തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ (MVD) 60 സേവനങ്ങൾ തിങ്കളാഴ്ചമുതൽ ആധാർ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ രേഖകൾ എന്നിവ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകർക്കേ ഈ സൗകര്യം ലഭ്യമാകൂ. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

To advertise here,

അപേക്ഷ സമർപ്പിക്കുമ്പോൾ ഉടമയുടെ ആധാർബന്ധിത മൊബൈൽഫോണിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡാണ് സുരക്ഷാക്രമീകരണം. വാഹനം വിൽക്കുമ്പോൾ വാങ്ങുന്നയാളും വിൽക്കുന്നയാളും ഇത്തരത്തിൽ ആധാർ ഒ.ടി.പി.വെച്ച് അപേക്ഷ പൂർത്തീകരിക്കണം. ഓഫീസിൽ എത്തേണ്ടതില്ല. ഇതേരീതിയിൽ ഓരോ സേവനങ്ങൾക്കും ആധാർ ഒ.ടി.പി. നിർബന്ധമാക്കും. ഓഫീസ് നടപടിക്രമങ്ങളും ലഘൂകരിച്ചതായി അധികൃതർ അറിയിച്ചു

ആധാർ ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് അതിനുള്ള സൗകര്യമുണ്ടാകും. അതിനുശേഷമേ അപേക്ഷ നൽകാൻ കഴിയൂ. അപേക്ഷകൾക്ക് മുൻഗണനാക്രമമുണ്ടാകും. ഉദ്യോഗസ്ഥരുടെ താത്പര്യത്തിന് അനുസരിച്ച് ഇടനിലക്കാരുടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയാനും കഴിയില്ല.

നിലവിൽ 21 സേവനങ്ങൾമാത്രമാണ് ആധാർ അധിഷ്ഠിതം. ഹിയറിങ് ഉൾപ്പെടെ ഓഫീസുകളിൽ ഹാജരാകേണ്ട അപേക്ഷകളിൽ സമയം നിശ്ചയിക്കാൻ പ്രത്യേക പോർട്ടൽ നിലവിൽവരും. ഇതിലൂടെ അപേക്ഷകർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.

ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു

വാഹൻ സോഫ്റ്റ്‌വേറിൽ അപ്ഡേഷൻ നടന്നതിനാൽ ഞായറാഴ്ച ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള സ്‌പെഷ്യൽ പെർമിറ്റ് വിതരണം ഉൾപ്പെടെ തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെയോടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു.