ധുനികലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. തൊഴിൽമേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുന്നത് മുതൽ ശാസ്ത്ര ഗവേഷണങ്ങളിൽ വരെ എഐ വിപ്ലവം സൃഷ്ടിക്കുന്നു. എഐ പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകുമ്പോഴും, ഈ സാങ്കേതികവിദ്യ പരിമിതമായ വിഭവങ്ങളുള്ള ഭൂമിക്ക് വലിയൊരു ഭാരമായി മാറുന്നുണ്ടോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. ഈ 'ഡിജിറ്റൽ സ്വർണവേട്ട'യുടെ മറുവശത്ത് പ്രകൃതി വിഭവങ്ങൾക്കുമേൽ എഐ സൃഷ്ടിക്കുന്ന ആഘാതങ്ങൾ പലപ്പോഴും മറച്ചുവെക്കപ്പെടുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻപീസ് പോലുള്ള സംഘടനകൾ എഐ കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യ പരിസ്ഥിതിക്ക് ഗുണകരമാണെന്ന് അവകാശപ്പെടുമ്പോഴും അത് ശരിയാണെന്ന് തെളിയിക്കാനുള്ള കൃത്യമായ രേഖകൾ പലപ്പോഴും നൽകുന്നില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എഐ പ്രകൃതിയ്ക്കുമേൽ വരുത്തുന്ന പ്രതിസന്ധികളെ മറികടക്കാൻ അടിയന്തരമായ ഇടപെടലുകൾ ആവശ്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെയാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്ന ഈ അടിയന്തര സാഹചര്യങ്ങൾ?

To advertise here,

ഊർജ ഉപഭോഗവും ഡാറ്റാ സെന്ററുകളും

എഐ സാങ്കേതികവിദ്യയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന 'ഡാറ്റാ സെന്ററുകൾ' പ്രവർത്തിക്കാൻ ഭീമമായ അളവിൽ വൈദ്യുതി ആവശ്യമാണ്. 2030-ഓടെ ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകൾ പ്രതിവർഷം 945 ടെറാവാട്ട്-അവർ വൈദ്യുതി ഉപയോഗിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് പാകിസ്താൻ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഉപയോഗിക്കുന്ന ആകെ വൈദ്യുതിയുടെ മൂന്നിരട്ടിയാണ്. 2022-ൽ മാത്രം ഡാറ്റാ സെന്ററുകളുടെ ആഗോള ഊർജ ഉപഭോഗം 460 ടെറാവാട്ട്-അവർ ആയിരുന്നു. 2026-ഓടെ ഇത് 1050 ടെറാവാട്ട്-അവർ ആയി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് (UNU-INWEH) 2026-ൽ പുറത്തിറക്കിയ "Environmental Cost of AI's Energy Use: Carbon, Water and Land Footprints" എന്ന പഠന റിപ്പോർട്ട് പ്രകാരം, എഐയുടെ പാരിസ്ഥിതിക ആഘാതം ഊർജ ഉപഭോഗം മാത്രമല്ല, ആ ഊർജം എവിടെനിന്ന് എങ്ങനെ ഉൽപ്പാദിപ്പിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പല ഡാറ്റാ സെന്ററുകളും ഇന്നും കൽക്കരി, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, ഇത് അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളാൻ കാരണമാകുന്നു. ഉദാഹരണത്തിന്, ഒരൊറ്റ വലിയ എഐ മോഡൽ പരിശീലിപ്പിക്കുന്നതിന് ഒരു ശരാശരി അമേരിക്കൻ കാർ അതിന്റെ ആയുസ്സ് മുഴുവൻ പുറത്തുവിടുന്നതിനേക്കാൾ അഞ്ചിരട്ടി അധികം കാർബൺ മലിനീകരണം ഉണ്ടാക്കുന്നു.

