
പ്രതീകാത്മകചിത്രം | പഹൽഗാമിൽ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യത്തെ വിന്യസിച്ചപ്പോൾ | Photo: AP
ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് (BRICS) ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിൽ 26 പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ബ്രിക്‌സ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. ഏതു സാഹചര്യത്തിലായാലും ഏതു ലക്ഷ്യത്തോടെയായാലും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും കുറ്റകൃത്യമായി കാണുമെന്നും അതിനെതിരെ പോരാടുമെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ടത്താപ്പുകൾ ഒഴിവാക്കണമെന്നും 'സീറോ ടോളറൻസ്' നിലപാട് സ്വീകരിക്കണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരവാദം, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, സുരക്ഷിത താവളങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് നിർദ്ദേശിച്ച പ്രഖ്യാപനത്തിൽ ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ വംശവുമായോ ദേശീയതയുമായോ നാഗരികതയുമായോ ബന്ധപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി.
യുഎൻ അംഗീകരിച്ച എല്ലാ ഭീകരവാദികൾക്കും ഭീകര സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെയുള്ള സമഗ്ര കൺവെൻഷൻ (CCIT) യുഎൻ ചട്ടക്കൂടിൽ അടിയന്തരമായി പൂർത്തിയാക്കണമെന്നും പ്രഖ്യാപനത്തിൽ ആഹ്വാനം ചെയ്തു.
Also Read : 'ന്യൂഡൽഹി പ്രഖ്യാപനം' ഐക്യകണ്‌ഠേന അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയുടെ ആദ്യദിനത്തിൽതന്നെ ന്യൂഡൽഹി പ്രഖ്യാപനം എന്ന് അറിയപ്പെടുന്ന സംയുക്ത പ്രഖ്യാപനം ഐക്യകണ്‌ഠേന പാസാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. യാതൊരു എതിർപ്പുകളുമില്ലാതെയാണ് പ്രഖ്യാപനം അംഗീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബ്രിക്‌സിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ സ്മരണാർത്ഥം രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകളും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
രാജ്യങ്ങളുടെ പേര് പരാമർശിക്കാതെ എന്നാൽ റഷ്യ- യുക്രൈൻ യുദ്ധത്തെയും യുഎസ്- ഇറാൻ യുദ്ധത്തെയും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈനിക സംഘർഷങ്ങൾ നടക്കുന്ന സമയത്ത് പോലും ആണവ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കപ്പെടണമെന്നും ജനവാസ മേഖലകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും മാനുഷിക സഹായങ്ങൾ തടസ്സപ്പെടുത്തുന്നതും അവസാനിപ്പിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്ക് നിരക്കാത്ത ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങളെയും വ്യാപാര തടസ്സങ്ങളെയും പ്രഖ്യാപനം ശക്തമായി അപലപിച്ചു. യുഎസ് മറ്റ് രാജ്യങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾക്കും താരിഫുകൾക്കുമെതിരായ വിമർശനമാണ് പ്രഖ്യാപനത്തിൽ ഉള്ളത്.
അംഗരാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനും കുറഞ്ഞ ചെലവിൽ അതിർത്തി കടന്നുള്ള പണമടവ് സാധ്യമാക്കുന്നതിനുമുള്ള ബ്രിക്‌സ് പേയ്മെന്റ് ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനമായി.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തുടങ്ങിയ പ്രമുഖ ആഗോള നേതാക്കൾ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു.
Content Highlights: Brics countries strongly condemned the pahalgam attack, emphasizing zero tolerance for terrorism and urging comprehensive action against cross-border terrorism and financial support.
Published: 12 Sept 2026, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented