പ്രമേഹ പ്രതിരോധത്തെ രാജ്യത്തിന്റെ മുൻഗണാവിഷയങ്ങളിൽ പെടുത്തണമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ഇന്ത്യയിലെ ഗ്രാമങ്ങളും പ്രമേഹരോഗ വ്യാപനത്തിൽ നിന്ന് മുക്തമല്ലെന്നും സാമൂഹിക പങ്കാളിത്തം, സാങ്കേതികവിദ്യ, ഡാറ്റ എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യയുടെ (RSSDI) ഡയബറ്റിസ് റൂറൽ ഔട്ട്റീച്ച് ഡിജിറ്റൽ പോർട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

നേരത്തെയുള്ള കണ്ടെത്തൽ, സമയബന്ധിതമായ ഇടപെടൽ, തുടർച്ചയായുള്ള നിരീക്ഷണം തുടങ്ങിയവ പ്രമേഹ പ്രതിരോധത്തിൽ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണം, ശാസ്ത്ര ഗവേഷണം, ഡിജിറ്റൽ നവീകരണം എന്നിവയിൽ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ നേട്ടങ്ങൾ ഗ്രാമീണരിലേക്കും ഉൾപ്രദേശങ്ങളിലേക്കും എത്തിക്കുക എന്നതാണ് വെല്ലുവിളി. ഗ്രാമപ്രദേശങ്ങളിലും പ്രമേഹരോഗികളുടെ നിരക്ക് കൂടുതലാണ്. രോഗം നേരത്തെ കണ്ടെത്തുന്നതിനൊപ്പം ജീവിത ശൈലിയിലെ മാറ്റവും തുടർച്ചയായുള്ള നിരീക്ഷണവും അത്യാവശ്യമാണ്.

സർക്കാർ ഏജൻസികൾ, അക്കാദമിക സ്ഥാപനങ്ങൾ,ടെക്നോളജി പാർട്നർമാർ, സ്വകാര്യ സംഘടനകൾ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ എന്നിവർ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തി പ്രമേഹ പ്രതിരോധത്തിനും പരിപാലനത്തിനും ഏകോപിതമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് മതിയായ അളവിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതിനാലോ അല്ലെങ്കിൽ ഉത്പാദിപ്പിക്കപ്പെട്ട ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടോ ഈ അവസ്ഥയുണ്ടാകാം. നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം ഗുരുതര രോഗങ്ങൾക്ക് കാരണമാകും. ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികൾ പരിശോധിക്കാം.

മധുരപാനീയങ്ങൾ ഒഴിവാക്കാം

അമിതമായ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങൾ പ്രമേഹസാധ്യത വർധിപ്പിക്കുന്നു. ധാരാളം പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ശരീരഭാരം വർധിപ്പിക്കാനും കാരണമാകും. ഇവയ്ക്ക് പകരം, സാധാരണ വെള്ളമോ, പഞ്ചസാര ചേർക്കാത്ത ചായയോ കാപ്പിയോ ശീലമാക്കാം. കൂടാതെ, ജ്യൂസും സ്മൂത്തിയും ഒഴിവാക്കുന്നതാകും നല്ലത്.

ഉയർന്ന കാർബോഹൈഡ്രേറ്റ്

സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കും. ഇത് പ്രമേഹസാധ്യത വർധിപ്പിക്കുന്നു. റൊട്ടി, ചോറ് എന്നിവയ്ക്ക് പകരം ബ്രൗൺ റൈസ്, ഹോൾവീറ്റ് പാസ്ത, ഓട്സ്, ഹോൾമീൽ ബ്രെഡ് എന്നിവ ഉപയോഗിക്കാം. കടല, ബീൻസ്, പയർ വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും കഴിയ്ക്കാം. ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ അമിതവണ്ണം, ഹൃദ്രോഗം, കാൻസർ എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു.

റെഡ് മീറ്റ് കുറയ്ക്കാം

ഇറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയ റെഡ് മീറ്റും ബേക്കൺ, സോസേജ് പോലുള്ള സംസ്കരിച്ച മാംസങ്ങളും പരിമിതപ്പെടുത്താം. ഇവ ടൈപ്പ് 2 പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും അർബുദങ്ങൾക്കും കാരണമാവുകയും ചെയ്യും. പ്രോട്ടീനിനായി പയറുവർഗങ്ങൾ, മുട്ട, മത്സ്യം, ചിക്കൻ, ടർക്കി, ഉപ്പില്ലാത്ത നട്സ് എന്നിവ കഴിക്കാം.

മധുരം ചേർക്കാത്ത പാൽ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം

മധുരം ചേർക്കാത്ത തൈര്, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത കുറച്ചേക്കും. മറ്റ് യോഗർട്ടിനെ അപേക്ഷിച്ച് മധുരം ചേർക്കാത്ത ഗ്രീക്ക് യോഗർട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പാലിന്റെ കാര്യവും അങ്ങിനെത്തന്നെ.

മദ്യപാനം ഒഴിവാക്കണം

അമിതമായ മദ്യപാനം ടൈപ്പ് 2 പ്രമേഹസാധ്യത വർധിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനെയും ബാധിക്കുന്നു. അമിതമായി മദ്യപിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഭക്ഷണത്തിൽ ശ്രദ്ധവേണം

ബിസ്കറ്റുകളും, മധുരപലഹാരങ്ങളും, മധുരമുള്ള ചോക്ലേറ്റുകളും ഒഴിവാക്കുക. ഇവ ഇവ ശരീരഭാരം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ബാധിക്കാനും സാധ്യതയുണ്ട്. പകരം, മധുരം ചേർക്കാത്ത തൈര്, വിത്തുകൾ, പഴങ്ങൾ, അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ തിരഞ്ഞെടുക്കുക. എന്ത് കഴിക്കുകയാണെങ്കിലും അളവ് ശ്രദ്ധിക്കണം.