
ലഡാക്കിന്റെ ഹൃദയതാളങ്ങള്‍
Posted on: 17 Jan 2012
Text & Photos: N J Antony

ഹിമാലയ പര്‍വ്വതനിരകളും കാരക്കോറം മലകളും ഇന്ത്യന്‍ മണ്‍സൂണിന്റെ വരവിനെ തടയുന്ന ഈ മഴനിഴല്‍ പ്രദേശത്തെ താഴ്‌വാരങ്ങളില്‍ ഒഴുകിയുണ്ടാവുന്ന കുറെ നദികളും തടാകങ്ങളുമുണ്ട്. രണ്ടുമൂന്ന് തടാകങ്ങള്‍ ഏതര്‍ത്ഥത്തിലും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. മനാലി-ലേ ഹൈവേയില്‍ പാങ് (ജമിഴ) എന്ന സ്ഥലത്ത് നിന്നും 35 കി.മീ കഴിയുമ്പോള്‍ ദേബ്രിങ് (Debring) എന്ന ഇടത്താവളം. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 35 കി.മീ പോയാല്‍ സോക്കര്‍ തടാകം കാണാം. ഉപ്പ് തടാകം എന്നറിയപ്പെടുന്ന (Tsokar Lake) സമുദ്രനിരപ്പില്‍ നിന്നും 16500 അടി ഉയരത്തിലാണ്. തടാകതീരത്ത് ഉപ്പുകൂനകള്‍. നോമാഡികള്‍ 'പഷ്മിന' ഷോളുകള്‍ക്കൊപ്പം ഇവിടുത്തെ ഉപ്പും കച്ചവടം ചെയ്യുന്നു. മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കാഴ്ച്ചയുടെ ആഘോഷമാണീ തടാകം. ഇവിടെ നിന്നും ദുര്‍ഘട പാതയിലൂടെ രണ്ടു മണിക്കൂര്‍ കൂടി മുന്നോട്ട് പോയാല്‍ സോമോരിരി (Tso Moriri) തടാകം. 28 കി.മീ നീളവും 8 കി.മീ വീതിയുമുള്ള ഈ കൊച്ചു കടലിന്റെ തീരങ്ങളില്‍ മഞ്ഞുമലകളുടെ കണ്ണഞ്ചിപ്പിക്കുന്ന ധവളിമ. അഞ്ഞൂറോളം ആളുകള്‍ പാര്‍ക്കുന്ന കര്‍സോക്ക് (Karzok) എന്ന സുന്ദരവും പുരാതനവുമായ ഗ്രാമം, തടാക തീരത്ത് സന്ദര്‍ശകര്‍ക്ക് ആതിഥ്യമേകും. എത്രനാള്‍ താമസിച്ചാലും മതി വരാത്ത അനുഭവം!
ലേയില്‍ നിന്നും 148 കി.മീ ദൂരെയാണ് പാങ്ങോങ്ങ് തടാകം. ലേ-മനാലി റോഡില്‍ 35 കി.മീ താണ്ടുമ്പോള്‍ കാരു എന്ന ചെറിയ കവല. കാരുവില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് 43 കി.മീ അകലെയുള്ള ചാങ്‌ലാ ചുരം (17800 അടി) കടന്നു വേണം തടാക തീരത്തെത്തുവാന്‍. ചുരം കയറുമ്പോള്‍ താഴ്‌വാരത്ത് 'ഷാക്തി' എന്ന ഗ്രാമം. കൃഷി ഭൂമി ഏറെയുള്ള ഈ ഗ്രാമത്തില്‍ ബാര്‍ളിയും ഗോതമ്പും പച്ചക്കറികളും മരങ്ങളും സമൃദ്ധമാണ്. ചുരം റോഡിന്റെ ഓരോ തിരിവുകളിലും യാത്രികന്റെ കാഴ്ച്ച, അകന്നു പോകുന്ന ഈ ഹരിത ഗ്രാമത്തിന്റെ മനോഹാരിതയില്‍ തന്നെയാവും. ചുരത്തിന് മുകളില്‍ വഴിയരുകിലെ ദൈവിക രക്ഷകനായ ചാങ്‌ലാ ബാബയുടെ ക്ഷേത്രം. തൊട്ടടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ കൂടാരങ്ങളിലൊന്നില്‍ സന്ദര്‍ശകര്‍ക്ക് ചൂട് ചായ. ചുരം താണ്ടിയിറങ്ങുമ്പോള്‍ യാക്കുകളെ കൂട്ടമായി വളര്‍ത്തുന്ന നോമാഡികളുടെ താവളം, വീണ്ടു മുന്നോട്ട് പോയി തടാക തീരത്ത് എത്തും മുന്‍പ് 'പാഗല്‍ നാല' എന്ന ഭ്രാന്തന്‍ ഉറവ. മഞ്ഞ് മലകളുടെ ഇടയിലൂടെ കാണുന്ന ഈ ഉറവയില്‍ ജലം കാണ്‍മാനില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. റോഡിന് മുകളിലും താഴെയും പല വലിപ്പത്തിലും നിറത്തിലും കല്ലുകള്‍ ചിതറിക്കിടക്കുന്നു. മധ്യാഹ്നമകന്നാല്‍ ഈ ഉറവ ഏതു സമയത്തും പാഞ്ഞു വന്ന് റോഡ് മുറിച്ച് കടക്കും. മഞ്ഞുരുകി വരുന്ന പാച്ചിലില്‍ കല്ലുകളും ഉണ്ടാകും. അത് പലപ്പോഴും വാഹനങ്ങളേയും മനുഷ്യരെയും കൊണ്ടുപോയിട്ടുണ്ട്.
കുന്നിറങ്ങുന്ന റോഡില്‍ നിന്നും തടാകത്തിന്റെ വര്‍ണ്ണോത്സവക്കാഴ്ച്ച. തെളിഞ്ഞ നീലാകാശത്തില്‍ വെണ്‍മേഘശകലങ്ങള്‍. അവയുടെ നിഴലുകള്‍ ചിതറി വീഴുന്ന ഊഷരമായ കുന്നുകളിലെ വൈവിധ്യമാര്‍ന്ന പാറകളും മണല്‍തിട്ടകളും സമുദ്രനിരപ്പില്‍ നിന്നും 14350 അടി ഉയരത്തില്‍ 136 കി.മീ നീണ്ടുകിടക്കുന്ന പാങ്ങോങ് തടാകം (Pangong Tso).