കാൻസർ ബാധിതയായി ചികിത്സയിലിരിക്കുന്ന സോഷ്യൽ മീഡിയ താരം രേണു സുധിയുടെ ആരോഗ്യനില മോശമാണെന്ന് റിയാലിറ്റി ഷോ താരം ശാരിക കെ.ബി. അഞ്ചാമത്തെ കീമോ പൂർത്തിയാക്കിയ രേണുവിനെ കോട്ടയം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലിൽ ശാരിക അറിയിച്ചു. അഞ്ചാമത്തെ കീമോയ്ക്കായി ആശുപത്രിയിൽ പോവുന്ന വീഡിയോ രേണു സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു.

To advertise here,

'എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ മോശമാണ്. വളരെ ഗുരുതരമാണ്. ഇന്നലെ രാത്രി പ്ലേറ്റ്‌ലെറ്റ്‌സ് കൗണ്ട് വല്ലാതെ കുറഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്', ശാരിക പറയുന്നു.

'രേണുവിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് അവരുടെ ചേച്ചി എന്നെ വിളിച്ചു പറഞ്ഞത്. ഇന്ന് വൈകുന്നേരമാണ് ഞാൻ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാർഥിക്കണമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്', അവർ അറിയിച്ചു.

'അഞ്ചോളം കീമോകൾ ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പത്തുദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച്, പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവൾ പത്തുദിവസം കിടക്കും, പിന്നെ ചാടിയെഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞും അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ആഹാരം കഴിക്കാൻ പറ്റിയില്ല. അങ്ങനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇനിയൊരു കീമോ താങ്ങാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്', ശാരിക പറഞ്ഞു.

'ഇതുവരെ ചെയ്തിരിക്കുന്നത് വളരെ കടുപ്പമേറിയ കീമോയാണ്. ഇപ്പോൾ ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്', അവർ കൂട്ടിച്ചേർത്തു.