ബെംഗളൂരു: അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിൽ വ്യാജമരുന്നുകൾ തയ്യാറാക്കി വിപണനം ചെയ്തുവന്ന കേന്ദ്രം ബെംഗളൂരുവിൽ കണ്ടെത്തി. ഇവിടെ കർണാടക ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഞ്ചുകോടി രൂപയുടെ മരുന്ന് പിടിച്ചെടുത്തു.
മൈസൂരു റോഡിലെ ബിഡദി കുറുബരകരേനഹള്ളിയിലുള്ള ഫാം ഹൗസിലാണ് അനധികൃത മരുന്നുതയ്യാറാക്കൽ കേന്ദ്രം പ്രവർത്തിച്ചുവന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് വിലകുറഞ്ഞ മരുന്നുകളെത്തിച്ച് അന്താരാഷ്ട്ര മരുന്നു കമ്പനികളുടെ കുപ്പികളിലാക്കിയും ലേബലുകളൊട്ടിച്ചും അനധികൃതമായി വിപണനം ചെയ്തുവരുകയായിരുന്നു.
പ്രശസ്തമായ അമേരിക്കൻ മരുന്നുകമ്പനിയിൽനിന്ന് ഇറക്കുമതി ചെയ്ത മരുന്നുകളാണെന്നു പറഞ്ഞും വിൽപ്പന നടത്തി. മരുന്നുകളിൽ മിക്കവയും ഉപയോഗിക്കാൻ കൊള്ളാവുന്നതായിരുന്നില്ല. തെറ്റായതും ആരോഗ്യത്തിന് ഹാനികരമായതുമായ അസംസ്കൃത വസ്തുക്കൾ ചേർത്തുണ്ടാക്കിയതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കുത്തിവെപ്പിനുള്ള മരുന്നുകളുൾപ്പെടെ പിടിച്ചെടുത്തവയിൽ പെടുന്നു. മരുന്നുപായ്ക്കറ്റുകളിലുണ്ടായിരുന്ന സ്കാനിങ് കോഡുകൾ പ്രവർത്തിക്കുന്നവയായിരുന്നില്ല. പിടിച്ചെടുത്തതിൽ 35 ലക്ഷം രൂപയുടെ മരുന്നുകൾ കാലാവധി കഴിഞ്ഞവയാണ്.
ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വികുപ്പുമന്ത്രി യു.ടി. ഖാദർ പത്രസമ്മേളനം വിളിച്ചാണ് പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ടത്. കേന്ദ്രം നടത്തിവന്നത് ആരായിരുന്നെന്ന കാര്യം വെളിപ്പെടുത്തിയില്ല. മരുന്നുകളുടെ ഉറവിടം അന്വേഷിച്ചുവരുകയാണെന്ന് പറഞ്ഞു.
തവരകെരെ പോലീസിൽ പരാതി നൽകിയെന്നും പിടിച്ചെടുത്ത മരുന്നുകൾ ബെംഗളൂരു സൗത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. പ്രഭുദേവ് ഗൗഡയാണ് അറസ്റ്റിലായത്.
കേസന്വേഷണത്തിന് എസ്.ഐ.ടി.
ബെംഗളൂരുവിലെ വ്യാജമരുന്നുകേന്ദ്രത്തെപ്പറ്റി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നൽകാൻ ആഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവരങ്ങൾ കൈമാറും. മരുന്നുകൾ കടത്തിയവരെപ്പറ്റിയും ഇടനിലക്കാരെപ്പറ്റിയും അന്വേഷിക്കും.
Content Highlights: Karnataka food safety and drug administration officials raided a farmhouse in Bidadi, Bengaluru. Fake medicines worth Rs 5 crore bearing names of international pharmaceutical companies were seized. Expired medicines worth Rs 35 lakh and unsafe raw materials were found at the illegal manufacturing unit. One employee named Prabhudeva Gowda was arrested, and a SIT probe has been ordered.
Published: 20 Aug 2026, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented