
യുഎസിൽ സജീവമായ എല്ലാ ട്രംപ് അക്കൗണ്ടുകളിലേക്കും സ്പെയ്സ് എക്സിന്റെ ക്ലാസ് എ വിഭാഗത്തിലുള്ള ഓരോ ഓഹരി വീതം സംഭാവന നൽകുമെന്ന് കമ്പനി. ഈ ഓഹരിക്ക് തുല്യമായ തുക കമ്പനി സിഇഒ ഇലോൺ മസ്ക് വ്യക്തിപരമായും സംഭാവന ചെയ്യും. ബുധനാഴ്ചയാണ് സ്പെയ്സ് എക്സ് ഇക്കാര്യം അറിയിച്ചത്.
"ഭാവിയുടെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുകയും മനുഷ്യജീവിതത്തെ ഒന്നിലധികം ഗ്രഹങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയാണ് സ്പെയ്സ് എക്സ്. ഈ സംവിധാനങ്ങൾ സൃഷ്ടിക്കുന്ന കമ്പനിയുടെ ഉടമസ്ഥാവകാശം അടുത്ത തലമുറയിലെ അമേരിക്കക്കാർക്കും ലഭിക്കണമെന്നാണ് ഞങ്ങളുടെ വിശ്വാസം. അത് അവരുടെ ദീർഘകാല നേട്ടത്തിന് സഹായകമാകും" -കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സ്പെയ്സ് എക്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഗ്വിൻ ഷോട്ട്വെൽ (Gwynne Shotwell) നേരത്തേ 20 ലക്ഷത്തിലധികം സ്പെയ്സ് എക്സ് ഓഹരികൾ ട്രംപ് അക്കൗണ്ടുകളിലേക്ക് വ്യക്തിപരമായി സംഭാവന ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. അർഹരായ അക്കൗണ്ട് ഉടമകൾക്ക് ഈ ഓഹരികൾ ഡിസംബറിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും അടുത്ത വർഷം സ്പെയ്സ് എക്സിന്റെ ഓരോ ഓഹരി വീതം നൽകുമെന്ന് ഇലോൺ മസ്ക് എക്സിലൂടെ പ്രഖ്യാപിച്ചിരുന്നു.
എന്താണ് ട്രംപ് അക്കൗണ്ടുകൾ?
കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനായി രണ്ടാം ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഒരു നിക്ഷേപ പദ്ധതിയാണ് 'ട്രംപ് അക്കൗണ്ടുകൾ'.
കഴിഞ്ഞ ഒക്ടോബറിൽ ഏകദേശം ഏഴുകോടി ട്രംപ് അക്കൗണ്ടുകൾ ആരംഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. എന്നാൽ, ഇവയിൽ എത്രയെണ്ണമാണ് നിലവിൽ സജീവമായിട്ടുള്ളതെന്ന് വ്യക്തമല്ല. 530A അക്കൗണ്ടുകൾ എന്നും അറിയപ്പെടുന്ന ട്രംപ് അക്കൗണ്ടുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പറുള്ള 18 വയസ്സിൽ താഴെയുള്ള എല്ലാ അമേരിക്കൻ കുട്ടികൾക്കും ലഭ്യമാണ്.
പ്രാരംഭ നിക്ഷേപമായി സർക്കാർ നേരിട്ട് 1,000 ഡോളർ ഈ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇതിന് പുറമെ രക്ഷിതാക്കൾ, നിയമപരമായ രക്ഷാകർത്താക്കൾ, മുത്തശ്ശന്മാർ, മുത്തശ്ശിമാർ തുടങ്ങിയവർക്ക് ഒരു കുട്ടിയുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം പരമാവധി 5,000 ഡോളർ വരെ നിക്ഷേപിക്കാം. നികുതി അടച്ച ശേഷമുള്ള വരുമാനത്തിൽനിന്നുള്ള തുകയായിരിക്കണം ഇത്. അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുന്നതിന് തൊട്ടുമുമ്പുള്ള വർഷം വരെയാണ് ഈ നിക്ഷേപം അനുവദിച്ചിട്ടുള്ളത്.
18 വയസ് പൂർത്തിയായതിന് ശേഷം പഠനാവശ്യങ്ങൾക്കും വീടുവാങ്ങുന്നതിനും ചെറുകിട ബിസിനസ് ആരംഭിക്കുന്നതിനുമെല്ലാം ഈ പണം വിനിയോഗിക്കാം.
Content Highlights: SpaceX announced that it will donate one Class A share to every active Trump Account in the United States, with CEO Elon Musk matching the contribution personally. Trump Accounts, also known as 530A accounts, are investment accounts for American children under 18 with a Social Security number, and eligible holders are expected to receive the shares in December.
Published: 26 Nov 2026, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented