹകളാണ് കൂട്ടത്തില്‍ പ്രാധാന്യമേറിയവ. ബാക്കി വരുന്ന പല ഗുഹകളും അപൂര്‍ണമാണ്. പ്രധാന ഗുഹകളിലെ ചിത്രങ്ങള്‍ക്കും അലങ്കാരത്തൂണുകള്‍ക്കും ശില്പങ്ങള്‍ക്കും പൂര്‍ണത തോന്നിക്കും. അവ ഒരുക്കുന്നതിന് വളരെ സൂക്ഷ്മമായ പഠനങ്ങളും തയ്യാറെടുപ്പുകളും നടന്നിട്ടുണ്ടെന്ന് വ്യക്തം. ഒരു പക്ഷേ പാറകള്‍ക്ക് മുകളിലോ പുഴയോരത്തെ വിശാലമായ തിട്ടുകളിലോ ആയിരിക്കാം അതിന്റെ സ്‌കെച്ച് ഒരുക്കിയിട്ടുണ്ടാവുക. ഗുഹകള്‍ക്കുളളിലെ പരുത്ത കരിങ്കല്‍ ഭിത്തികളില്‍ കളിമണ്ണും ചാണകവും പുല്ലും മൃഗങ്ങളുടെ രോമങ്ങളും കൊണ്ടുണ്ടാക്കിയ മിശ്രിതം കനത്തില്‍ പരത്തി, മുകളില്‍ ചുണ്ണാമ്പു പശ തേച്ച് പിടിപ്പിച്ച്, അതിന് മുകളിലാണ് ചിത്രരചന നടത്തിയിട്ടുള്ളത്.

ഈ ഗുഹകളിലൂടെയുള്ള യാത്ര ബുദ്ധന്റെ ജീവിതത്തിലൂടെയുള്ള യാത്രയായി എനിക്ക്. ഓരോ നിമിഷവും തഥാഗതന്റെ ദയാനിര്‍ഭരമായ കണ്ണുകള്‍ എന്നെ അനുഗമിച്ചു.
ധാതുലവണങ്ങളില്‍ നിന്നും വ്യത്യസ്ത നിറങ്ങളുള്ള പാറകള്‍ പൊടിച്ചെടുത്ത് ഇലകളിലേയും പഴവര്‍ഗ്ഗങ്ങളിലേയും ചാറ് ചേര്‍ത്ത് അലിയിച്ചെടുത്ത പ്രകൃതിക്കൂട്ടുകളാണത്രേ ചിത്രരചനയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. ഫോട്ടോ എടുക്കാന്‍ പോലും മറന്ന് പലപ്പോഴും ഞാന്‍ അവയ്ക്ക് മുന്നില്‍ കാഴ്ച്ചക്കാരനായി നിന്നു പോയി. ബുദ്ധ ചരിത്രം ഗൗരവമായി പഠിക്കാത്തയാളാണ് ഞാന്‍. ഈ ഗുഹകളിലൂടെയുള്ള യാത്ര ബുദ്ധന്റെ ജീവിതത്തിലൂടെയുള്ള യാത്രയായി എനിക്ക്. ആ ജീവിതത്തിന്റെ പരിണാമ ദശകളിലൂടെ ഞാന്‍ ഓരോ നിമിഷവും കടന്നു പോയി. തഥാഗതന്റെ ദയാനിര്‍ഭരമായ കണ്ണുകള്‍ എന്നെ അനുഗമിച്ചു. ക്യാമറക്ക് ഒപ്പിയെടുക്കാനാവാത്ത അഭൗമവര്‍ണങ്ങള്‍ എനിക്കു ചുറ്റും നിറഞ്ഞു.

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/