ആലപ്പുഴ: ഗോവ മുൻഗവർണർ പി.എസ്. ശ്രീധരൻപിള്ള വീണ്ടും അഭിഭാഷകവേഷത്തിൽ കോടതിയിൽ. എസ്.ഡി.പി.ഐ. നേതാവായിരുന്ന കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കു വേണ്ടി വാദിക്കാൻ ആലപ്പുഴ സെഷൻസ് കോടതിയിലാണ് അദ്ദേഹം ഹാജരായത്. ഒപ്പം പ്രമുഖ അഭിഭാഷകനായ ബി. രാമൻപിള്ള ഓൺലൈനായി വിസ്താരത്തിൽ പങ്കുചേർന്നു.

To advertise here,

കേസിൽ 11 ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരാണു പ്രതികൾ. വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ടു വരെ വിസ്താരമുണ്ടായിരുന്നു.

ഗവർണർ പദവിയൊഴിഞ്ഞശേഷം കോടതിയിൽ അഭിഭാഷക ജോലിക്കെത്തുന്ന രാജ്യത്തെ ആദ്യത്തെയാൾ താനാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. പദവിയിൽനിന്നു മാറിയ ശേഷം പല കേസിലും വക്കാലത്തെടുത്തിരുന്നെങ്കിലും വിസ്താരത്തിനായി കോടതിയിലെത്തുന്നത് ആലപ്പുഴയിലാണ്. ഗവർണറായപ്പോഴും ഏറ്റവുമിഷ്ടം അഭിഭാഷകവൃത്തിയാണെന്നു പറഞ്ഞിരുന്നു. അതുതന്നെയാണ് വീണ്ടും കോടതിയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2019 മുതൽ ‘21 വരെ മിസോറമിലും 2021 മുതൽ ‘25 വരെ ഗോവയിലും ഗവർണറായിരുന്നു ശ്രീധരൻപിള്ള.

2019-നു ശേഷം ഇപ്പോഴാണ് കോടതിയിൽ വീണ്ടുമെത്തുന്നത്. രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം 12 കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. കേന്ദ്രസർക്കാരിന്റെ ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, സി.ബി.ഐ.യുടെ ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.