
ലഖ്നൗ: ഉത്തർപ്രദേശിൽ അതിതീവ്ര മഴയിലും കൊടുങ്കാറ്റിലുംപ്പെട്ട് 56 മരണം. 46 പേർക്ക് പരിക്കേറ്റു. സെപ്റ്റംബർ 25 രാവിലെ മുതൽ സെപ്റ്റംബർ 27 രാവിലെ വരെയുള്ള 48 മണിക്കൂറിനുള്ളിൽ 97.6 മില്ലീമീറ്റർ അതിതീവ്ര മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 75 ജില്ലകളിൽ 56 ജില്ലകളിലും കനത്ത മഴ പെയ്തതായി റിലീഫ് കമ്മീഷണർ ഹൃഷികേശ് ഭാസ്കർ യാദവ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കെടുതിയിൽ 1,020-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റൂഖാബാദിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 7,385 ശതമാനവും, കനൗജിൽ 5,664 ശതമാനവും, ഷാജഹാൻപുരിൽ 4,408 ശതമാനവും അധിക മഴ രേഖപ്പെടുത്തി. ഹമീർപുരിൽ 4,240 ശതമാനവും മഹോബയിൽ 4,100 ശതമാനവും കൂടുതൽ മഴയാണ് റിപ്പോർട്ട് ചെയ്തത്.
മഹാനദി ഉൾപ്പെടെയുള്ള പ്രധാന നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒഡീഷയിലെ താഴ്ന്ന പ്രദേശങ്ങളിലും പ്രളയഭീഷണി നിലനിൽക്കുന്നുണ്ട്. ലൂണ, കരാണ്ടിയ, ചിട്രോത്പാല, കഠാജോഡി, കുവാഖായ്, ദേവി, കണ്ഡാല, കുശഭദ്ര, ദയാ, ഭാർഗവി, രാജുവ, മകര എന്നീ നദികൾ കവിഞ്ഞൊഴുകുന്നത് ഖുർദ, കട്ടക്ക്, പുരി, ജഗത്സിങ്പുർ ജില്ലകളെ ബാധിക്കാൻ സാധ്യതയുണ്ട്. വടക്കൻ ഒഡീഷയിലെ ബൈതരണി, സാലന്ദി, സുബർണരേഖ എന്നീ നദികളും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
തുടർച്ചയായി പെയ്യുന്ന മഴ കാരണം ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാ നദിയിലെ റിവർ റാഫ്റ്റിങ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഗഡ്വാൾ ഡിവിഷനിലുടനീളം പെയ്യുന്ന മഴ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് തെഹ്രി ഗഡ്വാൾ ജില്ലാ ടൂറിസം ഓഫീസർ ശോഭത് സിങ് റാണ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുകയും ഗംഗയിലെ ജലനിരപ്പ് കുറയുകയും ചെയ്ത ശേഷം അടുത്ത ആഴ്ചയിലെ കാലാവസ്ഥാ പ്രവചനം വിലയിരുത്തി മാത്രമേ റാഫ്റ്റിങ് പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
Published: 28 Sept 2026, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented