ദുബായ്: വനിതാ ഏഷ്യാകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരേ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഏഴുവിക്കറ്റിനാണ് ജയം. പാകിസ്താനെ 55 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടിയപ്പോൾ പാക് ബാറ്റർമാർക്ക് ഒന്നുംചെയ്യാനായില്ല. ഇന്ത്യ നേരത്തേ സെമിയിൽ കടന്നിരുന്നു.

To advertise here,

56 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ പതറി. ഫാത്തിമ സന എറിഞ്ഞ രണ്ടാം ഓവറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഷഫാലി വർമ 12 റൺസെടുത്തും പ്രതിക റാവൽ നാലുറൺസെടുത്തും മടങ്ങി. അതോടെ ഇന്ത്യ 18-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയുമാണ് പിന്നീട് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ മന്ദാനയെയും പുറത്താക്കി ഫാത്തിമ സന പാകിസ്താന് ചെറിയ പ്രതീക്ഷ സമ്മാനിച്ചു. ഒൻപത് റൺസെടുത്താണ് മന്ദാന മടങ്ങിയത്.

എന്നാൽ നാലാം വിക്കറ്റിൽ ഹർമൻപ്രീതും ദീപ്തിയും ചേർന്ന് ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചു. ഹർമൻപ്രീത് 18 റമ്‍സും ദീപ്തി 12 റൺസുമെടുത്ത് പുറത്താകാതെ നിന്നു, പാകിസ്താനായി ഫാത്തിമ സന മൂന്നുവിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 18.1 ഓവറിൽ വെറും 55 റൺസിന് പുറത്തായിരുന്നു. ആദ്യഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസെന്ന നിലയിൽനിന്ന് 35-6 എന്ന നിലയിലേക്ക് പാകിസ്താൻ കൂപ്പുകുത്തിയിരുന്നു. ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടിയപ്പോൾ പാക് ബാറ്റർമാർ നിരനിരയായി മടങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റൻ ഫാത്തിമ സനയുടെ തീരുമാനം പാളുന്നതാണ് മൈതാനത്ത് കണ്ടത്. ആദ്യ നാലോവർ മാത്രമേ പാകിസ്താൻ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചുള്ളൂ. ഓപ്പണർമാരായ മുനീബ അലിയും ഷവാൽ സുൽഫിക്കറും ശ്രദ്ധയോടെയാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. അതിനിടെ മുനീബയുടെ ക്യാച്ച് പ്രതികാ റാവൽ കൈവിടുകയും ചെയതു. നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ടീം 23 റൺസിലെത്തി. എന്നാൽ, അഞ്ചാം ഓവർ മുതൽ ഇന്ത്യ തിരിച്ചടിക്കുന്നതാണ് കണ്ടത്.

സ്‌കോർ 27-ൽ നിൽക്കേ പാകിസ്താന് ആദ്യവിക്കറ്റ് നഷ്ടമായി. മുനീബ അലിയെ ഷഫാലി വർമ പുറത്താക്കി. 15 പന്തിൽനിന്ന് 13 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആറാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീണു. ഗുൾ ഫെറോസയും(0) സുൽഫിക്കറും(14) പുറത്തായി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. അയിഷ സഫർ(2), സദഫ് ഷമാസ്(3), ക്യാപ്റ്റൻ ഫാത്തിമ സന(0) എന്നിവർ പുറത്തായി. അതോടെ പാകിസ്താൻ 35-6 എന്ന നിലയിലേക്ക് വീണു. പിന്നാലെ എയ്മാൻ ഫാത്തിമ അഞ്ചുറൺസെടുത്ത് റണ്ണൗട്ടായി.

ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പാകിസ്താൻ ബാറ്റർമാർക്കാർക്കും നിലയുറപ്പിക്കാനായില്ല. ഹനിയും(6) നഷ്റ സന്ധുവും(0) തുബ ഹസ്സനും(9) പിന്നാലെ മടങ്ങി. അതോടെ 55 റൺസിന് പാകിസ്താൻ ഓൾഔട്ടായി. ഇന്ത്യക്കായി പ്രേമ റാവത്തും ശ്രീ ചരണിയും മൂന്ന് വീതം വിക്കറ്റെടുത്തു.