മലയിൽകീഴ്: എന്തോ പന്തികേട് തോന്നിയിട്ടാണ് അഭിജിത്തിന്റെ കുഞ്ഞമ്മ ജസീന്ത ക്രിസ്റ്റിയും കുഞ്ഞും ഉറങ്ങിയിരുന്ന വാതിലിൽ ശക്തിയായി ഇടിക്കുകയും വിളിക്കുകയും ചെയ്തുകൊണ്ടിരുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വാതിൽ തുറന്ന ക്രിസ്റ്റി ഒറ്റ കാര്യമേ പറഞ്ഞുള്ളൂ, 'ഞാൻ എന്റെ കുഞ്ഞിനെ കൊന്നു.' അലറിക്കരഞ്ഞുകൊണ്ട് കുഞ്ഞ് അന്നയേയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടിയത് മാത്രമേ ജസീന്തയ്ക്ക് ഓർമയുള്ളൂ. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. പക്ഷേ ആരുടേയും ശ്രമങ്ങൾ ഫലംകണ്ടില്ല, അമ്മ കഴുത്തറുത്ത ആ ഒരുവയസുകാരി എന്നെന്നേക്കുമായി കണ്ണടച്ചു.

To advertise here,

തിരുവനന്തപുരം മലയിൽകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ, ഒറ്റയിൽ ആശുപത്രിക്ക് സമീപം ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് ദാരുണമായി സംഭവം നടന്നത്. വിളവൂർക്കൽ സ്വദേശികളായ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ, ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള അന്ന എന്ന പെൺകുഞ്ഞാണ് മരിച്ചത്. അമ്മ ക്രിസ്റ്റി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ കുറേ നാളുകളായി സ്വന്തം വീട്ടിലായിരുന്ന ക്രിസ്റ്റി കഴിഞ്ഞദിവസമാണ് കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്. ഇന്ന് അഭിജിത്തിന്റേയും ക്രസ്റ്റിയുടേയും നാലാം വിവാഹ വാർഷികമായിരുന്നു. ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ദാമ്പത്യപ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി അറിയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതേസമയം, ക്രിസ്റ്റിയോട് പ്രാഥമികമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതിൽനിന്നും അഭിജിത്തിന് ക്രിസ്റ്റിയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ക്രിസ്റ്റിയുടെ ഉദ്ദേശ്യം.

എന്നാൽ ഇതേ വീട്ടിൽ തന്നെ താമസിക്കുന്ന അഭിജിത്തിന്റെ കുഞ്ഞമ്മ ജസീന്തയുടെ ഇടപെടലാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. 'സാധാരണയായി ഉച്ചഭക്ഷണം കഴിഞ്ഞാൽ അമ്മയും മോളും ഉറങ്ങാൻ കിടക്കാറുണ്ട്. മൂന്നുമണിയൊക്കെ ആകുമ്പോഴേക്കും കുഞ്ഞ് ഉണരും, കളിയും ബഹളവും വാതിലിന് പുറത്തേക്ക് കേൾക്കാം. എന്നാൽ ഇന്ന് നാലുമണിയായിട്ടും കുഞ്ഞിന്റെ അനക്കമൊന്നും കേൾക്കാതായതോടെയാണ് ഞാൻ വാതിൽ തട്ടിവിളിച്ചത്. കുറേനേരം തട്ടിയിട്ടാണ് വാതിൽ തുറന്നത്. നേക്കിയപ്പോൾ കുഞ്ഞ് തറയിൽ കിടക്കുകയായിരുന്നു, അനക്കമൊന്നും ഉണ്ടായിരുന്നില്ല..' ജസീന്ത പറയുന്നു.

'കുഞ്ഞിന് യാതൊരുതരത്തിലുള്ള അനക്കവും ഉണ്ടായിരുന്നില്ല. എന്തോ വല്ലായ്കതോന്നി. പേടിച്ചാണ് കുഞ്ഞിനെന്താ പറ്റിയത് എന്ന് ചോദിച്ചത്.. അപ്പോൾ, 'എന്റെ കുഞ്ഞിനെ ഞാൻ കൊന്നു' എന്നാണ് ക്രിസ്റ്റി മറുപടി പറഞ്ഞത്. ഉടൻതന്നെ കുഞ്ഞിനെയും വാരിയെടുത്ത് ഞാൻ പുറത്തേക്കോടി, വെപ്രാളത്തിൽ എന്തുചെയ്യണമെന്ന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. വലിയവായിൽ നിലവിളിച്ചു. ആരെയൊക്കെയോ സഹായത്തിന് വിളിച്ചു. ആരൊക്കെയോ ഓടിവന്നു, എന്തൊക്കെയോ ചെയ്തു, പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.' കരച്ചിലടക്കാനാവാതെ ജസീന്ത പറയുന്നു.

ജസീന്തയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിക്കൂടിയത്. ഉടൻതന്നെ എല്ലാവരുംചേർന്ന് കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ അവിടെനിന്നും 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും വീടിനകത്ത് രണ്ട് പട്ടികൾ ഉണ്ടായിരുന്നതിനാലും വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാലും അകത്തേക്ക് കയറാൻ സാധിച്ചിരുന്നില്ല.

പിന്നീട് ബന്ധുക്കൾ എത്തിയ ശേഷമാണ് വീട് തുറന്ന് പോലീസ് അകത്തുകയറി കൊലപാതകം നടന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയത്. കസ്റ്റഡിയിലുള്ള അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അഭിജിത്തും ക്രിസ്റ്റിയും തമ്മിലുള്ള തർക്കങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ഈ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.