വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഐ.ആർ.ജി.സി. സ്ഥാപിച്ച മൈനുകൾ നിർവീര്യമാക്കിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM). അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിലെ സുരക്ഷ ഉറപ്പാക്കിയ ഈ നടപടി മേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് യു.എസ്. സെന്റ്‌കോം കമാൻഡർ ബ്രാഡ് കൂപ്പർ വ്യക്തമാക്കി. സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

യു.എസ്. നേവി ഡൈവർമാർ, കപ്പലുകൾ, മറ്റു നാവിക-വ്യോമസേനാ വിഭാഗങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങളായി അതീവ രഹസ്യമായാണ് മൈനുകൾ നീക്കംചെയ്യുന്ന ദൗത്യം നടന്നത്. വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞതായിരുന്നെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കാനായെന്നും, നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ബ്രാഡ് കൂപ്പർ കൂട്ടിച്ചേർത്തു.

ഇറാനെതിരായ ഉപരോധം നടപ്പിലാക്കുന്നതിനൊപ്പംതന്നെ കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അൻപതിനായിരത്തോളം യു.എസ്. സൈനികരാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. ലോകത്തെ ഊർജ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് പങ്കും കടന്നുപോകുന്ന പ്രമുഖ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക്, യു.എസ്.-ഇറാൻ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു.