വാഷിങ്ടൺ:  ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടമുണ്ടായതായി യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ട്. ഇറാനെതിരേയുള്ള 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിൽ അമേരിക്കൻ സൈന്യത്തിന് ഏകദേശം 330 കോടി ഡോളർ സാമ്പത്തിക നഷ്ടമുണ്ടായതായാണ് പറയുന്നത്. അമേരിക്കയുടെ 81 വിമാനങ്ങൾക്കും ഡ്രോണുകൾക്കും നാശനഷ്ടമുണ്ടാകുകയോ തകരുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

To advertise here,

12 F-15E വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓരോന്നിനും 30 ദശലക്ഷം ഡോളറിലധികം വിലയുള്ള വിമാനമാണ് F15. 3 വിമാനങ്ങൾ മാർച്ച് 2-ന് കുവൈത്തിന് മുകളിൽ അബദ്ധത്തിലുണ്ടായ വെടിവെപ്പിലാണ് തകർന്നത്. ഒരെണ്ണം ഇറാനിലും തകർന്നു. സെപ്റ്റംബർ 9, 10 തീയതികളിൽ ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 8 വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി. ഈ വിമാനങ്ങൾക്ക് പുറമേ അമേരിക്കയ്ക്ക് 45 MQ-9 റീപ്പർ ഡ്രോണുകളും നഷ്ടപ്പെട്ടു. ഡ്രോണിനും 30 മുതൽ 50 മില്ല്യൺ ഡോളർ വരെയാണ് MQ-9 റീപ്പർ ഡ്രോണുകളുടെ വില. 92 മില്ല്യൺ ഡോളറിലധികം മൂല്യമുള്ള അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ഒരു F-35A വിമാനവും 270 മില്ല്യൺ ഡോളർ വിലമതിക്കുന്ന വ്യോമ നിരീക്ഷണത്തിനായുള്ള ഒരു E-3 സെൻട്രി വിമാനവും അമേരിക്കൻ സൈന്യത്തിന് നഷ്ടമായി.

രണ്ട് A-10 തണ്ടർബോൾട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങൾ, KC-135 സ്ട്രാറ്റോടാങ്കർ എന്ന യുദ്ധവിമാനങ്ങളിൽ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, രണ്ട് MC-130J കമാൻഡോ II,  HH-60W ഹെലികോപ്റ്റർ, MQ-4C ട്രൈറ്റൺ ഡ്രോൺ, മൂന്ന് MQ-1 ഡ്രോണുകൾ എന്നിവയാണ് നഷ്ടപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്ത മറ്റ് വിമാനങ്ങളും ഡ്രോണുകളും. ഒരു AH-64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ, നാല് AH-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററുകൾ, ഒരു MH-60 സീ ഹോക്ക് ഹെലികോപ്റ്റർ എന്നിവയും ആക്രമണങ്ങളിൽ തകർന്നുവെന്ന് യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യം ഉപയോഗിച്ച ആയുധങ്ങളുടെ ചിലവിലും വൻ വർധനവുണ്ടായിട്ടുണ്ട്. ഒരൊറ്റ മാസത്തിനുള്ളിൽ ആയുധച്ചിലവ് 21.7 ബില്യൺ ഡോളറിൽ നിന്ന് 28.1 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ്. സെൻട്രൽ കമാൻഡ് വിലയിരുത്തുന്നു.

സൈനിക നടപടികൾ തുടരുന്നതിനാലും ചില വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുന്നതിനാലും ഈ തുകയിൽ നേരിയ വ്യത്യാസം വന്നേക്കാം. അതേസമയം നിലവിൽ വൈറ്റ് ഹൗസോ പെന്റഗണോ ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.