ജലക്ഷാമവും എഐയും

വൈദ്യുതി ഉപഭോഗം പോലെ തന്നെ ഗൗരവകരമാണ് എഐ മൂലമുണ്ടാകുന്ന ജലക്ഷാമം. ഡാറ്റാ സെന്ററുകളിലെ സെർവറുകൾ അമിതമായി ചൂടാകാതിരിക്കാൻ വലിയ അളവിൽ വെള്ളം ഉപയോഗിച്ച് അവ തണുപ്പിക്കേണ്ടതുണ്ട്. ഒരു കിലോവാട്ട്-അവർ ഊർജം ഉപയോഗിക്കുന്ന ഡാറ്റാ സെന്റർ ശരാശരി രണ്ട് ലിറ്റർ വെള്ളം തണുപ്പിക്കാനായി ഉപയോഗിക്കുന്നു. മുകളിൽ സൂചിപ്പിച്ച UNU-INWEH പഠനം നൽകുന്ന ഞെട്ടിക്കുന്ന ഒരു വിവരം, 2030-ഓടെ എഐയുമായി ബന്ധപ്പെട്ട ജല ഉപഭോഗം ഏകദേശം 1.3 ബില്യൺ (130 കോടി) ആളുകളുടെ അടിസ്ഥാന വാർഷിക ജല ആവശ്യത്തിന് തുല്യമായിരിക്കും എന്നതാണ്.

പലയിടങ്ങളിലും കുടിവെള്ള സ്രോതസ്സുകളിൽ നിന്നാണ് ഡാറ്റാ സെന്ററുകൾക്കായി വെള്ളം മാറ്റുന്നത്, ഇത് പ്രാദേശികമായി വലിയ ജലക്ഷാമത്തിന് കാരണമാകുന്നു. 2022-ന് ശേഷം നിർമിച്ച പകുതിയോളം ഡാറ്റാ സെന്ററുകളും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണെന്നത് ഈ ഭീഷണി വർധിപ്പിക്കുന്നു.

ഭൂമിയും ഇ-മാലിന്യങ്ങളും

എഐയുടെ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കായി വലിയ ഭൂപ്രദേശങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു. 2030-ഓടെ എഐ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി ഏകദേശം 14,500 ചതുരശ്ര കിലോമീറ്റർ കവിയുമെന്ന് കരുതപ്പെടുന്നു. ഇതിനുപുറമെ, എഐ ഹാർഡ്‌വെയറുകളുടെ നിർമാണത്തിനായി കോപ്പർ (ചെമ്പ്) പോലെയുള്ള ധാതുക്കൾ ഖനനം ചെയ്യുന്നത് പ്രകൃതിദത്തമായ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നു.

മറ്റൊരു പ്രധാന വെല്ലുവിളി ഇലക്ട്രോണിക് മാലിന്യങ്ങൾ അഥവാ ഇ-മാലിന്യങ്ങളാണ്. 2030-ഓടെ എഐ അടിസ്ഥാന സൗകര്യങ്ങളിൽനിന്ന് മാത്രം പ്രതിവർഷം 2.5 ദശലക്ഷം ടൺ ഇ-മാലിന്യങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെർക്കുറി, ലെഡ് തുടങ്ങിയ വിഷാംശങ്ങൾ അടങ്ങിയ ഈ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാനുള്ള സംവിധാനം പല രാജ്യങ്ങൾക്കുമില്ല. ഇത് വായുവും മണ്ണും മലിനമാകാൻ കാരണമാകും.

ദൈനംദിന ഉപയോഗത്തിന്റെ ആഘാതം

പലപ്പോഴും എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടക്കാറുള്ളതെങ്കിലും, ആകെ ഊർജ ഉപഭോഗത്തിന്റെ 80 മുതൽ 90 ശതമാനം വരെയും നടക്കുന്നത് എഐയുടെ ദൈനംദിന ഉപയോഗത്തിലൂടെയാണ്. ഒരു തവണ ചാറ്റ്ജിപിറ്റി ഉപയോഗിച്ച് മറുപടി തേടുന്നത് ഒരു സാധാരണ ഗൂഗിൾ സെർച്ചിനേക്കാൾ അഞ്ചിരട്ടി അധികം വൈദ്യുതി ചെലവാക്കുന്നു. എഐ ഉപയോഗിച്ച് ഒരു ചിത്രം നിർമിക്കാൻ ഒരു മൊബൈൽ ഫോൺ ഫുൾ ചാർജ് ചെയ്യാൻ ആവശ്യമായ അത്രയും ഊർജം ആവശ്യമാണ്. വീഡിയോകൾ നിർമിക്കാൻ ഇതിലും വലിയ തോതിൽ ഊർജം ആവശ്യമായി വരുന്നു.

സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ

എഐയുടെ പാരിസ്ഥിതിക ആഘാതങ്ങൾ ലോകമെമ്പാടും തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. എഐയുടെ സാമ്പത്തിക ലാഭം അമേരിക്കയും ചൈനയും പോലുള്ള സമ്പന്ന രാജ്യങ്ങളിൽ ഒതുങ്ങുമ്പോൾ, അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് അവികസിത, വികസ്വര രാജ്യങ്ങളാണ്. ലോകത്തിലെ 150-ലധികം രാജ്യങ്ങൾക്ക് സ്വന്തമായി മികച്ച എഐ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും, ഈ സാങ്കേതികവിദ്യയുടെ ആഗോള ആഘാതങ്ങളിൽ അവർ പങ്കാളികളാകേണ്ടി വരുന്നുണ്ട്.

Responsible AI Ecosystem, അഥവാ ഉത്തരവാദിത്തത്തോടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സാങ്കേതിക അന്തരീക്ഷം എന്ന ആശയമാണ് UNU പഠനം മുന്നോട്ട് വെക്കുന്നത്

ഇതിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്;

  • സുതാര്യത: കമ്പനികൾ തങ്ങൾ എത്രത്തോളം വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നു എന്ന് വ്യക്തമായി വെളിപ്പെടുത്തണം.
  • കാര്യക്ഷമമായ രൂപകൽപ്പന: കുറഞ്ഞ ഊർജം ഉപയോഗിക്കുന്ന രീതിയിൽ എഐ മോഡലുകൾ നിർമിക്കണം.
  • പുനരുപയോഗ ഊർജം: ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ സോളാർ, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കണം.
  • ഉപയോക്താക്കളുടെ പങ്ക്: എല്ലാ കാര്യങ്ങൾക്കും എഐ ഉപയോഗിക്കുന്നതിന് പകരം ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണം.
  • വിദ്യാഭ്യാസ മേഖല: നമ്മുടെ വിദ്യാഭ്യാസ മേഖലയിലും എഐയുടെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമായി കുട്ടികളെ ഈ കാര്യങ്ങൾ പഠിപ്പിക്കണമെന്ന് നാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ നിർദേശിക്കുന്നു.

എന്നിരുന്നാലും സാങ്കേതികവിദ്യയിൽ ഓരോ നിമിഷവും പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുന്ന ഈ കാലത്ത് എഐയെ പൂർണമായും തള്ളിക്കളയാനാവില്ല. ആമസോൺ വനങ്ങളിലെ അനധികൃത മരംവെട്ട് തടയാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ നടത്താനും എഐ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എഐ ഒരു ‘ഇരുതല മൂർച്ചയുള്ള വാളാണ്’. കാർബൺ ടാക്സ് ഏർപ്പെടുത്തുന്നതിലൂടെ കമ്പനികളെ കൂടുതൽ ഊർജക്ഷമതയുള്ള എഐ മോഡലുകൾ വികസിപ്പിക്കാൻ പ്രേരിപ്പിക്കാമെന്ന് ഗവേഷകർ പ്രത്യാശിക്കുന്നു.

സാങ്കേതിക പുരോഗതിയും പ്രകൃതി സംരക്ഷണവും തമ്മിൽ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. സുതാര്യമായ പ്രവർത്തനങ്ങൾ, ഡാറ്റാ സെന്ററുകളുടെ നിർമാണത്തിൽ നിയന്ത്രണങ്ങൾ, ജലം കുറഞ്ഞ അളവിൽ ഉപയോഗിക്കുന്ന കൂളിങ് രീതികൾ, ഇ-മാലിന്യങ്ങളുടെ ശരിയായ സംസ്കരണം എന്നിവയിലൂടെ മാത്രമേ എഐയെ ഒരു പരിസ്ഥിതി സൗഹൃദ ശക്തിയായി മാറ്റാൻ കഴിയൂ. ഡിജിറ്റൽ ലോകത്തിന്റെ വളർച്ച ഭൂമിയുടെ ശവപ്പറമ്പിലാകരുത്. ഭാവിയെ സുരക്ഷിതമാക്കാൻ സാങ്കേതിക വിദ്യയെക്കാൾ വലിയൊരു ഹൃദയവും വിവേകവും നമുക്ക് ആവശ്യമാണ്.