ന്യൂഡൽഹി: ഞായറാഴ്ച ഇന്ത്യാസഖ്യം രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയെത്തുടർന്ന് ഡൽഹിയിലെ വ്യാപാരമേഖലയ്ക്ക് ഏകദേശം 10,000- 11,000 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ഡൽഹിയിലെ വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ). റാലി നടന്ന പ്രദേശത്തിന് സമീപത്തെ 20-25 മാർക്കറ്റുകളിലെ കച്ചവടം ബാധിക്കപ്പെട്ടുവെന്നും ആ മേഖലയിലെ മൂന്നുലക്ഷത്തോളം കടകളിൽ രണ്ടരലക്ഷത്തോളം കടകൾ അടഞ്ഞുകിടന്നതായും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു.

To advertise here,

ഡൽഹിക്ക് സമീപമുള്ള നഗരങ്ങളിൽനിന്നുള്ള ഉപഭോക്താക്കൾ, വിതരണക്കാർ, വ്യാപാരികൾ എന്നിവരുടെ യാത്രയെയും റാലി ബാധിച്ചതായി ബ്രിജേഷ് കൂട്ടിച്ചേർത്തു. സാധാരണയായി വ്യാപാര ആവശ്യങ്ങൾക്കായി ഡൽഹിയിലെത്താറുള്ളത് മൂന്ന് മുതൽ നാല് ലക്ഷംവരെ ആളുകളാണ്. അവർ ഇത്തവണ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ടെമ്പോകളും ട്രക്കുകളും ഉൾപ്പെടെ അയ്യായിരത്തോളം വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ കഴിഞ്ഞില്ല. ഇത് വ്യവസായമേഖലകളിൽനിന്നും ട്രാൻസ്‌പോർട്ട് ഹബ്ബുകളിൽനിന്നും ഓൾഡ് ഡൽഹിയിലെയും സെൻട്രൽ ഡൽഹിയിലെയും മാർക്കറ്റുകളിലേക്കുള്ള ചരക്കുനീക്കത്തെ ബാധിച്ചെന്നും ബ്രിജേഷ് ആരോപിച്ചു.

‘ചരക്കുനീക്കം സമ്പൂർണമായി തടസ്സപ്പെട്ടു. ദീപാവലിക്കച്ചവടം ഏറ്റവും കൂടുതൽ നടക്കുന്ന സമയത്ത്, ഈ വ്യാപാരകേന്ദ്രങ്ങളിൽനിന്നാകെ 10,000-12,000 കോടിരൂപയുടെ വിറ്റുവരവുണ്ടാകാറുണ്ട്. കടകൾ തുറന്നിരുന്നെങ്കിലും കച്ചവടമുണ്ടായിരുന്നില്ല. ആളുകളാരും വന്നില്ല. പതിനായിരം മുതൽ 11,000 കോടിയുടെ നഷ്ടമാണുണ്ടായത്. ഈ നഷ്ടത്തിന് ആര് പരിഹാരം നൽകും? ആര് ഇത് പരിഹരിക്കും. സംഘാടകർ ചെയ്യുമോ’, ബ്രിജേഷ് ആരാഞ്ഞു.

റാലിക്ക് മുന്നോടിയായി, അത് കച്ചവടത്തെ ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് സിടിഐ പലവട്ടം കത്ത് നൽകിയിരുന്നു.