ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകൾക്കുള്ളിൽ ഇതുവരെ അറിയപ്പെടാത്ത ഒരു എൻസൈം സിസ്റ്റം തങ്ങളുടെ ക്ലോഡ് എഐ കണ്ടെത്തിയതായി ആന്ത്രോപിക്. ലോകത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ജീൻ എഡിറ്റിങ് ടൂളായ ക്രിസ്പറുമായി (CRISPR) ഇതിന് വലിയ സാദൃശ്യമുള്ളതായും ആന്ത്രോപിക് പറയുന്നു. അറേ-അസോസിയേറ്റഡ് റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേസ് അഥവാ എആർടി (ART) എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞർ നൽകിയ ഒരു ലളിതമായ നിർദ്ദേശത്തെ തുടർന്ന് ക്ലോഡ് ആണ് ഇതിന്റെ ഭൂരിഭാഗം ജോലികളും ചെയ്തതെന്നും കമ്പനി അവകാശപ്പെടുന്നു.

To advertise here,

ഈ വർഷം പ്രവർത്തനം തുടങ്ങിയ ആന്ത്രോപിക്കിന്റെ പുതിയ ലൈഫ് സയൻസസ് റിസർച്ച് ഗ്രൂപ്പിന്റെയും വെറ്റ് ലാബിന്റെയും ആദ്യ മുന്നേറ്റമാണിത്. എആർടിയുടെ പ്രവർത്തനം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൃത്യമായ പ്രവർത്തനവും ബയോടെക്‌നോളജിയിലെ ഉപയോഗവും പ്രാധാന്യവും ഇതുവരെ വ്യക്തമല്ലെന്ന് സിഇഒ ഡാരിയോ അമോദെയി എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ക്രിസ്പറിന് സമാനമായ രീതിയിലാകാം എആർടി പ്രവർത്തിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ പ്രവർത്തനം സ്ഥിരീകരിക്കുന്നതിനുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. ഇതിന്റെ പ്രീ-പ്രിന്റ് ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

ക്രിസ്പർ ജീനോം എഡിറ്റിങ്ങിന്റെ മുൻനിരക്കാരിൽ ഒരാളും എംഐടിയിലും ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ഫെങ് ഴാങ് പ്രീ-പ്രിന്റ് അവലോകനം ചെയ്തിട്ടുണ്ട്. ആർഎൻഎ-റിപ്പീറ്റ് അറേകൾ കൗതുകകരവും കൂടുതൽ അന്വേഷണത്തിന് അർഹവുമാണെന്ന് അദ്ദേഹം പറയുന്നു.

950-ലധികം ക്ലോഡ് ഏജന്റുകൾ 21 മണിക്കൂർ

ഏകദേശം 950 ക്ലോഡ് ഏജന്റുകൾ 21 മണിക്കൂർ ചെലവഴിച്ചാണ് വലിയൊരു ഡിഎൻഎ ഡാറ്റാബേസ് പരിശോധിച്ചത്. ഇതിനായി അവർ 21 കോടി ടോക്കണുകൾ ഉപയോഗിച്ചു. അവർ 200,000-ത്തിലധികം ആർടികൾ ശേഖരിക്കുകയും, 3,500 പുതിയ സാധ്യതാ സംവിധാനങ്ങൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതിൽ നിന്ന് 20 എണ്ണം തിരഞ്ഞെടുത്ത് മനുഷ്യരുടെ പരിശോധനയ്ക്കായി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വിശകലനത്തിന് ഒരു വിദഗ്ദ്ധനായ ശാസ്ത്രജ്ഞന് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം എന്ന് കമ്പനി പറയുന്നു.