വരുമാനം കൂടുന്തോറും ജീവിതശൈലിയും ചെലവുകളും ഉയരുന്നതാണ് പതിവ്. എന്നാൽ ഉയർന്ന വരുമാനം ലഭിച്ചിട്ടും ലളിതമായി ജീവിക്കുകയാണ് 26 വയസ്സുകാരനായ ചാൾസ് ബ്രൂംഫീൽഡ്. ഗൂഗിളിൽ എ.ഐ. സെക്യൂരിറ്റി അനലിസ്റ്റായും യൂട്യൂബറായും പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ വാർഷിക വരുമാനം മൂന്നുകോടി രൂപയാണ് (3,23,000 ഡോളർ). എന്നാൽ അദ്ദേഹം ഒരു വർഷം ചെലവഴിക്കുന്നതാകട്ടെ 18.56 ലക്ഷം രൂപയും (20,000 ഡോളർ). അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെ ഫുൾടൈം മിനിമം വേതന ജീവനക്കാരന്റെ ശരാശരി വാർഷിക വരുമാനത്തേക്കാൾ (23,700 ഡോളർ / 21.99 ലക്ഷം രൂപ) കുറവാണിത്.

To advertise here,

ചെറുപ്പത്തിലേ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ അദ്ദേഹത്തെ സഹായിച്ചത് ഈ ആസൂത്രണമാണ്.

  • തനിച്ചൊരപ്പാർട്ട്‌മെന്റ് എടുക്കുന്നതിന് പകരം നാല് റൂംമേറ്റ്സിനൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. വാടകയും അനുബന്ധ നിരക്കുകളുമായി മാസം 1,098 ഡോളർ (1.02 ലക്ഷം രൂപ) മാത്രമാണ് ചെലവാകുന്നത്. ഇതിലൂടെ പ്രതിമാസം 1,000 ഡോളർ (92,800 രൂപ) ലാഭിക്കാൻ സാധിക്കുന്നു.
  • ഗൂഗിൾ ഓഫീസിൽനിന്ന് സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തെയാണ് അദ്ദേഹം പ്രധാനമായും ആശ്രയിക്കുന്നത്. ഇതോടെ ഭക്ഷണത്തിനുള്ള പ്രതിമാസ ചെലവ് മുൻപുണ്ടായിരുന്ന 200 ഡോളറിൽനിന്ന് 28 മുതൽ 70 ഡോളർവരെയായി കുറഞ്ഞു.
  • സ്വന്തമായി കാറില്ല. നടന്നും സൈക്കിൾ ഓടിച്ചും പൊതുഗതാഗതം ഉപയോഗിച്ചുമാണ് യാത്രകൾ. മെട്രോ യാത്രാച്ചെലവുകൾ ഗൂഗിൾതന്നെ വഹിക്കുന്നുണ്ട്.

ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ എത്ര വലിയ തുകയാണ് ലാഭിച്ചുനൽകുന്നതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ മാസബജറ്റ്. ബ്രൂംഫീൽഡിന്റെ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ ജീവിതച്ചെലവ് 1,477 ഡോളറാണെന്ന് കാണാം. ബാക്കി തുകയിൽ 17,931 ഡോളർ (16.64 ലക്ഷം രൂപ) അദ്ദേഹം വിവിധ നിക്ഷേപ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ചെയ്തത്.

  • വാടകയും അനുബന്ധ ചെലവുകളും: 1,098 ഡോളർ
  • ജിം അംഗത്വം: 229 ഡോളർ
  • ഉബർ: 48 ഡോളർ
  • ഭക്ഷണം: 28 ഡോളർ
  • ഇൻഷുറൻസ്: 15 ഡോളർ
  • മറ്റ് വ്യക്തിഗത ചെലവുകൾ: 59 ഡോളർ
  • തൊഴിൽദാതാവ് വഴിയുള്ള തിരിച്ചടവ്: 700 ഡോളർ
  • ലക്ഷ്യം: 30 വയസ്സിനുമുമ്പ് സാമ്പത്തിക സ്വാതന്ത്ര്യം

2022-ൽ നോക്‌സ് കോളേജിൽനിന്ന് ബിരുദം നേടിയ ഉടൻതന്നെ പ്രതിവർഷം 100,000 ഡോളറിലധികം വരുമാനമുള്ള ജോലിയിൽ പ്രവേശിച്ചു. 30 വയസ്സ് തികയുന്നതിനുമുമ്പ് 750,000 ഡോളർ എന്ന ലക്ഷ്യത്തിലെത്താനാണ് അദ്ദേഹം തീരുമാനിച്ചത്.

കോളേജ് പഠനം പൂർത്തിയാക്കി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽത്തന്നെ 650,000 ഡോളർ നിക്ഷേപിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ 750,000 ഡോളർ എന്ന ലക്ഷ്യം പൂർത്തിയാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി.

പണമല്ല, ജോലി ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം

ആഡംബര കാറുകളോ വലിയ വീടുകളോ സ്വന്തമാക്കാനോ, ജോലിയൊന്നും ചെയ്യാതെ മടിപിടിച്ചിരിക്കാനോ അല്ല ബ്രൂംഫീൽഡ് ആഗ്രഹിക്കുന്നത്. സ്വന്തം ജീവിതത്തിലും തീരുമാനങ്ങളിലും പൂർണ സ്വാതന്ത്ര്യം നേടുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഭാവിയിൽ എ.ഐ. സെക്യൂരിറ്റി മേഖലയിൽ സ്വന്തമായി സംരംഭം ആരംഭിക്കാനും പദ്ധതിയുണ്ട്.

''ആഡംബര ജീവിതമോ നേരത്തേയുള്ള വിരമിക്കലോ അല്ല ഇതിന്റെ യഥാർഥ നേട്ടം. അടുത്ത ശമ്പളത്തെക്കുറിച്ച് ആകുലപ്പെടാതെ ഏതുനിമിഷവും ജോലിയിൽനിന്ന് ഇറങ്ങിപ്പോരാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. നാളെ ജോലി നഷ്ടപ്പെട്ടാലും സാമ്പത്തികമായി ഞാൻ ഭദ്രനാണെന്ന തിരിച്ചറിവ് നൽകുന്ന സമാധാനം വളരെ വലുതാണ്''-അദ്ദേഹം പറയുന്നു.

 

ഉയർന്ന ശമ്പളം നേടുന്നത് മാത്രമല്ല, ആ പണം എങ്ങനെ വിവേകത്തോടെ ഉപയോഗിക്കുന്നു എന്നതിലാണ് വിജയമെന്ന് ചാൾസ് ബ്രൂംഫീൽഡിന്റെ ജീവിതം തെളിയിക്കുന്നു. താത്കാലികമായ ആഡംബരങ്ങളേക്കാൾ ജീവിതത്തിന് ശാശ്വതമായ സ്വാതന്ത്ര്യം നൽകുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്.