തിരുവനന്തപുരം: ഗുരുതര വെളിപ്പെടുത്തലുകളാണ് പടിയിറങ്ങും മുമ്പ് എക്സൈസ് വകുപ്പ് സെക്രട്ടറി സീറാം സാംബശിവറാവു നടത്തിയിരിക്കുന്നത്. എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കൈക്കൂലി ആരോപണങ്ങളടങ്ങുന്ന ഔദ്യോഗിക റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. എക്സൈസ് വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങിയതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

To advertise here,

എക്സൈസ് കമ്മീഷണറേറ്റിൽ ജോയിന്റ് എക്സൈസ് കമ്മീഷണറായി സേവനമനുഷ്ഠിക്കവേ വിനോദ് എന്ന ഉദ്യോഗസ്ഥൻ മൂവാറ്റുപുഴയിലെ 'ഗംഗ' ബാർ ഉടമസ്ഥനുമായി അടുത്ത ബന്ധം പുലർത്തുകയും ഇൻസ്പെക്ഷൻ വേളകളിലും ബാറുകളുടെ സമയക്രമത്തിലും ലൈസൻസ് ദീർഘിപ്പിച്ചുനൽകുന്ന കാര്യത്തിലും വഴിവിട്ട സഹായം നൽകുന്നതിനായി ബാർ ഉടമയിൽനിന്ന് 30,000 മുതൽ 50,000 രൂപവരെ കൈക്കൂലി വാങ്ങിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

അതുപോലെ, ആലപ്പുഴ ഡി.സി അജയ് എന്ന ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ആലപ്പുഴ കായംകുളം കറ്റാനത്തെ ‘റോമ സെന്റർ’ ബാറിൽ ഇൻസ്പെക്ഷനായി എത്തുമ്പോൾ ബാർ ഉടമ രതീഷിൽനിന്ന് 30,000 രൂപയും ഓണം കഴിഞ്ഞ് ഏപ്രിൽ മാസത്തെ ലൈസൻസ് പുതുക്കലിനായി 20,000 രൂപയും സ്വീകരിച്ചതായും റിപ്പോർട്ടിൽ ഉണ്ട്. ബാർ ഉടമ രതീഷുമായി എക്സൈസ് വകുപ്പ് മന്ത്രിക്ക് അടുത്ത ബന്ധമെന്നും റിപ്പോർട്ടിൽ പറയുന്നു.

കോട്ടയത്ത് ഡി.സി ആയിരിക്കേ അജയ്, സി.എം.ഒ. പോർട്ടൽ വഴി വന്ന പരാതിയിൽ വ്യാജ റിപ്പോർട്ട് ചമച്ചതായും റിപ്പോർട്ടിലുണ്ട്. വിദേശമദ്യ വകഭേദങ്ങളും ഒരു കള്ളുഷാപ്പിനായി വ്യാജമായി രണ്ട് കെട്ടിടങ്ങളിൽ ലൈസൻസ് നൽകിയതും വൈക്കം സി.ഐയുടെ അന്വേഷണത്തിൽ വ്യക്തമായെങ്കിലും സി.ഐയുടെ റിപ്പോർട്ട് കമ്മീഷണറേറ്റിൽ നൽകാതെ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, അജയ് സ്വന്തം സഹോദരീഭർത്താവിനെ മുന്നിൽനിർത്തി കോട്ടയത്ത് ബാറുകൾ ലീസിനെടുത്ത് പ്രവർത്തിപ്പിക്കുന്നതായും പെർമിറ്റ് ഇല്ലാത്ത കള്ളു വിൽപ്പന നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഇങ്ങനെ ബിനാമി സ്വത്തുക്കൾ സമ്പാദിച്ചതായും ആരോപണമുണ്ട്.

അഴിമതിക്ക് പണംനൽകുമ്പോൾ ബാർ ഉടമകൾ തങ്ങളുടെ ചെലവു പുസ്തകത്തിൽ "സന്തോഷം" എന്ന പേരിൽ 10% തുക രേഖപ്പെടുത്തിയിരുന്നതായും വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് ഈ പേരെഴുത്ത് നിർത്തിവെച്ച് പ്രത്യേക ഏജന്റുമാർ വഴി ഉദ്യോഗസ്ഥർ പണം വാങ്ങിയിരുന്നതായും വിവരമുണ്ട്. മുൻപ് അണക്കപ്പാറ കള്ളുഷാപ്പിലെ വ്യാജ സ്പിരിറ്റ് കേസിലെ പ്രതികളായ ബാറുടമകളുമായി അവിശുദ്ധ ബന്ധം പുലർത്തി വിനോദ് രക്ഷപ്പെടാൻ ശ്രമിച്ച സംഭവവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 'ഓപ്പറേഷൻ ബീജാപൂർ' എന്ന പേരിൽ ഇൻസ്പെക്ഷൻ നടത്തിയ സംഭവത്തിൽ സഹായിച്ചതിന്റെ പേരിൽ ജോഷി എന്ന ബാറുടമയെ ഒറ്റപ്പെടുത്തുന്നതും ഓഫീസുകളിൽ ആവശ്യങ്ങൾക്കായി ചെല്ലുമ്പോൾ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

മദ്യനയം നിലവിൽ വരുന്നതിന് മുമ്പുതന്നെ വിമാനത്താവളങ്ങളിലെ ഡൊമസ്റ്റിക് ലോഞ്ചുകൾക്കായി എക്സൈസ് കമ്മീഷണർ എഫ്എൽ-7 ലൈസൻസുകൾ അനുവദിച്ച സംഭവം നയപരമായ തർക്കങ്ങളിലേക്കാണ് വഴിതുറന്നത്. 1953-ലെ ഫോറിൻ ലിക്വർ റൂൾസ് പ്രകാരം വിമാനത്താവളങ്ങളിൽ എയർ കാറ്ററർമാർക്കും ഫ്ലൈറ്റ് സർവീസ് ഓപ്പറേറ്റർമാർക്കും മാത്രമായി ട്രാൻസിറ്റ് ലോഞ്ച് ബാറുകൾക്ക് കമ്മീഷണർക്ക് അനുമതി നൽകാൻ സാധിക്കുമെങ്കിലും, അത് വിമാനയാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ്. എന്നാൽ, ബാലാജി കാറ്ററേഴ്സ് സമർപ്പിച്ച അപേക്ഷയിൽ പൊതുജനങ്ങൾക്കും പ്രവേശന സാധ്യതയുള്ള സാഹചര്യമുണ്ടായിരുന്നതിനാൽ 10-03-2026-ൽ സർക്കാരിന്റെ വ്യക്തത തേടുകയും 04-08-2026-ൽ അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു.

എന്നാൽ 22.06.2026-ൽ പുറപ്പെടുവിച്ച FL7/2026/00003, FL7/2026/00004 ലൈസൻസുകൾ നൽകിയ വിഷയത്തിൽ കമ്മീഷണറും വകുപ്പ് മന്ത്രിയും സർക്കാരും തമ്മിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുകയാണ്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാരിന്റെ പൊതു നിലപാട് മറികടന്നാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.