തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി. ബാർ ലൈസൻസ് അനുവദിച്ചത് ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി. ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് സ്പെഷൽ സെക്രട്ടറിയായാണ് സാംബശിവ റാവുവിന് പുതിയ നിയമനം നൽകിയിട്ടുള്ളത്. അഡീഷണൽ എക്സൈസ് കമ്മിഷണർക്കാണ് എക്സൈസ് കമ്മിഷണറുടെ അധികച്ചുമതല നൽകിയിരിക്കുന്നത്.

To advertise here,

എക്സൈസ് മന്ത്രി എം. ലിജുവിന് സീറാം സാംബശിവറാവുവിന്റെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതാണ് സ്ഥാനംതെറിക്കുന്നതിലേക്ക് നയിച്ചത്. ബേക്കറികളിൽ ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയത് മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എഫ്എൽ 7 ബാർ ലൈസൻസ് നൽകിയതടക്കം വിവിധ വിവാദങ്ങളാണ് മന്ത്രിക്ക്, എക്‌സൈസ് കമ്മിഷണറോടുള്ള അതൃപ്തിക്ക് കാരണം.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നിലവിൽ വരുന്നതിന് മുന്നേതന്നെ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് തുടർച്ചയായി നടന്നുവരികയായിരുന്നു. ഉദ്യോഗസ്ഥതലത്തിലായിരുന്നു ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. ഇക്കാര്യങ്ങളൊന്നും വകുപ്പുമന്ത്രിയേയോ സർക്കാരിനെയോ അറിയിച്ചിരുന്നില്ല.

കോട്ടയത്തും എറണാകുളത്തുമായി മൂന്ന് ബാറുകൾക്ക് എഫ്എൽ 11 എന്നത് എഫ്എൽ 3 ആയി തരംമാറ്റിയ സംഭവവുമുണ്ടായി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരാണ് ഇതിനുള്ള തീരുമാനമെടുത്തത്. ഇങ്ങനെ ചെയ്യാൻ അവർക്ക് അധികാരമുണ്ടെങ്കിലും അത് സർക്കാരിനോട് ആലോചിക്കാതെ ആയിരുന്നു നടപടി. തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എന്നാൽ ആ സമയത്ത് ഉദ്യോഗസ്ഥർക്ക് അനുകൂല നിലപാടായിരുന്നു സാംബശിവ റാവു സ്വീകരിച്ചത്.

അതിനിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എക്‌സൈസ് കമ്മിഷണർ നേരിട്ട് എഫ്എൽ 7 ലൈസൻസ് രണ്ട് ബാറുകൾക്ക് നൽകിയത്. ഇതോടെ എക്‌സൈസ് കമ്മിഷണറുടെ നിലപാടിൽ സംശയം പ്രകടിപ്പിച്ച് മന്ത്രി എം. ലിജു രംഗത്തെത്തി. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.