മനാമ: ബഹ്റൈൻ രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ 'ദിയാർ അൽ മുഹറഖ്', നവംബർ 21-ന് ബഹ്റൈനിൽ ആരംഭിക്കുന്ന 'ഗൾഫ് കപ്പ് 2026'-ൽ പങ്കെടുക്കുന്ന അൽ നജ്മ ക്ലബ്ബിന് സ്‌പോൺസർഷിപ്പ് നൽകുമെന്ന് പ്രഖ്യാപിച്ചു.

To advertise here,

ദേശീയ കായിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും, ബഹ്റൈനിലെ ക്ലബ്ബുകളെ ശാക്തീകരിക്കുന്നതിലൂടെ അവർക്ക് തുടർന്നും വിജയങ്ങൾ കൈവരിക്കാനും പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും അവസരമൊരുക്കുന്നതിലുള്ള 'ദിയാർ അൽ മുഹറഖി'ന്റെ പ്രതിബദ്ധതയാണ് ഈ സ്‌പോൺസർഷിപ്പ് വ്യക്തമാക്കുന്നത്. ബഹ്റൈൻ സമൂഹത്തിന്റെ വികസനത്തിന് സഹായകമായ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്ന കമ്പനിയുടെ വിശാലമായ 'കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി' പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണിത്. ബഹ്റൈനിലെ മുൻനിര ഹാൻഡ്ബോൾ ക്ലബ്ബുകളിലൊന്നായി അൽ നജ്മ ക്ലബ് അറിയപ്പെടുന്നു. 'ഏഷ്യൻ മെൻസ് ക്ലബ് ലീഗ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്' കിരീടം രണ്ടുതവണ നേടിയ ഇവർ, 'ഐ.എച്ച്.എഫ് മെൻസ് സൂപ്പർ ഗ്ലോബ്' ടൂർണമെന്റിൽ രണ്ടുതവണ ബഹ്റൈനെ പ്രതിനിധീകരിക്കുകയും, ഏഷ്യൻ തലത്തിൽ അഞ്ച് മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഗൾഫ് മേഖലയിലെയും ഏഷ്യയിലെയും ഏറ്റവും വിജയകരമായ ഹാൻഡ്ബോൾ ക്ലബ്ബുകളിൽ ഒന്നായി ഇതിലൂടെ അവർ സ്ഥാനം ഉറപ്പിച്ചു.

ഗൾഫ് കപ്പ് 2026-ൽ ടീമിന് പങ്കെടുക്കാൻ പിന്തുണ നൽകിയ 'ദിയാർ അൽ മുഹറഖി'നോട് ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് അൽ നജ്മ ക്ലബ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫ പറഞ്ഞു. ദേശീയ ക്ലബ്ബുകളെ ശാക്തീകരിക്കുന്നതിനും വിവിധ കായിക വേദികളിൽ അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള കമ്പനിയുടെ വിശ്വാസമാണ് ഈ പിന്തുണയിലൂടെ വെളിപ്പെടുന്നത്. ബഹ്റൈനിലെ പ്രമുഖ കമ്പനികളിലൊന്നായ ഇവരുമായുള്ള ഈ പങ്കാളിത്തത്തിൽ അഭിമാനിക്കുന്നു.

വിവിധ വേദികളിൽ ബഹ്റൈൻ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ദേശീയ സ്ഥാപനങ്ങളെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ഈ വർഷത്തെ ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന അൽ നജ്മ ക്ലബ്ബിനെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് ദിയാർ അൽ മുഹറഖ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് അലി അൽ അമ്മാദിപറഞ്ഞു. ബഹ്റൈനിലെ ഏറ്റവും പ്രമുഖവും ചരിത്രപ്രസിദ്ധവുമായ ക്ലബ്ബുകളിലൊന്നുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നു. ഗൾഫ് തലത്തിൽ ബഹ്റൈൻ കായികരംഗത്തിന്റെ നിലവാരവും മത്സരശേഷിയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള മികച്ച നേട്ടങ്ങൾ ഈ ടീം തുടർന്നും കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'

ബഹ്റൈൻ രാജ്യത്തെ ഏറ്റവും വലിയ സംയോജിത പാർപ്പിട നഗരമാണ് ദിയാർ അൽ മുഹറഖ്. ആഡംബരപൂർണ്ണമായ സൗകര്യങ്ങൾക്കും, ബഹ്റൈൻ സമൂഹത്തിന്റെ അടിസ്ഥാന കുടുംബ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും ഈ നഗരം പ്രശസ്തമാണ്. പാർപ്പിടം, വാണിജ്യം, വിനോദം, ആരോഗ്യപരിപാലനം തുടങ്ങിയ വിവിധ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ട്, ആധുനിക ജീവിതശൈലിക്കാവശ്യമായ വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന, സംയോജിത നഗര വികസനത്തിന്റെ ഒരു മാതൃകയാണ് ഈ നഗരം.