ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) പുറപ്പെടുവിച്ച ഈ ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ മേഖലയിലെ കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുത്.

To advertise here,

ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് (RPSL) കമ്പനികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മാരിടൈം ഡൊമെയ്ൻ അവയർനസ് സെന്ററുമായി ബന്ധപ്പെടാനും അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശമുണ്ട്.

‘എക്‌സി’ലൂടെയാണ് മാരിടൈം റെഗുലേറ്റർ ഈ വിവരം അറിയിച്ചത്. ഗൾഫ് മേഖലയിലെ അതീവ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് ഈ നിർദ്ദേശമെന്ന് അധികൃതർ വ്യക്തമാക്കി. വർധിച്ചു വരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

'ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, 2026-ലെ ഡിജിഎംഎ സർക്കുലർ നമ്പർ 36 വഴി, ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ മറു ഉത്തരവുണ്ടാകുന്നത് വരെ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കാൻ കപ്പലുടമകൾക്കും ഷിപ്പ് മാനേജർമാർക്കും ആർപിഎസ്എൽ (റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് ഓഫ് സീഫെയറേഴ്സ് ലൈസൻസ്) കമ്പനികൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) നിർദ്ദേശം നൽകിയിട്ടുണ്ട്.' അവർ ‘എക്‌സി’ൽ കുറിച്ചു.

പ്രധാന മുൻകരുതൽ നടപടികൾ വിശദീകരിച്ചുകൊണ്ടാണ്, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ടവരോട് ഡിജിഎംഎ നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഇതിന് സമീപമുള്ള മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഷിപ്പിങ് കമ്പനികൾ നാവിക മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അന്താരാഷ്ട്ര കപ്പൽ-തുറമുഖ സുരക്ഷാ (ISPS) കോഡ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ റിപ്പോർട്ടിങ്ങിനും സഹായത്തിനുമായി ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ ഇന്ത്യൻ ഓഷ്യൻ റീജിയൻ (IFC-IOR), ഡിജി കമ്മ്യൂണിക്കേഷൻ സെന്റർ (MMDAC) എന്നിവയുമായി ഉടൻ ബന്ധപ്പെടാൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും റെഗുലേറ്റർ അറിയിച്ചു.

യുഎഇ പതാകയുള്ള എംടി അൽ ബഹിയ, എംടി മൊംബാസ എന്നീ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഡിജിഎംഎയുടെ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. ഈ കപ്പലുകൾ നാവിക മുന്നറിയിപ്പുകൾ അവഗണിച്ചെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമാണ് ഇറാൻ ആരോപിക്കുന്നത്. ഈ ആക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇന്ത്യ ശക്തമായി അപലപിച്ചു.

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 'നാവികരെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങളെയും അക്രമ പ്രവർത്തനങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു, കൂടാതെ ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയും ഞങ്ങൾ അപലപിക്കുന്നു'. പ്രസ്താവനയിൽ പറയുന്നു.

'ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ  രാവിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി, ഈ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു'. പ്രസ്താവനയിൽ വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു. യുഎസ് ഇറാനിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിത്തുടങ്ങിയതോടെ ഗൾഫിലെ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയാണ് ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത്.