മനാമ: ബഹ്‌റൈനി യുവാക്കളെ ശാക്തീകരിക്കുന്നതിനും വ്യോമയാന മേഖലയിലെ അടുത്ത തലമുറ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനുമായി സംഘടിപ്പിച്ച നൈപുണ്യവികസന പദ്ധതികൾ 230-ലധികം പേർ വിജയകരമായി പൂർത്തിയാക്കി. ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ബഹ്‌റൈൻ എയർപോർട്ട് കമ്പനിയും സംയുക്തമായാണ് തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.

To advertise here,

കഴിഞ്ഞ ഏതാനും മാസങ്ങളിലായി സംഘടിപ്പിച്ച വിവിധ വിദ്യാഭ്യാസ-പരിശീലന പദ്ധതികളിലൂടെ, വ്യോമയാന വ്യവസായത്തെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും നേരിട്ടുള്ള പ്രായോഗിക അറിവ് വിദ്യാർത്ഥികൾക്കും യുവ പ്രതിഭകൾക്കും നൽകാൻ സാധിച്ചു. സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ 135 സർവകലാശാലാ വിദ്യാർത്ഥികൾക്ക്, ബിരുദ പഠനത്തിന്റെ ഭാഗമായി വ്യവസായ മേഖലയിലെ പ്രായോഗിക പരിചയം നേടാൻ അവസരമൊരുക്കി. രണ്ട് മാസം നീണ്ടുനിന്ന പരിപാടി, അക്കാദമിക് അറിവുകൾ തൊഴിൽ സാഹചര്യങ്ങളിൽ പ്രയോഗിക്കാനും വ്യോമയാന മേഖലയുടെ വിവിധ വശങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും സഹായിച്ചു. രണ്ട് കമ്പനികളും ചേർന്ന് സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമി'ന്റെ രണ്ടാം പതിപ്പും പൂർത്തിയാക്കി.

'യുവപ്രതിഭകളിൽ നിക്ഷേപം നടത്തുന്നത് ബഹ്‌റൈന്റെ തിളക്കമാർന്ന ഭാവിയിലേക്കുള്ള നിക്ഷേപമാണ്. നൈപുണ്യങ്ങൾ വളർത്താനും പുതിയ കാഴ്ചപ്പാടുകൾ നൽകാനും ഈ വികസന പരിപാടികളിലൂടെ സാധിച്ചു. പരിശീലനം പൂർത്തിയാക്കിയവർ ബഹ്‌റൈന്റെ വ്യോമയാന മേഖലയിൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് ഉറപ്പുണ്ട്'- ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് പീപ്പിൾ ഓഫീസർ മുഹമ്മദ് മതാർ.