
കാഠ്മണ്ഡു: നേപ്പാളിൽ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടം. ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെ മിന്നൽപ്രളയം സംഭവിക്കുകയായിരുന്നു. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തിപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 17 പേർ മരിക്കുകയും അനേകംപേരെ കാണാതാവുകയും ചെയ്തതായി പ്രാഥമിക വിവരങ്ങളുണ്ട്.
പ്രളയത്തിൽ വൻതോതിൽ ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഭോട്ടെ കോശി നദിയുടെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും ജാഗ്രത പാലിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 12 പേരെ നേപ്പാൾ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളും പല അടിസ്ഥാന സൗകര്യ പദ്ധതികളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. തിമുറെയിലും സ്യാബ്രുബെസിയിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കസ്റ്റംസ് ഓഫീസിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങളും ചരക്കുകളും നദിയിലെ കുത്തൊഴുക്കിൽ ഒലിച്ചുപോയതായി രസുവ ചീഫ് കസ്റ്റംസ് ഓഫീസർ രാജേന്ദ്ര ദുങ്കാന അറിയിച്ചു. സമീപകാലത്ത് നിർമിച്ച ഒരു പാലവും പ്രളയത്തിൽ തകർന്നിട്ടുണ്ട്. റോഡുകൾക്കും വൈദ്യുതി മേഖലയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.
കാഠ്മണ്ഡുവിൽനിന്ന് 125 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഭൂട്ടാൻ-ടിബറ്റ് അതിർത്തി ജില്ലയായ രസുവയിൽ അരലക്ഷത്തോളം ജനങ്ങളാണ് താമസിക്കുന്നത്. ദുരന്തസാഹചര്യം കണക്കിലെടുത്ത് രസുവ, നുവാകോട്ട്, ധാഡിങ്, ചിത്വാൻ, ഗോർഖ ജില്ലകളിലെ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിതയിടങ്ങളിലേക്ക് മാറണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശംനൽകി.
Published: 26 Aug 2026, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented