മസ്കറ്റ്: ലോകത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സൈനികശക്തിയേക്കാൾ സംഭാഷണത്തിനും നയതന്ത്രത്തിനുമാണ് പ്രാധാന്യമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. ബ്രിട്ടൻ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വിൻഡ്സർ കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവ് ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലും സംഭാഷണം, പരസ്പര ധാരണ, സമാധാനം എന്നിവയിലൂന്നിയുള്ള സ്വതന്ത്ര നിലപാടാണ് ഒമാൻ സ്വീകരിക്കുന്നത്. മറ്റുള്ളവരെ കേൾക്കാൻ തയാറാകുന്നതാണ് വിവേകപൂർണമായ നേതൃത്വത്തിന്റെ അടയാളം. സൈനികശക്തിയിലൂടെ നേടാനാകാത്ത കരുത്ത് മറ്റുള്ളവരെ കേൾക്കുന്നതിലൂടെ ഒമാൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒമാൻ ഭരണാധികാരി വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പരസ്പരം അടുപ്പിക്കാനും നയതന്ത്ര ചർച്ചകളും നിരന്തര പരിശ്രമങ്ങളും അനിവാര്യമാണ്. സമാധാനപരമായ പരിഹാരങ്ങൾ തേടുന്നതാണ് ഒമാന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധവും സുൽത്താൻ പ്രസംഗത്തിൽ അനുസ്മരിച്ചു. 1800ൽ ഒമാനും ബ്രിട്ടനും ഒപ്പുവെച്ച സൗഹൃദ ഉടമ്പടി ഇന്നും ഈ ബന്ധത്തിന്റെ അടിത്തറയായി തുടരുകയാണ്. കാലങ്ങളായി നിരവധി പ്രതിസന്ധികളെ അതിജീവിച്ച സൗഹൃദം കൂടുതൽ ശക്തമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, വിദ്യാഭ്യാസം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്.
തലമുറകളായി ഒമാനിലെയും ബ്രിട്ടനിലെയും സൈനിക ഉദ്യോഗസ്ഥർ സംയുക്ത പരിശീലനങ്ങളിലും സേവനങ്ങളിലും പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒമാനി വിദ്യാർഥികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതായും സുൽത്താൻ ചൂണ്ടിക്കാട്ടി. യുവജനക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ചാൾസ് രാജാവ് നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Content Highlights: oman-ruler-emphasizes-diplomacy-and-dialogue
Published: 22 Oct 2026, 12:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented