ലിസ്ബൺ: മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പോർച്ചുഗലിൽ നടന്ന പ്രീ സീസണ് സൗഹൃദ മത്സരത്തിനിടെയാണ് കെവിൻ കുഴഞ്ഞുവീണത്. ടോപ് ഡിവിഷൻ ടീമായ എസ്‌ട്രെല ദ ഡ അമദോറയും മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്‌പോർടും തമ്മിലായിരുന്നു മത്സരം. റയൽ സ്‌പോർടിന്റെ താരമായിരുന്നു 25-കാരൻ.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കുഴഞ്ഞുവീണ കെവിന് ഗ്രൗണ്ടിൽവെച്ച് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് മെഡിക്കൽ സംഘം ജീവൻ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു.
താരത്തിന്റെ മരണവാർത്ത ലിസ്ബൺ ഫുട്‌ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പ് പങ്കുവെച്ചു. മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പോർച്ചുഗലിലാണ് ജനിച്ചതെങ്കിലും കെവിൻ വളർന്നത് ഇംഗ്ലണ്ടിനെ നോർഫോക്കിലാണ്. സ്‌പോർട്ടിങ് അക്കാദമിയിലൂടെയാണ് ഫുട്‌ബോൾ കരിയർ തുടങ്ങിയത്.
2021-ൽ ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ബ്രോം ആൽബിയോണിലെത്തി. ആഴ്‌സണലിനെതിരായ കാരബാവോ കപ്പ് മത്സരത്തിലാണ് മധ്യനിര താരത്തിന്റെ അരങ്ങേറ്റം. തുടർന്ന് ബെൽട്ടൺ ആൽബിയോണ്ഡ, ഗേറ്റ്‌സ്‌ഹെഡ്, നോട്ട്‌സ് കൗണ്ടി തുടങ്ങിയ ക്ലബ്ബുകൾക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ചു. 2023-ലാണ് വെസ്റ്റ് ബ്രോം വിടുന്നത്. തുടർന്ന് യോർക്ക് സിറ്റി, ചിപ്പൻഹാം ടൗൺ, ഈസ്റ്റ്‌ബേൺ ബറോ എന്നീ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായും കളിച്ചു. അടുത്തിടെയാണ് പോർച്ചുഗലിലേക്ക് തിരിച്ചെത്തി റയൽ സ്‌പോർട് ക്ലബ്ബിൽ ചേർന്നത്.
കെവിൻ കാസ്‌ട്രോയുടെ മരണം ഞെട്ടലോടെയാണ് കേട്ടതെന്നും അത് തങ്ങളെ സ്തബ്ധരാക്കിയെന്നും വെസ്റ്റ് ബ്രോം അറിയിച്ചു. ഞായാറാഴ്ച ബേൺലിക്കെതിരായ മത്സരത്തിന്റെ 25-ാം മിനിറ്റിൽ താരങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് അദ്ദേഹത്തിന് ആദരമർപ്പിക്കും.
Content Highlights: Former West Brom midfielder Quevin Castro passes away at the age of 25., He collapsed during a pre-season friendly match in Portugal., West Brom plans a minute of applause in the 25th minute against Burnley., Castro previously played for English clubs including Burton Albion, York City, and Notts County.
Published: 24 Aug 2026, 11:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented