തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചുമാറ്റി പോലീസ്. നിരാഹാര സമരമിരിക്കുന്ന വളർമതിയെ ബലംപ്രയോഗിച്ച് പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ സമരപ്പന്തലിൽ എത്തി വളർമതിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. തുടർന്നാണ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽനിന്ന് വളർമതിയെ മാറ്റിയത്.

To advertise here,

വൻ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. വളർമതിയെ കസ്റ്റഡിയിൽ എടുത്ത് മാറ്റിയതിന് പിന്നാലെ നിമിഷനേരംകൊണ്ട് സമരപ്പന്തൽ പൊളിച്ചുമാറ്റുകയായിരുന്നു. ഈസമയം അധികം സമരക്കാർ പന്തലിൽ ഉണ്ടായിരുന്നില്ല. സമരപ്പന്തൽ പൊളിച്ചുമാറ്റി മുഴുവൻ സാമഗ്രികളും ലോറിയിലാക്കി പോലീസ് കൊണ്ടുപോകുകയായിരുന്നു. ‘വാക്കു പാലിക്കാത്ത വി.ഡി. സതീശൻ’ എന്ന ബോർഡും പോലീസ് എടുത്തുമാറ്റി.

അതേസമയം, സമരം തുടരുമെന്നും റാങ്ക് ഹോൾഡർ എം ജയകൃഷ്ണൻ നിരാഹാരമിരിക്കുമെന്നും സമരക്കാർ അറിയിച്ചു. സമരപ്പന്തൽ പുനഃസ്ഥാപിച്ച് സമരക്കാർക്ക് പൂർണ പിന്തുണ നൽകുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. രാത്രിയുടെ മറവിൽ നടത്തിയ ഈ അതിക്രമം ഒളിച്ചോട്ടത്തിന് തുല്യമാണെന്നും, സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ കണ്ടറിയാൻ പോലും അധികാരികൾ തയ്യാറായിട്ടില്ലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.