
ന്യൂയോർക്ക് സിറ്റി: യുഎൻ പൊതുസഭയിൽ പ്രസംഗിക്കുന്നതിനിടെ പേജർ ഉപകരണം ഉയർത്തിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "ബീപ്പറുകൾ ഓർമയുണ്ടോ? ഹിസ്ബുള്ള എന്തായാലും അത് ഓർക്കുന്നുണ്ടെന്ന് എനിക്ക് പറയാൻ കഴിയും" എന്ന് ഉപകരണം കാണിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു. ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളെ ന്യായീകരിച്ച അദ്ദേഹം, ഇറാൻ, തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ രാജ്യങ്ങൾക്കെതിരെയും ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിക്കെതിരെയും രൂക്ഷമായ വിമർശനവുമുയർത്തി.
2024 സെപ്റ്റംബറിൽ ലെബനനിലെ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ സൈനിക നീക്കത്തെ ഓർമിപ്പിക്കാനാണ് നെതന്യാഹു പേജർ പ്രദർശിപ്പിച്ചത്. ലെബനനിൽ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ച ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ആക്രമണം ഇസ്രയേലാണ് നടത്തിയതെന്ന് വ്യാപകമായി കരുതപ്പെട്ടിരുന്നെങ്കിലും, അന്ന് ഇസ്രയേൽ പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല.
കഴിഞ്ഞ മൂന്ന് വർഷമായി ഏഴുശക്തികളോട് തങ്ങളുടെ സൈനികർ യുദ്ധം ചെയ്യുകയാണെന്നും ന്യൂജേഴ്സിയുടെ അത്രമാത്രം വലിപ്പമുള്ള മറ്റേതെങ്കിലും രാജ്യം ഇത്തരത്തിൽ മൂന്ന് വർഷം യുദ്ധം ചെയ്തതായി അറിയാമോ എന്നും നെതന്യാഹു ചോദിച്ചു. ഇറാൻ സർക്കാരിനെ "കൊല്ലുന്ന ഏകാധിപത്യം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രയേലിനെയും ലോകത്തെയും ഭീഷണിപ്പെടുത്തുന്ന ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്ന് പറഞ്ഞു.
അതേസമയം, നെതന്യാഹു പ്രസംഗിക്കാൻ എത്തിയതോടെ ഡസൻ കണക്കിന് ഡെലിഗേറ്റുകൾ സഭയിൽനിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ പ്രസംഗ വേളയിൽ പൊതുസഭാ ഹാളിലെ വലിയൊരു വിഭാഗം സീറ്റുകളും ആളുകളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയായിരുന്നു.
Published: 25 Sept 2026, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented